ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു... എന്റെ മകളെപ്പോലും വെറുതെവിട്ടില്ല: മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? കണ്ണ് നിറഞ്ഞ് പ്രവീണ

നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ മകളുടെ ചിത്രങ്ങളും പ്രചരിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ 3 വർഷമായി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്.
ഇതിനുമുൻപു വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പ്രവീണ പരാതി നൽകിയിരുന്നത്. ‘ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? എന്നാണ് കണ്ണ് നിറഞ്ഞ് നടി ചോദിക്കുന്നത്.
മൂന്നു വർഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തു. അവർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നൽകിയതോടെ എന്റെ അമ്മ, സഹോദരി, മകൾ, മകളുടെ അധ്യാപകൻ, കൂട്ടുകാർ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് പ്രവീണ പറയുന്നത് ഇങ്ങനെ...
ഏതാനും വർഷം മുൻപ് നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ തിരുവനന്തപുരം സൈബർ പോലീസിൽ പരാതി നൽകിയത്. എന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി നൽകിയത്.
തുടർന്നാണ് നാലംഗ പൊലീസ് ടീം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുത്തിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി 3 മാസം റിമാൻഡ് ചെയ്ത ഭാഗ്യരാജ് 1 മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നാണ് പ്രവീണ പറയുന്നത്. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
തന്നെ വേദനിപ്പിക്കാനായി നിലവിൽ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു. ഇതോടെ പ്രവീണയുടെ മകളും സൈബർ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാഗ്യരാജിനെരിരെ സൈബർ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം സൈബർ പൊലീസ് ഇൻസ്പെക്ടർ കെ.എൽ സിജു പറഞ്ഞു. പ്രതിയെ എവിടെയാണെന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പിടിയിലായപ്പോൾ ആരാധനാ ഭ്രാന്ത് ആണ് ഭാഗ്യരാജിനെ കൊണ്ട് ഈ നികൃഷ്ട കൃത്യം ചെയ്യിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ആരാധന മൂത്ത് ഭാഗ്യരാജ് പ്രവീണയുടെ പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങി. എന്നാൽ ഇത് തൻറെ വെരിഫെയ്ഡ് പേജല്ലെന്ന് പ്രവീണ റിപ്പോർട്ട് ചെയ്തതോടെ പേജ് പൂട്ടി പോയി. ഇതോടെ പക വർധിച്ച ഭാഗ്യരാജ് പ്രവീണയുടെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുകയായിരുന്നു. തുടർന്ന് പ്രവീണയുടെ സുഹൃത്തുക്കളായ സിനിമാ താരങ്ങൾക്ക് ഇൻസ്റ്റഗ്രാം വഴി അയച്ച് നൽകുകയായിരുന്നു.
നിരവധി മെയിൽ ഐഡികൾ സൃഷ്ടിച്ച് വ്യാജപേരിൽ ആണ് ഇയാൾ അക്കൗണ്ട് സൃഷ്ടിച്ചിരുന്നത്. ഒടുവിൽ പ്രവീണയുടെ കൗമാരക്കാരിയായ മകളുടെ പേരിലും ഇയാൾ വ്യാജ ചിത്രം സൃഷ്ടിച്ചു. ശല്യം സഹിക്കാൻ കഴിയാതെ പ്രവീണ പരാതിയുമായി എഡിജിപി മനോജ് ഏബ്രഹാമിനെ സമീപിച്ചു. സൈബർ പൊലീസ് ഡിവൈഎസ്പി ശ്യാംലാൽ അന്ന് കേസ് എടുക്കുകയായിരുന്നു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ പ്രകാശിൻറെ നേതൃത്വത്തിലുളള സംഘം ദില്ലിയിലെ ഒരു ചേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് 1 മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ഭാഗ്യരാജ് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha