സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള, വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ...

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള, വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുരേഷ് ഗോപിയുടെ മക്കള്‍ നാലുപേരില്‍ ആദ്യമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകള്‍ ഭാഗ്യാ സുരേഷ് ആണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോള്‍, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക.
വിവാഹത്തിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിയില്‍ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാന്‍ സാധിക്കുക. നടി അഹാന കൃഷ്ണയാണ് ചിത്രം പോസ്റ്റ് ചെയ്തത്. വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീര വിവാഹപാര്‍ട്ടി സുരേഷ് ഗോപി പ്ലാന്‍ ചെയ്യുന്നുണ്ട്. രാവിലെ 8.10-നാണ് നരേന്ദ്ര മോദി ക്ഷേത്രദര്‍ശനത്തിനെത്തുക. അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് പുറത്ത് കടക്കും. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തയുടന്‍ കൊച്ചിയിലേക്ക് മടങ്ങും. അവിടെ പത്തിനുള്ള പൊതുപരിപാടിയിലാണ് പങ്കെടുക്കേണ്ടത്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 17-നു മുന്‍പ് കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങിവയ്ക്കാന്‍ ദേവസ്വത്തിന് പൊലീസ് നിര്‍ദ്ദേശം. പൊലീസ് ആവശ്യപ്പെട്ട എല്ലാ പരിശോധനാ സാമഗ്രികളും വാങ്ങുന്നുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ പറഞ്ഞു. നാല് നടകളിലും ഡോര്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കും. സുരേഷ്‌ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പൊലീസിന് അറിയിപ്പ് ലഭിച്ചിട്ടില്ല.
ചില കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും എത്താന്‍ സാദ്ധ്യതയുണ്ട്. കൊച്ചിയില്‍ നിന്നും ഹെലികോപ്ടറില്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങി കാര്‍ മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനത്തിന് ഗസ്റ്റ് ഹൗസില്‍ നിന്ന് കാല്‍നടയായി പോകും. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന നരേന്ദ്ര മോദി വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കിഴക്കെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലെത്തും.
വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി വസ്ത്രം മാറുന്നതിന് പ്രത്യേക കാരവന്‍ തയ്യാറാക്കി നിറുത്താന്‍ സുരേഷ് ഗോപി ആഗ്രഹം അറിയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റുമക്കള്‍. കാറപകടത്തിലായിരുന്നു, കൈക്കുഞ്ഞായിരിക്കെ, ആദ്യത്തെകുട്ടിയായ ലക്ഷ്മിയുടെ വേര്‍പാട്. ഗോകുലും മാധവും സിനിമയില്‍ എത്തിയെങ്കിലും, പെണ്മക്കള്‍ രണ്ടുപേരും മറ്റു മേഖലകളിലേക്കാണ് തിരിഞ്ഞത്. വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം.
https://www.facebook.com/Malayalivartha