ഞാനെന്തിന് മറ്റുള്ളവരെ പേടിക്കണം? മറ്റുള്ളവര്‍ എന്തു കരുതിയാലും എനിക്കു പ്രശ്‌നമല്ല

മറ്റുള്ളവര്‍ എന്തു കരുതിയാലും തനിക്ക് പ്രശ്‌നമല്ലെന്ന് പ്രശസ്ത താരം സംഗീതാ മോഹന്‍. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഗീത എല്ലാം തുറന്ന് പറഞ്ഞത്.
വാര്‍ത്തകളിലെ സത്യം എന്താണെന്ന് എന്റെ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാം. അവര്‍ക്കെന്നെ വിശ്വാസമുണ്ട്. ആ വിശ്വാസമാണ് എന്റെ ശക്തി.
പിന്നെന്തിന് മറ്റുള്ളവരെ പേടിക്കണം? പൊതുവെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കാണ് ഞാന്‍ സങ്കടപ്പെടുന്നത്. വേദനിപ്പിക്കുന്നത് ഏറ്റവും അടുത്ത ആളാണെങ്കില്‍ സഹിക്കാന്‍ കഴിയില്ല.
അതേസമയം ഒട്ടും ബന്ധമില്ലാത്തവര്‍ എത്ര വലിയ സംഭവം പറഞ്ഞുണ്ടാക്കിയാലും എനിക്കു പ്രശ്‌നമല്ല.
നടുറോഡില്‍ പോലീസുകാരോട് കയര്‍ത്തു സംസാരിച്ചു. മദ്യപിച്ച് വാഹനമോടിച്ചു.. തുടങ്ങിയ ആരോപണങ്ങള്‍ക്കെതിരെ സംഗീത പൊട്ടിത്തെറിച്ചു.
പോലീസല്ല, പ്രസിഡന്റായാലും ന്യായമുള്ളിടത്ത് മാത്രമേ ഞാന്‍ കയര്‍ത്തു സംസാരിക്കാറുള്ളൂ. എന്റെ അമ്മ ഉപദേശിക്കുന്നത് നേരെ തിരിച്ചാണ്. നിന്റെ ഭാഗത്ത് എന്തു ന്യായമുണ്ടെങ്കിലും ആളുകളോട് കയര്‍ത്തു സംസാരിക്കുന്നത് തെറ്റാണ്.
അമ്മയുടെ വാദത്തോട് യോജിപ്പില്ല. അമ്മ സോഫ്റ്റാണ്. അമ്മ ദേഷ്യത്തോടെ സംസാരിച്ചിട്ടുള്ളത് മക്കളോടു മാത്രമാണ്. അപമാനിച്ച് സംസാരിച്ചാലും ക്ഷമിക്കുന്ന ആ ശീലമല്ല എന്റേത്. തെറ്റെന്നു തോന്നിയാല്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കും. ചിലപ്പോള്‍ തല്ലിയെന്നും വരാം.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവം പറയാം. മൂവാറ്റുപുഴയില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം. കവിയൂര്‍ പൊന്നമ്മച്ചേച്ചിയും അനില ശ്രീകുമാറും ഞാനും ചേര്‍ന്നാണ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കേണ്ടത്. ഞങ്ങള്‍ കൃത്യസമയത്തുതന്നെ സ്ഥലത്തെത്തി. തൊട്ടടുത്താണ് ജ്വല്ലറിയുടമയുടെ വീട്. അവിടെനിന്ന് ചായ കുടിച്ചശേഷം ജ്വല്ലറിയിലേക്ക് നടന്നു. ചുറ്റും ജനക്കൂട്ടമാണ്.
പോലീസ് സംരക്ഷണയിലാണ് ഞങ്ങള്‍ നടന്നുനീങ്ങുന്നത്. പെട്ടെന്ന് പിറകില്‍നിന്ന് ആരോ തോണ്ടുന്നു. ഞാന്‍ തിരിഞ്ഞുനോക്കി. ഒരുപാടു മുഖങ്ങളുണ്ട്. ഇവരില്‍ എന്നെ തോണ്ടിയതാരാണെന്ന് എങ്ങനെ തിരിച്ചറിയും? രണ്ടുമൂന്നു തവണ തുടര്‍ന്നപ്പോള്‍, തോണ്ടിയ കൈക്കു കയറിപ്പിടിച്ച് മുന്നോട്ടേക്കു വലിച്ചിട്ടു.
ചെകിട്ടത്തൊന്നു പൊട്ടിച്ചു. അങ്ങനെയൊരു നീക്കം അയാളൊരിക്കലും പ്രതീക്ഷിച്ചുകാണില്ല. പിന്നീടാണറിഞ്ഞത്, അവിടുത്തെ സ്റ്റാഫായിരുന്നു ആ ചെറുപ്പക്കാരനെന്ന്. അതുകൊണ്ടുതന്നെ പ്രശ്‌നം പോലീസിലെത്താതെ പരിഹരിക്കുകയായിരുന്നു. കിട്ടേണ്ടത് കിട്ടിയപ്പോള്‍ അവനൊരു ബോധം വന്നുകാണും. ഇനിയൊരിക്കലും അവന്‍ ഇതുപോലുള്ള പോക്രിത്തരം കാണിക്കുകയില്ല.
