കാർഷിക സർവകലാശാലയിൽ കാലാവസ്ഥ വ്യതിയാനം പഠിക്കാം

കാർഷിക സർവകലാശാലയിൽ ജൈവ സാങ്കേതിക വിദ്യയും കാലാവസ്ഥ വ്യതിയാനവും പഠിക്കാൻ അവസരം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 17 ആണ്. കോഴ്സുകൾ താഴെ പറയുന്നവയാണ്.
ബി.എസ്സി-എം.എസ്സി (ഇൻറഗ്രേറ്റഡ്) ബയോടെക്നോളജി (ജൈവ സാങ്കേതിക വിദ്യ): പഠനകാലാവധി അഞ്ചു വർഷം. തിരുവനന്തപുരത്ത് വെള്ളായണി കാർഷിക കോളജിലാണ് കോഴ്സ് നടത്തുന്നത്. 20 സീറ്റുകളാണുള്ളത്.
ബി.എസ്സി-എം.എസ്.സി (ഇൻറഗ്രേറ്റഡ്) ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ (കാലാവസ്ഥ വ്യതിയാന അനുകൂലനം): വാഴ്സിറ്റിയുടെ തൃശൂർ വെള്ളാനിക്കര മെയിൻ കാമ്പസിലാണ് കോഴ്സ്. സീറ്റുകൾ-20. പഠനകാലാവധി അഞ്ചുവർഷം.
ബി.എസ്സി (ഒാണേഴ്സ്) കോഒാപറേഷൻ ആൻഡ് ബാങ്കിങ്: കാലാവധി നാലുവർഷം. സീറ്റുകൾ 40. തൃശൂർ വെള്ളാനിക്കരയിലെ കോളജ് ഒാഫ് കോ-ഒാപറേഷൻ ബാങ്കിങ് ആൻഡ് മാനേജ്മെൻറിലാണ് കോഴ്സുള്ളത്.
യോഗ്യത: ഹയർസെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചവർക്ക് അപേക്ഷിക്കാം. ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ കോഴ്സിന് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പട്ടികജാതി/വർഗക്കാർക്ക് മിനിമം പാസ് മാർക്ക് മതി.
അപേക്ഷ ഫീസ് 1000 രൂപ. പട്ടികജാതി/വർഗക്കാർക്ക് 500 രൂപ മതി.
അപേക്ഷ www.admissions.kau.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഒാൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ജൂൺ 24നകം തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല രജിസ്ട്രാർക്ക് ലഭിക്കണം.
കോഴ്സ് ഫീസ്: ബി.എസ്സി-എം.എസ്സി ഇൻറിഗ്രേറ്റഡ് കോഴ്സുകൾക്ക് സെമസ്റ്റർ ഫീസ് 40,000 രൂപ വീതമാണ്. കോഷൻ ഡെപ്പോസിറ്റ് 2750 രൂപ. അഡ്മിഷൻ ഫീസ് 800 രൂപ.
ബി.എസ്സി (ഒാണേഴ്സ്) കോ-ഒാപറേഷൻ ആൻഡ് ബാങ്കിങ് കോഴ്സിന് സെമസ്റ്റർ ഫീസ് 9600 രൂപ വീതം. കോഷൻ ഡെപ്പോസിറ്റ് 1600 രൂപ. അഡ്മിഷൻ ഫീസ് 800 രൂപ. പട്ടികജാതി/വർഗക്കാരെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.kau.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
https://www.facebook.com/Malayalivartha