എച്ച്-1 ബി വിസക്ക് ഇപ്പോൾ അപേക്ഷിക്കാം ; ഇത്തവണ ചെറിയ തെറ്റുകള്‍ക്ക് പോലും അപേക്ഷ തള്ളാനുള്ള സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക

അമേരിക്കക്കാരായ വിദഗ്ധതൊഴിലാളികളില്ലാത്ത സാഹചര്യത്തില്‍ കമ്പനികള്‍ക്ക് വിദേശ വിദഗ്ധരെ താത്കാലികമായി നിയമിക്കാന്‍ അനുവദിക്കുന്നതാണ് എച്ച്-1 ബി വിസ. ഇത് പ്രയോജനപ്പെടുത്തുന്നതില്‍ നല്ലൊരു പങ്ക് ഇന്ത്യക്കാരാണ്.
പ്രതിവര്‍ഷം 65,000 പേര്‍ക്കാണ് എച്ച്.1ബി വിസ അനുവദിക്കുന്നത്.ഈ പ്രാവശ്യം വിസ പരിശോധന കർശനമായിരിക്കും. ചെറിയ തെറ്റുകള്‍ക്ക് പോലും അപേക്ഷ തള്ളാനാണ് സാധ്യത. അതിനാല്‍ തന്നെ തിരസ്‌കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ് ഉണ്ടായേക്കും.ഇത് സ്വാഭാവികമായും ബാധിക്കുക എണ്ണത്തിൽ കൂടുതലുള്ള ഇന്ത്യാക്കാർക്കായിരിക്കും
എച്ച്1 വിസയ്ക്കായി അപേക്ഷിച്ചവരില്‍ ഏറെയും ഇന്ത്യയില്‍ നിന്നുള്ള അതിവിദഗ്ധ പ്രൊഫഷണലുകളാണ്. യു എസിലെ ഐടി കമ്പനികൾ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ആയിരക്കണക്കിന് പ്രൊഫഷണലുകളെയാണ് റിക്രൂട്ട് ചെയ്യുന്നത്. വ്യാജ ആപ്ലിക്കേഷന്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കെതിരെ യുഎസില്‍ ജനവികാരം നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷയിന്മേലുള്ള പരിശോധന കൂടുതല്‍ കര്‍ശനമാകാനാണ് സാധ്യത. പിന്നീട് വിസ ഇന്റര്‍വ്യൂവിനും പാസ്പോര്‍ട്ട് സ്റ്റാംപിംഗിനും എത്തുന്നവർ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയകളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, ഇമെയില്‍, ഫോണ്‍ നമ്പർ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടി വരും.
ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് ഫീസും അധികമാണ് ഇപ്രാവശ്യം ഈടാക്കുന്നത്. 8000 ഡോളറാണ് ഫീസ്. നേരത്തെ ഒന്നിലേറെ ജോലിക്കാര്‍ എന്ന പേരില്‍ പല അപേക്ഷകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാനാകൂ.
https://www.facebook.com/Malayalivartha