വൈദ്യുതി ഉല്‍പാദന രംഗത്തേക്ക് ജലഅതോറിറ്റിയും

യഥാസമയം വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കാതെ കുടിശിക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജല അതോറിറ്റി സ്വയംപര്യാപ്തതയിലൂടെ പ്രവര്‍ത്തനച്ചെലവ് കുറച്ച് സൗരോര്‍ജ വൈദ്യുതി ഉല്‍പാദന രംഗത്തേക്ക്. അതോറിറ്റിയുടെ കൈവശമുള്ള സ്ഥലങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് വരികയാണ്. മാസം 23 കോടി രൂപയാണ് ജല അതോറിറ്റി വൈദ്യുതിനിരക്കായി കെ എസ് ഇ ബിക്ക് നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ മൂങ്കില്‍മടയില്‍ ജലവിഭവവകുപ്പിന്റെ 36 ഏക്കര്‍ സ്ഥലത്ത് 8 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മൂങ്കില്‍മട പദ്ധതി വിജയിച്ചാല്‍ പരമാവധി വേഗത്തില്‍ മുതല്‍മുടക്ക് തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ. അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാനായാല്‍ ബാക്കി കെ എസ് ഇ ബി ഗ്രിഡിലേക്കു നല്‍കും. അതോറിറ്റിക്ക് കീഴില്‍ ഒട്ടേറെ സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതിനായി പ്രാഥമിക പഠനം പൂര്‍ത്തിയായി. വിശദ പദ്ധതി തയ്യാറാക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























