മാന്യത കൈ വിടാതെ ആമിർ ഖാൻ; ഇറ ഖാന്റെ റിസപ്ഷന് എത്തിയ കങ്കണയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച...

ഫിറ്റ്നെസ് ട്രെയ്നറായ നുപുർ ശിഖാരെയുമായുള്ള ആമിർ ഖാന്റെ മകളുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ആഘോഷപൂർവം നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു. വിവാഹത്തിന് ശേഷം മുംബൈയിൽ വലിയ റിസപ്ഷനാണ് ആമിറും കുടുംബവും ഒരുക്കിയത്. ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ പലരും അതിഥികളായി എത്തി. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രേഖ തുടങ്ങിയവരെല്ലാം ആമിറിന്റെ ക്ഷണം സ്വീകരിച്ചെത്തി. ഇക്കൂട്ടത്തിൽ ചർച്ചയായിരിക്കുന്നത് നടി കങ്കണ റണൗത്തിന്റെ സാന്നിധ്യമാണ്. ആമിർ ഖാൻ കങ്കണയെ ക്ഷണിക്കുമെന്നോ ക്ഷണം സ്വീകരിച്ച് കങ്കണ എത്തുമെന്നോ കരുതിയില്ലെന്ന് ആരാധകർ പറയുന്നു.
ഒന്നിലേറെ തവണ ആമിറിനെയും കുടുംബത്തെയും ആക്ഷേപിച്ച നടിയാണ് കങ്കണ റണൗത്ത്. ഇറ ഖാൻ വിഷാദരോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ ആമിറിന്റെ കുടുംബ വിഷയം കങ്കണ നേരത്തെ പരാമർശിച്ചിട്ടുമുണ്ട്. ഇറ ഖാന്റെ തകർന്ന കുടുംബവമാണ് വിഷാദ രോഗത്തിന് കാരണമായതെന്ന് കങ്കണ റണൗത്ത് ആരോപിച്ചു. പതിനാറാം വയസിൽ എനിക്ക് ശാരീരിക ഉപദ്രവം ഉണ്ടായി. ആസിഡാക്രമണം നേരിട്ട സഹോദരിയെ പരിചരിച്ചു. മാധ്യമങ്ങളുടെ വേട്ടയാടലും നേരിട്ടു. വിഷാദരോഗത്തിന് പല കാരണങ്ങളുമുണ്ടാകും. പക്ഷെ തകർന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഇത് നേരിടാൻ ബുദ്ധിമുട്ടാണ്. അതിനാൽ പരമ്പരാഗത കുടുംബ വ്യവസ്ഥകൾക്ക് പ്രാധാന്യമുണ്ടെന്നും കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആമിറിനെതിരെ പല തവണ കങ്കണ സംസാരിച്ചിട്ടുണ്ട്. സമാന്ത, നാഗ ചൈതന്യ വിവാഹമോചനത്തിലേക്ക് വരെ ആമിറിന്റെ പേര് പരോക്ഷമായി കങ്കണ വലിച്ചിഴച്ചു. നാഗ ചൈതന്യ ആമിറിനൊപ്പം അഭിനയിച്ച ശേഷമാണ് നടൻ വിവാഹ മോചിതനാകുന്നതെന്ന് കങ്കണ പേരെടുത്ത് പറയാതെ ആരോപിച്ചു. 'ഡിവോഴ്സ് വിദഗ്ധൻ' എന്നാണ് അന്ന് കങ്കണ ആമിർ ഖാനെ വിശേഷിപ്പിച്ചത്. ഇത്രയൊക്കെ ആക്ഷേപിച്ചിട്ടും കങ്കണയ്ക്കെതിരെ ആമിർ ഖാൻ സംസാരിച്ചിട്ടില്ല. നിരന്തരം കുറ്റപ്പെടുത്തിയിട്ടും ക്ഷണിച്ചത് ആമിറിന്റെ മര്യാദയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആ മാന്യത കങ്കണയ്ക്കില്ലെന്നും ഇവർ അഭിപ്രായപ്പെട്ടു.
തുടരെയുള്ള വിവാദ പ്രസ്താവനകൾ കാരണം ബോളിവുഡിലെ മിക്കവരും കങ്കണയെ മാറ്റി നിർത്തുകയാണ്. മികച്ച നടിയായിരുന്ന കങ്കണ ഇന്ന് വെറുമൊരു വിവാദ താരമായി ഒതുങ്ങിയെന്ന ആക്ഷേപം പ്രേക്ഷകർക്കുണ്ട്. ആമിർ ഖാന് പുറമെ ബോളിവുഡിലെ നിരവധി പ്രമുഖർക്കെതിരെ കങ്കണ നേരത്തെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ കങ്കണയുടെ ആരോപണങ്ങൾ മിക്കവരും മുഖവിലക്കെടുക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. മിക്കവരും ഇത് അവഗണിക്കാറാണ് പതിവ്. വിവാദങ്ങൾ കാരണം നടിയുടെ പ്രതിച്ഛയായക്കുണ്ടായ കോട്ടം ചെറുതല്ല.
https://www.facebook.com/Malayalivartha