മൈക്കലാഞ്‌ജലോ

തന്റെ സഹപാഠിയും, ഗിര്‍ലാന്‍ഡയോ എന്ന പ്രശസ്‌ത ചിത്രകാരന്റെ ശിഷ്യനുമായിരുന്ന ഗ്രനാച്ചിയുടെ സ്വാധീനമാണു മൈക്കലിന്റെ താത്‌പര്യം ചിത്രകലയിലേക്കു തിരിച്ചുവിട്ടത്. മകന്‍ ഒരു വ്യാപാരിയാകണമെന്നായിരുന്നു പിതാവിന്റെ താത്‌പര്യം. എതിര്‍പ്പു വകവയ്‌ക്കാതെ മൈക്കല്‍, ഗിര്‍ലാന്‍ഡയോയുടെ ശിഷ്യത്വം സ്വീകരിച്ചു. ഒരു വര്‍ഷത്തെ ചുവര്‍ചിത്ര പഠനത്തിനുശേഷം മെഡീസി കൊട്ടാരത്തിലെ ശില്‌പവിദ്യാലയത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കാലത്തു ശവശരീരങ്ങള്‍ പരിശോധിച്ചു മനുഷ്യശരീരഘടന മനസ്സിലാക്കി.
ചിത്രരചനയിലും ശില്‌പകലയിലും വൈദഗ്‌ധ്യം നേടിയ മൈക്കലാഞ്‌ജലോ റോമിലെത്തിച്ചേര്‍ന്നു. അവിടെവച്ചാണു തന്റെ കൂറ്റന്‍ ശില്‌പമായ `ബാക്കസ്' നിര്‍മിച്ചത്. അതിനെത്തുടര്‍ന്നു `പിയെത്ത'യുടെ നിര്‍മാണം ആരംഭിച്ചു. യേശുക്രിസ്‌തുവിന്റെ മൃതദേഹം മടിയില്‍ വച്ചു ദുഃഖമടക്കിപ്പിടിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ വിശ്രുത ശില്‌പമാണത്. മൈക്കലാഞ്‌ജലോ തന്റെ പേരു രേഖപ്പെടുത്തിയ ഏക സൃഷ്‌ടിയാണത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇന്നും ആ ശ്രേഷ്‌ഠശില്‌പം നിലകൊള്ളുന്നു.
1501ല്‍ മൈക്കലാഞ്‌ജലോ ഇറ്റലിയിലേക്കു മടങ്ങി. അവിടെ അദ്ദേഹം ഡേവിഡ് എന്ന കൂറ്റന്‍ മാര്‍ബിള്‍ ശില്‌പത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തു. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവുംകൊണ്ടു പരാജയപ്പെടുത്തിയ ആ ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രതീകമായാണ് അദ്ദേഹം ഭാവന ചെയ്‌തത്. ഈ ശില്‌പം പൂര്‍ത്തിയായതോടെ ശില്‌പിയുടെ കീര്‍ത്തി വാനോളമുയര്‍ന്നു.
1503 ല്‍ സ്ഥാനാരോഹണം ചെയ്‌ത പോപ്പ് ജൂലിയസ് രണ്ടാമന്‍ സിസ്റ്റൈന്‍ ചാപ്പലിലെ മേല്‌ത്തട്ടില്‍ ചിത്രം വരയ്‌ക്കാന്‍ മൈക്കലാഞ്‌ജലോയെ ക്ഷണിച്ചു. ദേവാലയങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ പ്രഭുഭവനങ്ങളിലോ രചനയ്‌ക്കുള്ള കരാര്‍ ലഭിക്കുകയെന്നതായിരുന്നു അക്കാലത്ത് ഒരു ചിത്രകാരനോ ശില്‌പിക്കോ കിട്ടുന്ന അംഗീകാരത്തിന്റെ അടയാളം. ചാപ്പലിന്റെ മേല്‌ത്തട്ടില്‍ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ ചിത്രങ്ങളും അലങ്കാര പണികളും വരയ്‌ക്കാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
1508ല്‍ അദ്ദേഹം ചിത്രരചനയ്‌ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1512ല്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായി. 300 രൂപങ്ങളാണു സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്‌ജലോ വരച്ചത്. എക്കാലത്തെയും മികച്ച ചിത്രങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്.
പോപ്പ് ജൂലിയസ് രണ്ടാമന്റെയും മെഡീസി കുടുംബത്തിലെ ലോറന്‍സോ, ഗിയുലിയാനോ എന്നീ പ്രഭുക്കന്മാരുടെയും ശവകുടീരങ്ങള്‍, ഒരു വാസ്‌തുശില്‌പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മിഴിവു പ്രകടിപ്പിക്കുന്നവയാണ്. പോപ്പ് പോള്‍ മൂന്നാമന്റെ നിര്‍ദ്ദേശപ്രകാരമാണു മൈക്കലാഞ്‌ജലോ `അന്ത്യവിധി' ചിത്രീകരിച്ചത്. സിസ്റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയ്‌ക്കു പിന്നിലുള്ള ചുവരിലാണ് 20.12 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലും ഈ ചിത്രം എഴുതിയത്. ക്രിസ്‌തുവിന്റെ രണ്ടാം വരവില്‍ മരിച്ചവരെയും ജീവനുള്ളവരെയും ന്യായം വിധിക്കുന്നതാണു ചിത്രത്തിന്റെ പ്രമേയം. ചിത്രമധ്യത്തില്‍ മഹിമയുടെ സിംഹാസനത്തില്‍ നിന്ന് എഴുന്നേല്‌ക്കുന്ന ഭാവത്തില്‍ ക്രിസ്‌തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്മാര്‍ തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്നു. ഇറ്റാലിയന്‍ മഹാകവി ഡാന്റെയുടെ ഡിവൈന്‍ കോമഡിയില്‍ വര്‍ണിച്ചിട്ടുള്ള രീതിയിലാണു ചിത്രീകരണം നടത്തിയിരിക്കുന്നത്. മൈക്കലാഞ്‌ജലോ രചിച്ച മനുഷ്യരൂപങ്ങളെല്ലാം നഗ്നമായിരുന്നു. ഒരു വിശുദ്ധ ദേവാലയത്തില്‍ ഇത്തരം ചിത്രീകരണം പാടില്ലെന്നു കരുതിയ പില്‌ക്കാല പോപ്പുമാര്‍ അവയുടെ മേല്‍ വസ്‌ത്രങ്ങള്‍ ആലേഖനം ചെയ്‌തു ചേര്‍പ്പിച്ചു.
മൈക്കലാഞ്‌ജലോക്കു മനുഷ്യന്റെ ഭാഗധേയങ്ങളോടുള്ള അത്യഗാധമായ അനുഭാവമാണ് ഈ ചിത്രം പ്രകാശിപ്പിക്കുന്നത്.
ഏകാന്തവും വിഷാദഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കര്‍മനിരതനായിരുന്ന ഈ കലാകാരന്‍ 1564 ഫ്രെബ്രുവരി 18 ന് അന്തരിച്ചു.
https://www.facebook.com/Malayalivartha