സ്ത്രീകള്‍ ഭയത്തോടെ കാണേണ്ട വര്‍ഗമല്ല, പുരുഷന്‍മാര്‍. ചില ക്രിമിനലുകള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നുണ്ടാവാം. അത്തരക്കാരെയാണ് നിലയ്ക്കുനിര്‍ത്തേണ്ടത്.
എസ്.എസ്.എല്‍.സിക്ക് 540 മാര്‍ക്ക് നേടിയ ഞാന്‍ വഴി തെറ്റിയാണ് സിനിമയിലെത്തിയത്. അച്ഛന്‍ ഗോപി മോഹന്‍ കെ.എസ്.ആര്‍.ടി.സിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു. അമ്മ ജയകുമാരി പി.എസ്.സി ഓഫീസര്‍. അഡീഷണല്‍ ജോയിന്റ് സെക്രട്ടറിയായാണ് അമ്മ റിട്ടയര്‍ ചെയ്തത്. ഞാനും ചേച്ചി സരിതയും നന്നായി പഠിക്കുമായിരുന്നു.
എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഞാനും ചേച്ചിയും കിളിമാര്‍ക്ക് കുടയുടെ പരസ്യത്തില്‍ അഭിനയിച്ചു. അതിനുശേഷം ദൂരദര്‍ശനിലെ സൗമിനി എന്ന സീരിയലിലും. ആ സീരിയലോടെ ചേച്ചി അഭിനയം നിര്‍ത്തി.
ഞാനാവട്ടെ തുടരുകയും ചെയ്തു. ചേച്ചിക്ക് പിന്നീട് ഓള്‍ ഇന്ത്യാ എന്‍ട്രന്‍സ് കിട്ടി. ആദ്യത്തെ ഓപ്ഷന്‍ അഗ്രിക്കള്‍ച്ചര്‍ ആയിരുന്നു. അമ്മയുടെ ആഗ്രഹം പോലെ തന്നെ ചേച്ചി അഗ്രിക്കള്‍ച്ചര്‍ ഓഫീസറായി. ഇപ്പോള്‍ കണ്ണൂരിലാണ്.
ഞാനും എന്‍ട്രന്‍സ് എഴുതണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. മക്കള്‍ക്ക് ലാസ്റ്റ് ഗ്രേഡ് ആയാലും സര്‍ക്കാര്‍ ജോലി വേണമെന്നതായിരുന്നു അമ്മയുടെ നിര്‍ബന്ധം.
പെന്‍ഷന്‍ കിട്ടുന്ന ജോലിയില്ലെങ്കില്‍ എന്റെയും നിന്റച്ഛന്റെയും കാലശേഷം ആരുനോക്കും നിന്നെ? ഈ ചോദ്യമാണ് അമ്മ ചോദിച്ചുകൊണ്ടിരുന്നത്. എന്നെയും ആ വഴി നടത്താന്‍ അമ്മ പരമാവധി ശ്രമിച്ചു. സെക്കന്‍ഡ് ഗ്രൂപ്പ് എടുപ്പിച്ചു. പിന്നീട് സുവോളജി മെയിന്‍. എന്‍ട്രന്‍സിന്റെ കോച്ചിംഗിന് കൊണ്ടുപോയി. എന്നിട്ടും എനിക്ക് കിട്ടിയില്ല. എനിക്കെന്തോ അഗ്രിക്കള്‍ച്ചറിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല.
ആ സമയത്താണ് വയലാര്‍ മാധവന്‍കുട്ടിയുടെ \'ജ്വാലയായ്\' എന്ന സീരിയല്‍ ചെയ്യുന്നത്. അതോടെ സീരിയല്‍ രംഗത്ത് തിരക്കായി. എന്തെങ്കിലും ഒന്ന് തീരുമാനിക്കാന്‍ അമ്മ പറയുന്നത് അപ്പോഴാണ്.
അഭിനയമാണ് എനിക്കിഷ്ടമെന്ന് തുറന്നുപറഞ്ഞു. പിന്നീടാരും എതിര്‍ത്തില്ല. സര്‍ക്കാര്‍ ജോലി കിട്ടാത്തതിന്റെ പരിഭവം ഇപ്പോഴും അച്ഛനും അമ്മയ്ക്കുമുണ്ട്. പക്ഷേ ഞാന്‍ അഭിനയരംഗത്ത് അറിയപ്പെട്ടതിനാല്‍ ഒന്നും പറയുന്നില്ലെന്നു മാത്രം.
സത്യം പറയാലോ, വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. അതിനേക്കാള്‍ പ്രധാനമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഞാനിപ്പോള്‍ തികച്ചും കംഫര്‍ട്ടബിളാണ്. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് അച്ഛനും അമ്മയും പറയാറുണ്ട്.
സാധാരണ എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ പ്ലസ്ടു, അതുകഴിഞ്ഞ് ഡിഗ്രി. അടുത്ത സ്‌റ്റെപ്പ് വിവാഹമാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും ലാസ്റ്റ് പ്രയോറിറ്റിയാണ് വിവാഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha