ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തും; ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടേ....? കോക്പിറ്റ് വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ....

കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയെ ഇറക്കി വിട്ട സംഭവം വലിയ വാർത്തയായിരുന്നു. ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം ഉണ്ടായത്. കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെ താരത്തിനെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രമായ ഭാരത സർക്കസിന്റെ പ്രമോഷൻ ചടങ്ങിന് ദുബായിലേക്ക് പോയതായിരുന്നു താരം.
തിരിച്ചു മടങ്ങുന്നതിനിടയിലാണ് ഷൈൻ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടതും. അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കോക്ക്പിറ്റില്‍ കയറിയ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിനായിരുന്നു ഷൈൻ മറുപടി നൽകിയത്. നിങ്ങള്‍ കാലകാലമായി കോക്പിറ്റിൽ കയറുന്നവരോടല്ലേ ഇത് ചോദിക്കേണ്ടതെന്നാണ് ഷൈന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് വീണ്ടും ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഞാന്‍ അത് എന്താ സംഭവം എന്ന് നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ, ഇത്രയും ഭാരം കൂടി സാധനം അല്ലേ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തുകൊണ്ട് കോക്പിറ്റിൽ കയറാൻ അനുവാദം വാങ്ങിയില്ലെന്ന ചോദ്യത്തിന് അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
അവരോട് കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച് തരും. ഞാന്‍ ഒന്ന് അകത്ത് കയറിക്കോട്ടെ എന്ന് ചോദിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ അവിടെ ആരേയും കണ്ടില്ല. ഞാന്‍ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്. അവര്‍ ഏത് സമയവും അതിനുളള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാന്‍ കഴിയില്ല. താന്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ ഒരു എയര്‍ഹോസ്റ്റസും ഇല്ലായിരുന്നു. തനിക്ക് ആകെ ദേഷ്യം വന്നു. അവർ ഉള്ളിലായതോണ്ടാണ് അതിനകത്ത് ചെന്ന് ചോദിക്കാമെന്ന് കരുതിയത്. അല്ലാതെ വാതില്‍ മുട്ടി ചോദിക്കാനൊന്നും പറ്റില്ലാലോ. ദേഷ്യം വന്നപ്പോള്‍ എങ്ങനേലും ഒന്ന് ഇറങ്ങിപ്പോയാല്‍ മതീന്നായി. അങ്ങനെ ഞാന്‍ കണ്ടുപിടിച്ച ഒരു ടെക്നിക്കായിരുന്നു അതെന്നും താരം പറയുന്നു.
കോക്പിറ്റിൽ കയറിയപ്പോള്‍ വിമാനം ഓടിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് കാര്‍ ഓടിക്കാന്‍ തന്നെ മടിയാണ് പിന്നെയല്ലേ ഫ്ലൈറ്റ് എന്നായിരുന്നു ഷൈന്റെ മറുപടി. അവര്‍ ഇത് ഓടിക്കുന്നുണ്ടോയെന്ന് നോക്കണ്ടേ പണം കൊടുത്താണല്ലോ നമ്മള്‍ ഇതില്‍ കയറുന്നത് എന്നായിരുന്നു കോക്പിറ്റിൽ കയറിയ സംഭവത്തെകുറിച്ച് താരത്തിന്റെ പ്രതികരണം.
വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ കോക്പിറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബോ സീറ്റിൽ കിടന്നെന്നും ആരോപണമുണ്ട്. ഇതേതുടർന്നാണ് ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. പിന്നീട്, മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
നടന്റെ അസ്വഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനജീവനക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിന് കൈമാറുകയുമായിരുന്നു. പിന്നീട് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം നൽകിയതോടെയാണ് താരത്തിനെതിരെ എയർ ഇന്ത്യ നിയമനടപടി സ്വീകരിക്കാതിരുന്നത്. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പുതിയ വിസിറ്റ് വിസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടക്കി അയച്ചത്.
https://www.facebook.com/Malayalivartha