മകന്റെ സിനിമയിൽ അഭിനയിക്കാൻ തനിക്ക് പോകണമെന്ന് ആശുപത്രി കിടക്കയിൽ ബന്ധുക്കളോട് ശ്രീനിവാസൻ, പിന്തിരിപ്പിച്ച് ബന്ധുക്കളുംസുഹൃത്തുക്കളും- ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപിച്ച ശ്രീനിവാസന്റെ ആരോഗ്യനില സാധാരണനിലയിലേയ്ക്ക്; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ: അടുത്ത 24 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും

ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്റരിൽ നിന്ന് മാറ്റി. അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ തുടരും. ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചുവെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. മകൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്‌ഷൻ ഡ്രാമ സിനിമയിൽ അഭിനയിക്കാൻ ഇന്നുപോകണമെന്ന് അദ്ദേഹം ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞെങ്കിലും വീട്ടുകാർ ഇതിൽ നിന്ന് പിന്തിരിപ്പിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തെ പ്രാർത്ഥനയിൽ ഓർക്കണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് കെട്ടിയതാണ് ശ്വാസംമുട്ടലിന് ഇടയാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഹൃദയം ദുര്‍ബലാവസ്ഥയിലായിരുന്നു. എന്നാല്‍, ഹൃദയാഘാതമുണ്ടായിട്ടില്ല. ഇത് ചികില്‍സയില്‍ ഏറെ മുമ്ബോട്ട് പോകാന്‍ സഹായകമായി. രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതല്‍ തന്നെ ശ്രീനിവാസന്‍ ചികിത്സ തേടുന്നുണ്ട്. ശ്വാസകോശത്തില്‍ നിന്ന് ഫ്‌ളൂയിഡ് നീക്കാനുള്ള ചികിത്സയും ഫലപ്രദമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ജോലി സമ്മര്‍ദ്ദം കാരണമാവാം രക്തസമ്മര്‍ദ്ദം കൂടിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ആശുപത്രിയിൽ എത്തിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങുകയായിരുന്നു. ഐസിസിയു (ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്)വിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ശ്രീനിവാസന്റെ ഇളയ മകന്‍ ധ്യാന്‍ ചന്ദ് സ്ഥലെത്തെത്തിയിട്ടുണ്ട്. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട ബന്ധുക്കളെ കൂടാതെ നടന്മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരും സ്ഥലത്തുണ്ട്.
ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദനയും ശാരീരിക അവശതയുമുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി.
ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ട്ക്കെട്ടില്‍ പിറന്ന ഞാന്‍ പ്രകാശന്‍ തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണിപ്പോള്‍. ഫഹദ് ഫാസില്‍, നിഖിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന് പുറമെ ചില ചിത്രങ്ങളിലും ശ്രീനിവാസന്‍ വേഷമിട്ടു. അതിന്റെ ഡബ്ബിംഗിനായാണ് ലാല്‍ മീഡിയയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ നിയമപ്രശ്നങ്ങളും ശ്രീനിവാസനെ തേടിയെത്തി. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടായിരുന്നു അത്. പരാതി കോടതിയില്‍ എത്തിയതോടെ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയില്‍ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞവര്‍ഷം ജനുവരിയിലും കുഴഞ്ഞുവീണ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് താരം ആശുപത്രി വിട്ടത്. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ ആക്കിയതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ പിന്നീട് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതോടെയാണ് കുഴഞ്ഞുവീണതെന്ന് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























