നീണ്ടകാല ഇടവേളയ്ക്ക് ശേഷം പൂർണിമ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു, സ്‌ക്രീനിൽ എത്തുന്നത് ഇന്ദ്രജിത് സുകുമാരനൊപ്പം

താരകുടുംബത്തിലെ മരുമകളാകും മുമ്പേ മോഡലിങ്ങിലും സിനിമാ സീരിയല്‍ രംഗത്തും തിരക്കുള്ള നടിയായിരുന്നു പൂര്‍ണിമ. വിവാഹശേഷം സിനിമയിൽ നിന്ന് പിൻവാങ്ങിയ പൂർണ്ണിമ വലിയൊരിടവേളക്ക് വിരാമമിട്ട് സിനിമയിലേയ്ക്ക് തിരികെയെത്തുന്നു. ആഷിഖ് അബു ചിത്രം വൈറസ്സിൽ ഭർത്താവ് ഇന്ദ്രജിത് സുകുമാരനൊപ്പമാണ് സ്‌ക്രീനിൽ എത്തുക. പൂർണ്ണിമ മോഹൻ എന്ന പേരിൽ സിനിമ, സീരിയൽ, ആങ്കറിങ് രംഗത്തു സജീവമായിരുന്നു. വിവാഹ ശേഷം കുറച്ചു നാൾ കൂടി സീരിയൽ രംഗത്ത് തുടർന്നെങ്കിലും പിന്നീട് അഭിനയരംഗത്തു നിന്നു തന്നെ മാറി നിൽക്കുകയായിരുന്നു. എന്നാൽ ഫാഷൻ രംഗത്തു തൻ്റെ ബ്രാൻഡായ പ്രണയിലൂടെ പൂർണ്ണിമ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. പ്രമുഖ ഫാഷൻ ഷോകളിലും, സെലിബ്രിറ്റി, മോഡലുകളുടെ ഇടയിലും നിറ സാന്നിധ്യമാണ് പ്രണ. ഡാനി, മേഘമൽഹാർ തുടങ്ങിയവ ആണ് പൂർണിമയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങൾ.
17 ജീവനുകൾ കവർന്ന പനിയെ പ്രമേയമാക്കി മലയാളത്തിൽ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. നിപ പനിക്കു കടിഞ്ഞാണിടുന്ന സംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ റോളാവും ഇന്ദ്രജിത് ചെയ്യുക. ജനുവരി ഏഴാം തിയ്യതിയാണ് വൈറസിന് കോഴിക്കോട് തുടക്കമായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു ആരംഭം. മലയാള സിനിമാ രംഗത്തെ മുൻ നിര താരങ്ങളിൽ ഒട്ടു മിക്കവാറും അണി നിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്.
നിപ്പ ബാധിച്ച കോഴിക്കോട് ജില്ലയാണ് ചിത്രീകരണത്തിന് വേദിയാവുക.കുഞ്ചാക്കോ ബോബൻ, രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, മഡോണ, ജോജു ജോർജ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
https://www.facebook.com/Malayalivartha

























