വേറൊന്നും പഠിച്ചിട്ടില്ല... അഭിനയം അല്ലാതെ വേറൊരു പണി അറിയില്ല: വ്യക്തിയെന്ന നിലയിൽ സൗബിനിക്ക എന്നേക്കാൾ ഒരുപാട് ഉയരത്തിലാണ്, പക്ഷെ നടനെന്ന നിലയിൽ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടൻ സമ്മതിക്കില്ല - ഇലവീഴാപൂഞ്ചിറയിൽ ആദ്യം പരിഗണിച്ചത് തന്നെ... എന്നിട്ടും! നടൻ മണികണ്ഠന്റെ വെളിപ്പെടുത്തൽ

സിനിമാ മേഖലയിൽ നാൾക്ക് നാൾ തന്റെ കരിയർ ഗ്രാഫ് താഴേക്ക് പോവുകയാണെന്ന് നടൻ മണികണ്ഠൻ. ഇലവീഴാപൂഞ്ചിറ എന്ന സിനിമയിൽ തന്നെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നതെന്നും എന്നാൽ സാറ്റ്ലൈറ്റ് മൂല്യം ഇല്ലെന്ന് പറഞ്ഞത് തനിക്ക് പകരം സൗബിനെ ചിത്രത്തിൽ നായകനാക്കിയെന്നും മണികണ്ഠൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
ചെറിയ കഥാപാത്രങ്ങൾ ആണെങ്കിലും ശ്രദ്ധിക്കപ്പെട്ട റോളുകൾ ആയിരുന്നു ഞാൻ ചെയ്തത്. എന്നിട്ടും എന്ത് കൊണ്ടാണ് കുറച്ചു കൂടി നല്ല റോളുകൾ എനിക്ക് തരാത്തതെന്ന് അറിയില്ല. രണ്ട് മൂന്ന് സ്ക്രിപ്റ്റുകൾ വന്നെങ്കിലും അതിന് പ്രൊഡ്യൂസർമാരെ കിട്ടുന്നില്ല. സാറ്റ്ലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്. എനിക്ക് വേണ്ടത്ര മാർക്കറ്റ് ഇല്ലാത്തതാണ് ഇതിന് കാരണം. മാർക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല.
വ്യക്തിയെന്ന നിലയിൽ സൗബിനിക്ക എന്നേക്കാൾ ഒരുപാട് ഉയരത്തിലാണ്. ഞാനംഗീകരിക്കുന്നു. പക്ഷെ നടനെന്ന നിലയിൽ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടൻ സമ്മതിക്കില്ല. എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല. എനിക്ക് സാറ്റ്ലൈറ്റ് മാർക്കറ്റ് വാല്യു ഇല്ല. ആ വാല്യു ആരാണ് തരുന്നതെന്നാണ് എന്റെ ചോദ്യം.
ഇതൊന്നും ആരും സംഘടിതമായിട്ട് ചെയ്യുന്ന കാര്യങ്ങളല്ല. എന്റെ മാത്രം പ്രശ്നവുമല്ല പറയുന്നത്. എനിക്ക് പിന്നാലെ വരുന്നവർക്ക് വേണ്ടി കൂടിയാണ് പറയുന്നത്. ആദ്യ സിനിമ ചെയ്യുമ്പോൾ അവർക്ക് കാശ് കൊടുക്കേണ്ട' അവരുടെ ഫുൾ എനർജിയിൽ അവരും സിനിമ ചെയ്യും. പിന്നെ അവർക്ക് താരമെന്ന നിലയിൽ ജീവിച്ച് പോവണമെങ്കിൽ പൈസ വേണം. ആ പൈസ ചോദിച്ച് വാങ്ങിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടാവും.
അപ്പോൾ പുതിയ ആളെ വിളിക്കും' എന്റെ മുത്തശ്ശന്റെ മുത്തശ്ശൻ എൻ ടി രാമറാവുമോ എന്റെ മുത്തശ്ശൻ ശിവാജി ഗണേശനോ എന്റെ അച്ഛൻ രജിനികാന്തോ അല്ല. എന്റെ കുടുംബത്തിലെ ആദ്യത്തെ സിനിമാ നടൻ ഞാനാണ്. ഇവിടെ നിന്ന് കിട്ടുന്ന കാശ് കൊണ്ടാണ് ഞാൻ ജീവിച്ച് പോവുന്നത്. സിനിമ ഉണ്ടെങ്കിലേ എനിക്ക് മുന്നോട്ട് ജീവിതം ഉള്ളൂ' സിനിമാ മോഹവുമായി വരുന്നവരോട് സിനിമ ഒരു ജോലിയായി കാണുമ്പോഴുള്ള പ്രശ്നങ്ങൾ പറയാറുണ്ട്. എന്നെ സംബന്ധിച്ച് ഞാനിത് ജോലിയാക്കി. എനിക്ക് മറ്റ് കഴിവുകൾ ഇല്ല. അപ്പോൾ ഞാൻ ഇവിടെ തന്നെ നിൽക്കേണ്ടി വരും. നിന്നില്ലെങ്കിൽ ഞാൻ പതുക്കെ പതുക്കെ താഴോട്ട് പോവേണ്ടി വരും'
'ഒരു സിനിമയിൽ അഭിനയിച്ചാലുള്ള പ്രശ്നം എന്തെന്നാൽ പിന്നെ മറ്റുള്ളവരെ സംബന്ധിച്ച് അവൻ സിനിമാ നടനായി. അതിന്റെ പേരിലുണ്ടാവുന്ന ബാക്കിയുള്ള പ്രശ്നങ്ങൾ അനുഭവിച്ചാലേ അറിയുകയുള്ളൂ. ദേ സിനിമാ നടൻ പോവുന്നു, ഇപ്പോൾ സിനിമയൊന്നുമില്ലേ എന്നതൊക്കെ നമ്മളെ കുത്തുന്നതാണ്. ഞാൻ സങ്കടപ്പെടുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും കാര്യമെന്താണെന്നറിയുമോ. ഒരു മനുഷ്യന്റെ ആയുസ്സ് മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയായിരുന്നു. വേറൊന്നും പഠിച്ചിട്ടില്ല. അഭിനയം അല്ലാതെ വേറൊരു പണി അറിയില്ല. ഇനി എന്ത് പണി എടുത്ത് ജീവിക്കും. എന്റെ ഗ്രാഫ് എടുത്താൽ താഴോട്ട് പോവുകയാണ്. എന്റെ ഭാഗത്താണ് തെറ്റെങ്കിൽ ആ തെറ്റ് തിരുത്താൻ ഞാൻ തയ്യാറാണെന്ന് മണികണ്ഠൻ പറയുന്നു.
https://www.facebook.com/Malayalivartha