കൂട്ടുകാരനായി ടൊവീനോ എത്തി, ബാല ചലച്ചിത്രമേളയില്‍ കുട്ടികള്‍ തകര്‍ത്തു, തിമിര്‍ത്തു...

രാജ്യാന്തര ബാല ചലച്ചിത്രമേളയില്‍ യുവനടന്‍ ടൊവീനോ എത്തിയപ്പോള്‍ കുട്ടി ഡെലിഗേറ്റ്‌സുകളുടെ ആവേശം അണപൊട്ടി. ടൊവീനോ മുത്താണ്, ഞങ്ങടെ മുത്താണേ... എന്ന് വിളിച്ചാണ് താരത്തെ വരവേറ്റത്. തിരുവനന്തപുരം നഗരത്തിലെ ടാഗോര്‍ തിയേറ്ററിലെ വേദിയില്‍ താരത്തെ എത്തിക്കാന്‍ സംഘാടകര്‍ ഏറെ പ്രായസപ്പെട്ടു. വെള്ളിത്തിരയില്‍ കണ്ട പ്രിയതാരത്തെ അടുത്ത് കാണാനും സെല്‍ഫിയെടുക്കാനും ഷേക്ക്ഹാന്‍ഡ് നല്‍കാനും ബാലന്‍മാരും ബാലികമാരും മത്സരിച്ചു. എത്തിയവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു.
'കുട്ടിക്കാലത്തൊക്കെ തിയേറ്ററില്‍ സിനിമ കാണാന്‍ തന്നെ എനിക്ക് സാധിച്ചിരുന്നില്ല, അച്ഛനും അമ്മയും തിയേറ്ററില്‍ പോയി സിനിമ കാണുന്നവരായിരുന്നു. എന്നാല്‍ ചേട്ടന്‍ ജനിച്ച് കഴിഞ്ഞ് ചേച്ചി ജനിച്ചതോടെ അവരത് നിര്‍ത്തി. അവരെയും കൊണ്ട് സിനിമയ്ക്ക് പോയാല്‍ തീരുംമുമ്പ് തീയേറ്റര്‍ വിടേണ്ട അവസ്ഥയായിരുന്നു അന്ന്. അതിനാല്‍ ഞാന്‍ ജനിച്ച ശേഷം മാതാപിതാക്കള്‍ സിനിമയ്ക്ക് അങ്ങനെ പോയിരുന്നില്ല. ദൂരദര്‍ശനില്‍ വെള്ളിയും ശനിയും കാണിച്ചിരുന്ന ഹിന്ദി സിനിമകളും ഞാറാഴ്ചത്തെ മലയാളസിനിമയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ നിങ്ങളെ പോലുള്ള കുട്ടികള്‍ ചെറുപ്രായത്തിലേ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നു. അത് വലിയ ഭാഗ്യമാണ്' ടൊവീനോ പറഞ്ഞു.
ചലച്ചിത്രമേളയുടെ ബുളളറ്റിനായ തണല്‍ കുട്ടി ഡെലിഗേറ്റുകളായ ആത്മജയ്ക്കും ആദിത്യനും നല്‍കി നടന്‍ ടൊവീനോ തോമസ് പ്രകാശനം ചെയ്തു. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം നിലയിലാണ് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ചടങ്ങില്‍ ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഭാരതി, എക്‌സ്‌ക്യൂട്ടീവ് അംഗം പശുപതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടിഡെലിഗേറ്റ്‌സുകള്‍ ടൊവീനോയ്ക്ക് ഉപഹാരം നല്‍കി.
https://www.facebook.com/Malayalivartha