ഞാൻ സഹായിച്ചവരാണ് പിന്നീട് എന്നെ ഉപദ്രവിച്ചിട്ടുള്ളത്... ആര് എന്ത് ചെയ്താലും അതെല്ലാം കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ വരും- സുധീര്‍

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുധീര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരമാണ് സുധീര്‍. താരത്തിന്റെ വ്യക്തിജീവിതം സിനിമയേക്കാള്‍ നാടകീയമാണ്. ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന പോരാളിയാണ് സുധീര്‍. മലാശയ കാന്‍സറിനെ തുടർന്ന് സർജറി ചെയ്ത് 21ആം ദിവസം തെലുങ്ക് ചിത്രത്തിൽ സുധീർ അഭിനയിച്ചതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം. വില്ലൻ വേഷം ചെയ്യാൻ ഭയങ്കര പ്രയാസമാണ്. മുഖത്തെ ഞെരമ്പൊക്കെ വരിഞ്ഞ് മുറുക്കി വെച്ച് ക്രൂരത കാണിച്ചുകൊണ്ടിരിക്കണം.
പക്ഷെ നായകവേഷം ചെയ്യാൻ വളരെ എളുപ്പമാണ്. പക്ഷെ തൊഴിലിന്റെ ഭാഗമായി വില്ലൻ വേഷം ചെയ്തെ പറ്റൂ. ഞാൻ ജീവിതത്തിൽ ഭയങ്കര കോമഡിയാണ്. ഭാര്യയും അതെ കുറിച്ച് പറയാറുണ്ട്. കോമഡി വേഷം ചെയ്യാൻ താൽപര്യമുണ്ട്. പതിയെ അതിലേക്ക് മാറ്റിപിടിക്കണം. എന്റെ ഗുരുനാഥൻ ജോണി ആന്റണി ചേട്ടൻ ഭയങ്കര തമാശക്കാരനാണല്ലോ. ബോളിവുഡ് ലുക്കൊക്കെ ജനിറ്റിക്കായി ഉള്ളതാണ്.
സിഐഡി മൂസ ആദ്യം കണ്ടപ്പോൾ നടൻ സുധി കോപ്പ വിചാരിച്ചത് ഞാൻ ഹിന്ദിക്കാരനാണെന്നാണ്. മലയാളം വിട്ട് വേറെ ഭാഷയിൽ പോയി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല. വീട്ടിൽ ഇടയ്ക്കിടെ എനിക്ക് പോണം. കേരളം വിട്ടുള്ള കളി എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് മറ്റ് ഭാഷകളിൽ അവസരത്തിന് ശ്രമിച്ചിട്ടില്ല.
എനിക്ക് ഹിന്ദി ലുക്കുള്ളത് കൊണ്ട് മലയാളത്തിൽ കഥാപാത്രങ്ങൾ കിട്ടുന്നതും കുറവാണ്. ചിലർ മനപൂർവം ഈ കാരണം പറഞ്ഞ് കാസ്റ്റ് ചെയ്യാറേയില്ല. പക്ഷെ ജോണി ചേട്ടനും ബെന്നി ചേട്ടനും എനിക്ക് വേറെ കഥാപാത്രങ്ങൾ തന്നിട്ടുണ്ട്. ഇപ്പോഴത്തെ മലയാള സിനിമയ്ക്ക് എന്റെ ലുക്ക് വേണ്ട. നായകവേഷം ചെയ്യാൻ പറ്റുമെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്.
ഉദയ കൃഷ്ണയെ കണ്ടതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. അങ്ങനെയാണ് സിഐഡി മൂസയുടെ ഓഡീഷനിൽ പങ്കെടുത്തത്. ദിലീപേട്ടനാണ് എന്നെ സെലക്ട് ചെയ്തത്. ജോണി ആന്റണി ചേട്ടൻ എല്ലാം അഭിനയിച്ച് കാണിച്ച് തരും. നൂറ് പടത്തിന് അടുത്ത് ഞാൻ അഭിനയിച്ചിട്ടുണ്ട്. പലരും ഞാൻ അന്യഭാഷക്കാരനാണെന്ന് കരുതുന്നത് കൊണ്ട് പുറത്തിറങ്ങുമ്പോൾ അധികം ആരും തിരിച്ചറിയാറില്ല. പലരും എന്നെ ഓർക്കുന്നത് പോലും കഥാപാത്രത്തിന്റെ പേരിലാണ്- സുധീർ പറയുന്നു.
നമ്മൾ ജീവിക്കുന്നത് വളരെ ഡേഞ്ചറസ് സിറ്റുവേഷനിലാണ്. ഞാനിപ്പോൾ എന്റെ അസുഖത്തോട് പോരാടി നിൽക്കുകയാണ്. ഞാൻ വളരെ ഹെൽപ്പിങ് മെന്റാലിറ്റിയുള്ള ആളാണ്. അതുകൊണ്ട് തന്നെ ഞാൻ സഹായിച്ചവരാണ് പിന്നീട് എന്നെ ഉപദ്രവിച്ചിട്ടുള്ളത്. അവരാണിപ്പോൾ ഏറ്റവും വലിയ ശത്രു. കുഞ്ഞുനാൾ മുതൽ വിവാദങ്ങളും ചീത്തപ്പേരും കൂടെയുണ്ട്. ആര് എന്ത് ചെയ്താലും അതെല്ലാം കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ വരും. എന്നെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ഞാൻ തന്നെ ടിവിയിലൂടെ കണ്ടിട്ടുണ്ട്. അങ്ങനൊരു സംഭവമെ ഉണ്ടായിട്ടില്ല.
ആരെങ്കിലും നെഗറ്റീവ് ചെയ്താൽ തന്നെ ഒഴിഞ്ഞ് പോകുന്ന ആളാണ് ഞാൻ. ഞാൻ ഭയങ്കര മോശക്കാരനാണെന്ന് പലരും പറഞ്ഞ് നടക്കുന്നുണ്ടെന്നും സുധീർ പറയുന്നു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുധീറിന്റെ തുടക്കം സിഐഡി മൂസ എന്ന സിനിമയിലൂടെയാണ്. ഹിന്ദിക്കാരാനായ വില്ലനായി സിഐഡി മൂസയിൽ മികച്ച പ്രകടനമാണ് സുധീർ കാഴ്ചവെച്ചത്. ഡ്രാക്കുള എന്ന സിനിമയിൽ മികച്ച പ്രകടനം നടത്തിയാണ് സുധീർ ശ്രദ്ധേയനായത്.
https://www.facebook.com/Malayalivartha