കുറ്റപ്പെടുത്തലുകളുമില്ല; വിഴുപ്പലക്കലുമില്ല... ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായി

കുറ്റപ്പെടുത്തലുകളും വിഴുപ്പലക്കലുമില്ലാതെ അവര്‍ വേര്‍പിരിഞ്ഞു. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇന്നു രാവിലെ എറണാകുളം കുടുംബ കോടതിയാണ് ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ച് ഉത്തരവിറക്കിയത്. ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.
2014 ജൂലായ് 24നാണ് ദിലീപ് വിവാഹമോചനത്തിനായി എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അത് സംയുക്തവിവാഹമോചന ഹര്‍ജിയായി മാറി. ഇരുവര്‍ക്കും പറയാനുള്ളത് കോടതി കേള്‍ക്കുകയും ചെയ്തു. എന്നാല്‍,വീണ്ടുവിചാരത്തിന് സാവകാശം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നതിനാല്‍ ആറുമാസം കഴിഞ്ഞ് ഹര്‍ജി പരിഗണിക്കാനായി മാറ്റിവച്ചു. ഈ ജനുവരി 29ന് ഹര്‍ജി വീണ്ടും പരിഗണിച്ചു. അന്ന് കോടതിയില്‍ നിന്ന് കരഞ്ഞുകൊണ്ടാണ് മഞ്ജുവാര്യര്‍ തിരികെ പോയത്. സ്വത്തിന്റെ കാര്യത്തിലും മകളുടെ കാര്യത്തിലും നേരത്തെ പരസ്പരം ധാരണയായിരുന്നു. തന്റെ പേരില്‍ സമ്പാദിച്ച സ്വത്തുക്കളൊക്കെ മഞ്ജു തിരികെ നല്‍കുമെന്ന് പറഞ്ഞിരുന്നു. മകള്‍ മീനൂട്ടിക്ക് അച്ഛനോടുള്ള പ്രിയം മറ്റാരെക്കാളും തനിക്കറിയാമെന്ന് മഞ്ജു തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതുകൊണ്ടു തന്നെ മകളുടെ സന്തോഷത്തില്‍ ഒരിക്കലും വിഘാതം സൃഷ്ടിക്കില്ലെന്നും കുറിപ്പില്‍ മഞ്ജു പറഞ്ഞിരുന്നു. കോടതിയില്‍ കൗണ്‍സലിംഗ് നടക്കുമ്പോള്‍ മകള്‍ക്കായി മഞ്ജു ഒരിക്കലും വാശിപിടിച്ചില്ല. മീനൂട്ടി അമ്മയ്ക്കായും. സ്വത്തും മകളും നിരുപാധികം ദിലീപിന് നല്‍കിക്കൊണ്ട് വിവാഹമോചന കേസില്‍ മഞ്ജു പുതിയൊരു പാത തന്നെ സൃഷ്ടിച്ചു. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് ഇരുവരും ജനുവരിക്കു മുമ്പു തന്നെ അറിയിച്ചിരുന്നു. സിനിമാതിരക്കുകളില്‍ മുഴുകുമ്പോഴും കേസിനും മറ്റും കൃത്യമായി ഹാജരാകാനും ഇരുവരും സമയം കണ്ടെത്തി.
വിവാഹമോചന കേസുകള്‍ കോടതിയില്‍ നടക്കുമ്പോഴും പരസ്പരം കുറ്റപ്പെടുത്താന്‍ ദിലീപും മഞ്ജുവും തയാറായിരുന്നില്ല. മാത്രമല്ല ഇന്‍കംടാക്‌സുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി സാക്ഷിപറയാന്‍ മഞ്ജു തയാറാവുകയും ചെയ്തു. ദിലീപിന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കാണാറുണ്ടെന്നും മഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞു. 29ന് കോടതിയിലെത്തിയ ഇരുവരും ചിരിച്ച മുഖവുമായാണ് തങ്ങളെ കാത്തുനിന്നവരെ അഭിമുഖീകരിച്ചത്. വേര്‍പിരിഞ്ഞാലും മഞ്ജു എന്റെ നല്ല സുഹൃത്തായിരിക്കും. എന്റെ മകളുടെ അമ്മയല്ലേ മഞ്ജു എന്നാണ് ദിലീപ് കോടതി പരിസരത്തു വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
വേര്‍പിരിഞ്ഞാല്‍ പിന്നെ പൊതുവേദിയില്‍ വച്ചുപോലും പരസ്പരം മുഖംതിരിച്ച് പോകുന്നവര്‍ക്കിടയില്‍ വ്യത്യസ്തരാവുകയാണ് താരങ്ങള്‍. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ഗംഭീര വിജയത്തിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് മഞ്ജു ഇപ്പോള്‍. തമിഴ് സൂപ്പര്‍ താരം സൂര്യ തന്റെ അടുത്ത ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ അഭിനയത്തിരക്കിലേക്ക് തിരികെ എത്തിയ മഞ്ജു അന്യഭാഷയിലും തന്റെ അഭിനയവൈഭവം പ്രകടിപ്പിക്കാന്‍ പോകുന്നു. എട്ട് സിനിമകളാണ് ഈ വര്‍ഷം ദിലീപിന്റേതായി റിലീസ് ചെയ്യുക. നടന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന എവിടെ ചന്ദ്രേട്ടനിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ദിവാകറിന്റെ ഇവന്‍ മര്യാദരാമനാണ് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha