ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ കേന്ദ്രം തിരുവനന്തപുരത്ത്

തിരുവനന്തപുരത്തു ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി നല്‍കും.
സ്ഥലം സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം വൈകാതെയെത്തും. പ്ലാസ്റ്റിക് വ്യവസായ പാര്‍ക്ക്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനിയറിങ് ടെക്‌നോളജി എന്നിവ കണ്ണൂരില്‍ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഇതിനായും സ്ഥലം ഏറ്റെടുത്തുനല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജ്യത്തെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡുകള്‍ അടച്ചുപൂട്ടുമ്പോള്‍ ലാഭത്തിലുള്ള കൊച്ചി യൂനിറ്റിനെ അതില്‍നിന്ന് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു മന്ത്രി അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തണമെന്നു വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെറിയ വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. റണ്‍വേ വികസനം പൂര്‍ത്തിയായാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയൂവെന്നാണ് ഡി.ജി.സി.എയുടെ നിലപാട്. അതിനു ഭൂമിയേറ്റെടുക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതുവരെ വലിയ വിമാനങ്ങള്‍ക്കു വിലക്കുണ്ടായാല്‍ നഷ്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഭൂമി സര്‍ക്കാര്‍ വൈകാതെ ഏറ്റെടുത്തുനല്‍കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്നു കേന്ദ്ര മന്ത്രി അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വിസ് ആരംഭിക്കുമ്പോള്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയവയ്ക്കുള്ള ഫീസില്‍ അഞ്ചു വര്‍ഷത്തേക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വണ്‍സ്‌റ്റോപ്പ് സെന്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം ധനസഹായം നല്‍കുമെന്നു വനിതാ ശിശുക്ഷേമകാര്യമന്ത്രി മനേകാ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha