മികച്ച നടനുളള ഓസ്കര്‍ നേടി കുടിയേറ്റക്കാരന്റെ മകന്‍ റമി സയീദ് മാലിക്

എയ്ഡ്സ് ബാധിതനായി 1991ല്‍ മരിച്ച വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെര്‍ക്കുറിയുടെ ജീവിതം മാലിക് ജീവിച്ചു. അദ്ദേഹത്തിന്റെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മാലിക് മികച്ച നടനുളള ഓസ്കര്‍ പുരസ്കാരം നേടിയത്.
വൈസ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയിലിനേയും, എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്ലി കൂപ്പറിനേയും പിന്തളളിയാണ് മാലിക് പുരസ്കാരം സ്വന്തമാക്കിയത്. ടെലിവിഷന്‍ സീരീസായ മി. റോബോട്ടിലെ മികച്ച പ്രകടനത്തിലൂടെയാണ് മാലിക് ശ്രദ്ധേയനാവുന്നത്.
എലിയറ്റ് ആല്‍ഡേഴ്സണ്‍ എന്ന ഹാക്കറുടെ വേഷമാണ് അദ്ദേഹം ചെയ്തത്. പുരസ്കാര വേദിയില്‍ തന്റെ മാതാപിതാക്കളോടാണ് മാലിക് ആദ്യം നന്ദി പറഞ്ഞത്. വേദിയിലുണ്ടായിരുന്ന തന്റെ മാതാവിനോട് ‘നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു’ എന്ന് വികാരാധീനനായി മാലിക് പറഞ്ഞു. ‘ഒരു സ്വവര്‍ഗരതിക്കാരനെ കുറിച്ചുളള ചിത്രമായിരുന്നു അത്, യാതൊരു വിധത്തിലും കീഴ്പ്പെടാതെ ജീവിച്ച ഒരു കുടിയേറ്റക്കാരന്റെ ജീവിതമായിരുന്നു ഈ ചിത്രം,’ മാലിക് വേദിയില്‍ പറഞ്ഞു.
ഈജിപ്തില്‍ നിന്നും കുടിയേറി പാര്‍ത്ത മാതാപിതാക്കളുടെ മകനായി ലോസ് ആഞ്ജല്‍സിലാണ് മാലിക് വളര്‍ന്നത്. 1978ലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ സയീദ് മാലിക്കും നെല്ലി അബ്ദുല്‍ മാലിക്കും കെയ്റോവില്‍ നിന്ന് കാലിഫോര്‍ണിയയില്‍ എത്തിയത്. ഒരു സാധാരണ ടൂര്‍ ഗൈഡ് ആയിരുന്ന മാലിക്കിന്റെ പിതാവിനെ ഒരു അമേരിക്കന്‍ പൗരനാണ് അമേരിക്കയില്‍ എത്താന്‍ സഹായിച്ചത്. ഇന്‍ഡ്യാനയില്‍ ഇവാന്‍സ്വില്ലെ സര്‍വകലാശാലയിലാണ് മാലിക് സിനിമാ പഠനം നടത്തിയത്. ചെറു ചിത്രങ്ങളിലും ടെലിവിഷനിലും സഹനടനായിട്ടായിരുന്നു തുടക്കം.
https://www.facebook.com/Malayalivartha