അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യേണ്ടേ... പുതിയ റോളില്‍ പ്രിയങ്ക

നിര്‍മാതാവായ പ്രിയങ്ക ചോപ്ര പുതിയ വേഷത്തില്‍. പ്രിയങ്ക നിര്‍മിച്ച സിക്കിം ചിത്രം പഹൂന ഡിസംബര്‍ ഏഴിന് റിലീസ് ചെയ്യും. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ കൂടിയായ പ്രിയങ്ക സംഘര്‍ഷഭൂമിയില്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയാണ് തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. നേപ്പാളിലെ മാവോയിസ്റ്റ് അതിക്രമത്തില്‍നിന്നു രക്ഷപ്പെടാന്‍ സിക്കിമിലേക്കുള്ള യാത്രയില്‍ മാതാപിതാക്കളില്‍നിന്നും വേര്‍പെട്ട കുട്ടികളുടെ കഥയാണ് പഹൂന പറയുന്നത്. പ്രിയങ്കയുടെയും അമ്മ മധു ചോപ്രയുടെയും നിര്‍മാണ കമ്പനിയായ പര്‍പ്പിള്‍ പെബില്‍ പിക്‌ചേഴ്‌സാ ണ് സിനിമ നിര്‍മിച്ചത്.
പാഖി എ ടൈരാവാല സംവിധാനംചെയ്ത ചിത്രം ഇതിനകം നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ഇടംനേടി. സിനിമയുടെ പോസ്റ്ററും റിലീസ് തീയതിയും ട്വിറ്ററിലൂടെ പ്രിയങ്കയാണ് പുറത്തുവിട്ടത്. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് സിനിമ പങ്കുവയ്ക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ടൊറന്റോ ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി ജൂറികള്‍ പഹൂന തെരഞ്ഞെടുത്തിരുന്നു. ജര്‍മനിയില്‍ കുട്ടികളുടെ അന്തര്‍ദേശീയ ചലച്ചിത്രമേളയിലും സിനിമ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ കുട്ടി താരങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധനേടി.
മുതിര്‍ന്നവര്‍ തീരുമാനമെടുക്കുന്ന ലോകത്ത് കുട്ടികളുടെ ദാരുണമായ ജീവിതാവസ്ഥയാണ് ചിത്രം പങ്കുവയ്ക്കുന്നതെന്ന് മധുചോപ്ര പറഞ്ഞു. പ്രിയങ്കയുടെ നിര്‍മാണ കമ്പനി 2016ല്‍ നിര്‍മിച്ച മറാത്തി ചിത്രം വെന്റിലേറ്റര്‍ നിരൂപകശ്രദ്ധ നേടിയിരുന്നു. നര്‍മരസപ്രധാനമായ ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.
ഹോളിവുഡില്‍ തിരക്കേറിയ പ്രിയങ്ക ദീര്‍ഘകാല സുഹൃത്തായ നിക് ജോനാസുമായി ഈവര്‍ഷം അവസാനത്തോടെ വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനു മുന്നോടിയായി പ്രിയങ്ക ആംസ്റ്റര്‍ഡാമില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ബാച്ചിലേഴ്‌സ് പാര്‍ടി നടത്തി. ന്യൂയോര്‍ക്കിലും പ്രിയങ്ക വിവാഹപൂര്‍വ ആഘോഷം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha