ഈ അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകള്‍ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ് ; ആദിയെപ്പറ്റി വിനീത് ശ്രീനിവാസനു പറയാനുള്ളത്...

പ്രണവ് മോഹന്‍ലാല്‍ നായകനായി കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ ആദി മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തെയും പ്രണവിനെയും പറ്റി മികച്ച അഭിപ്രായമാണ് പുറത്ത് വരുന്നത്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. നടനും,സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ആദി കണ്ടതിനു ശേഷം വിനീതിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു , 'ആദി കണ്ടിറങ്ങി. പാര്‍കൗര്‍ സ്റ്റണ്ട്സിന്റെ വലിയൊരു ആരാധകനെന്ന നിലയില്‍ ഞാന്‍ പറയട്ടെ, ബോണ്‍ സീരിസിലെ മാട്ട് ഡാമന്റെ പ്രകടനത്തേക്കാള്‍ മികച്ചു നില്‍ക്കുന്നത് പ്രണവ് ആണ്. ഈ അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകള്‍ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഈ സിനിമയില്‍ പ്രണവ് എടുത്ത കഷ്ടപ്പാടിന്റെ പേരിലും ആദി കണ്ട് പ്രോത്സാഹിപ്പിക്കണം.'-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
പ്രണവിന്റെ വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. പാര്‍ക്കൗര്‍ എന്ന സ്റ്റണ്ട് രീതിയാണ് ഈ ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമായ പാര്‍ക്കൗര്‍ മലയാള സിനിമയിൽ ആദ്യമായി പരീക്ഷിക്കുന്നത് ആദിയിലൂടെയാണ് എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. പാര്‍ക്കൗര്‍ പോലുള്ള സാഹസിക രംഗങ്ങള്‍ പോലും ഡ്യൂപ്പില്ലാതെയാണ് പ്രണവ് മോഹന്‍ലാല്‍ ചെയ്തത്.
സിദ്ധിഖ്, അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha