അങ്ങനെയങ്ങ് നിര്‍ത്തിപ്പോയാലോ... ആരാധകര്‍ സമ്മതിച്ചില്ല; ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേയുടെ പ്രദര്‍ശനം ഒരാഴ്ച കൂടി നീട്ടി

ആരാധകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേയുടെ പ്രദര്‍ശനം ഒരാഴ്ച കൂടി നീട്ടി. 1009 ആഴ്ചകള്‍ക്ക് ശേഷം ഇന്നലെ രാവിലെ നടന്ന പ്രദര്‍ശനത്തോടെ കര്‍ട്ടന്‍ ഇടാനായിരുന്നു മറാത്താ മന്ദിര്‍ തീയറ്ററിന്റെ തീരുമാനം. എന്നാല്‍ രാജിന്റെയും സിമ്രന്റെയും പ്രണയം ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആരാധകര്‍ സമ്മതിക്കാതെ വന്നതോടെ വീണ്ടും തീരുമാനം ഒരാഴ്ചത്തേക്ക് കൂടി നീട്ടി.
ഇതോടെ അവസാന പ്രദര്‍ശനം അടുത്ത ബുധനാഴ്ച എന്ന നിലയിലായി. പതിവിന് വിരുദ്ധമായി അവസാന ഷോ മോര്‍ണിംഗ് ഷോ ആയിരുന്നു. നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ രാവിലെ 9.15 ന് തന്നെ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ ചരിത്രപരമായ പര്യവസാന പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിഞ്ഞതും തീയറ്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മനോജ് ദേശായി ഉള്‍പ്പെടെയുള്ള അധീകൃതര്‍ക്ക് ഫോണ്‍കോളുകളുടേയും മെസേജുകളുടേയും പ്രവാഹമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദര്‍ശനം ഒരാഴ്ച കൂടി നീട്ടിയത്.
ബുധനാഴ്ച സിനിമയുടെ വിതരണക്കാരായ യാശ്രാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമമായി സിനിമ മാറ്റുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത് ഷാരൂഖും കാജലും നായികാനായകന്മാരായി അഭിനയിച്ച ചിത്രം ഡിസംബറിലായിരുന്നു ആയിരം ആഴ്ചകള്‍ പൂര്‍ത്തിയാക്കിയത്. മാറ്റിനിക്ക് മുമ്പായി പൂര്‍ത്തിയാകുന്ന പ്രദര്‍ശനത്തിന് എപ്പോഴും തിരക്കായിരുന്നു. തീയറ്ററിലെ 15, 17,20 നിരക്കുകള്‍ വരുന്ന ടിക്കറ്റുകള്‍ വാങ്ങാന്‍ വന്‍ ജനത്തിരക്കായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി നൂണ്‍ഷോയായി ഓടുകയായിരുന്നു. ബോളിവുഡിലെ വന്‍കിട ചിത്രങ്ങള്‍ മൂന്ന് ഷോ ഓടിക്കുമ്പോഴും 11.30 യുടെ ഷോ ദില്‍വാലേ ദുല്‍ഹാനിയയ്ക്ക് വേണ്ടി മാത്രം തീയറ്റര്‍ മാറ്റി വെച്ചിരിക്കുകയായിരുന്നു. 1,107 സീറ്റുകളുള്ള തീയറ്ററില്‍ സിനിമ എപ്പോഴും 60 ശതമാനം കാണികളെ നിലനിര്‍ത്തിക്കൊണ്ടുമിരുന്നു. 1995 ല്‍ റിലീസ് ചെയ്ത ചിത്രം തുടര്‍ച്ചയായി 50 ആഴ്ചകളാണ് ഹൗസ്ഫുള്ളായി ഓടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha