കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇനി നീറ്റ് മാത്രം

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാന പ്രവേശന പരീക്ഷയില്‍ (കീം) മെഡിക്കല്‍ പ്രവേശനപരീക്ഷ ഉണ്ടാകില്ല. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്കൊപ്പം ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനവും അഖിലേന്ത്യാ പ്രവേശന പരീക്ഷാ (നീറ്റ്) റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി നടത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇനി സംസ്ഥാനത്തു നടത്തുന്ന പ്രവേശനപരീക്ഷ എന്‍ജിനിയറിംഗ്, ആര്‍കിടെക്ചര്‍ കോഴ്‌സുകള്‍ക്കു മാത്രമാകും. സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം ഭാഗികമായി നീറ്റ് ബാധകമാക്കിയിരുന്നു. എന്നാല്‍, അഗ്രിക്കള്‍ച്ചറും ഹോമിയോയും അടക്കമുള്ള മറ്റുള്ളവയ്ക്ക് നീറ്റ് ബാധകമാക്കിയിരുന്നില്ല. മന്ത്രിസഭാ തീരുമാനത്തോടെ 2017-18 അധ്യയനവര്‍ഷം മുതല്‍ എല്ലാ മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനവും നീറ്റ് പട്ടികയില്‍നിന്നാകും നടത്തുക.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും സ്വാശ്രയ കോളജുകളിലെ മെരിറ്റ് സീറ്റുകളിലുമാണ് ഇക്കൊല്ലം സംസ്ഥാന പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍നിന്നു പ്രവേശനം നടത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റില്‍നിന്നായിരുന്നു. നിശ്ചിത സമയത്തിനകം പ്രവേശനം പൂര്‍ത്തിയാകാത്ത ചില കോളജുകളില്‍ പ്രവേശനത്തിനു പിന്നീടു പൂര്‍ണമായും നീറ്റ് റാങ്ക് ലിസ്റ്റ് ബാധകമാക്കുകയും ചെയ്തു.
1982 മുതല്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്‌സുകളിലെ പ്രവേശനം നടത്തിയിരുന്നത്. 2013 ല്‍ മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാ പരീക്ഷ ബാധകമാക്കിയിരുന്നെങ്കിലും പിന്നീട് സംസ്ഥാന പ്രവേശനപരീക്ഷയെത്തന്നെ ഇരു കോഴ്‌സുകള്‍ക്കും ആശ്രയിക്കുകയായിരുന്നു.
ഇന്ത്യയില്‍ എല്ലായിടത്തും ഈ വര്‍ഷം എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് നീറ്റ് റാങ്ക് ലിസ്റ്റ് ബാധകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളമടക്കം പല സംസ്ഥാനങ്ങളും പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ പിന്നീടു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇളവു നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഭാഗികമായി സംസ്ഥാനത്തു നീറ്റ് ബാധകമാക്കിയത്.
പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ ജീവനക്കാരുടെ എണ്ണം അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. മറ്റു വകുപ്പുകളില്‍നിന്ന് കമ്മീഷണറേറ്റില്‍ ജോലിചെയ്തിരുന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തു. മുഴുവന്‍സമയ കമ്മീഷണറും ഇപ്പോഴില്ല. ബി.എസ്. മാവോജിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് എല്‍ബിഎസ് ഡയറക്ടര്‍ ഡോ. റെജുവിനാണു കമ്മീഷണറുടെ ചുമതല.
https://www.facebook.com/Malayalivartha