വീട്ടുജോലിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സൗദി

സൗദിയില്‍ വീട്ടുജോലിക്ക് നില്ക്കുന്ന വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. ഇവിടെ വീട്ടുജോലിചെയ്യുന്ന മലയാളികളടക്കമുള്ള ആയിരങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഒരു നീക്കമാണിത്. വീട്ടുജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങള്‍, അസുഖങ്ങള്‍, മറ്റ് ആസ്പത്രി കേസുകള്‍ എന്നിവയ്‌ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാനാണ് ശ്രമം. ഇതിനോടൊപ്പം ഉടമയില്‍നിന്നുള്ള മര്‍ദനം, അംഗവൈകല്യങ്ങള്‍, നാടുകടത്തല്‍, ജോലി തൃപ്തികരമല്ലാത്തതിനാല്‍ പുറത്താക്കല്‍ തുടങ്ങിയ സാഹചര്യങ്ങളെയും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും. എന്തിനെയെല്ലാം ഉള്‍പ്പെടുത്തണമെന്നതും എത്ര തുകയ്ക്ക് വേണമെന്നതും ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനിക്കുമെന്ന് സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ജനറല്‍ കമ്മിറ്റി വക്താവ് അദേല്‍ അല്‍ ഇസ്സ പറഞ്ഞു.
ആദ്യഘട്ടമായി വീട്ടുജോലിചെയ്യുന്നവരുടെ എണ്ണമെടുക്കുകയാണ് ചെയ്യുക. ഇതുതന്നെ പ്രയാസമേറിയ ജോലിയാണ്. പല അറബികളും മറ്റ് വിസയുടെ പേരില്‍ കൊണ്ടുവന്ന തൊഴിലാളികളെക്കൊണ്ട് വീട്ടുജോലിയെടുപ്പിക്കുന്നുണ്ട്. ഇവരുടെയൊക്കെ കണക്ക് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. വീട്ടുജോലിക്കാരുടെ ഇന്‍ഷുറന്‍സ് മേഖലയില്‍ മറ്റ് രാജ്യങ്ങളില്‍ നല്ല മാതൃകകളുണ്ടെങ്കില്‍ അതും പരിഗണിക്കും.
പദ്ധതി നടപ്പാക്കിക്കഴിഞ്ഞാല്‍ സൗദിയില്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമാകും. ആരോഗ്യസംരക്ഷണത്തിനും ആസ്പത്രിക്കേസുകള്‍ക്കുമാണ് ഇവിടെ ഇത്തരക്കാര്‍ വലിയ സംഖ്യ ചെലവിടുന്നത്. മാത്രമല്ല, ഉടമയ്ക്ക് എന്തെങ്കിലും തരത്തില്‍ അപ്രീതിയുണ്ടായാല്‍ മുന്നറിയിപ്പില്ലാതെ പുറത്താക്കപ്പെടുന്നതും വലിയ ഭീഷണിയാണിപ്പോള്‍. ഇതിനൊക്കെ പുതിയ നിയമം നിയന്ത്രണം കൊണ്ടുവരും. അഥവാ പുറത്താക്കപ്പെട്ടാലും അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കും.
ജോലി സംഘടിപ്പിച്ചുകൊടുക്കുന്നതിന്റെ പേരില്‍ വന്‍തുക അടിച്ചുമാറ്റുന്ന മധ്യസ്ഥന്മാരുടെ എണ്ണം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം കരുതുന്നു.
https://www.facebook.com/Malayalivartha