ശ്രീനിയേട്ടനെ ഈ ഒരു അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ല.... നാദിർഷ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു... ഒരുപാട്പേരുടെ കണ്ണുനിറഞ്ഞു അന്ന്... നമ്മളെ എത്രയോ കാലം ചിരിപ്പിച്ച് ചിന്തിപ്പിച്ച ഒരു വ്യക്തിയാണ്... ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്നാണ് വിശ്വസിക്കുന്നത്.. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും അദ്ദേഹം മാറും.. പൂർണ ആരോഗ്യവാനായി വരുമെന്നുതന്നെയാണ് പ്രതീക്ഷ ഹൃദയ സ്പർശിയായ വാക്കുകളുമായി നടൻ സിദ്ദിഖ്...

മലയാള സിനിമാ ലോകത്ത് തിരക്കഥാകൃത്തായും നടനായും ഹാസ്യ താരമായുമൊക്കെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസൻ. അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തിതിരുന്നത്. അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന നടൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകരും ആവേശത്തിലായി. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തിയ ശ്രീനിവാസന്റെ ചിത്രങ്ങൾ താരങ്ങളും ആരാധകരുമെല്ലാം പങ്കുവെച്ചിരുന്നു. എന്നാൽ അസുഖം കാരണം ഓർമ്മ നഷ്ടപ്പെട്ട ശ്രീനിവാസനെ തിരിച്ചുകിട്ടുമോ എന്ന് വേവലാതിപ്പെട്ടിരുന്ന സമയം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടൻ സിദ്ദിഖ്.
സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...
''വലിയൊരു ആപത്‌ഘട്ടം കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരാളാണ് ശ്രീനിയേട്ടൻ. ഹൃദയ സംബന്ധമായ അസുഖം കാരണം ഓർമ്മ നഷ്ടപ്പെട്ട് അദ്ദേഹത്തെ തിരിച്ചുകിട്ടുമോ എന്ന് വേവലാതിപ്പെട്ടിരുന്ന സമയം ഉണ്ടായിരുന്നു. ഞാൻ എല്ലാ ദിവസവും സത്യൻ അന്തിക്കാടുമായി സംസാരിച്ചിരുന്നു. അപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞത് ഇപ്പോൾ നമുക്ക് ശ്രീനിയെ അങ്ങനെ വിട്ടുകളയാൻ പറ്റില്ല. അങ്ങനെയൊക്കെ ഒതുക്കിയിരുത്തിയിട്ട് കാര്യമില്ല. ഒരു വേദിയിലൊക്കെ കൊണ്ടുവരണം. ഒന്നുകൂടെ തിരിച്ചുകൊണ്ടുവരണം. ഒരു റൗണ്ട് കൂടെ ശ്രീനി വരണം. വരും എന്നൊക്കെയാണ്. അതാണ് ഞങ്ങളുടെയൊക്കെ സ്പിരിറ്റ്. ശ്രീനിയേട്ടനെ അങ്ങനെയങ്ങു ഒതിക്കിയിരുത്തിയാൽ പറ്റില്ലല്ലോ. ഇത്രയും ആൾക്കാരുള്ള ഒരു വേദിയിൽ അദ്ദേഹത്തെ ആദരിക്കുമ്പോൾ ലഭിക്കുന്ന എനർജി വേറെയല്ലേ... നമ്മൾ ഒരിടത്തുനിന്നും അപമാനിതനാകാനല്ല ആഗ്രഹിക്കുന്നത്. അത്രയും ബഹുമാനിതനായ വ്യക്തിയാണ് അദ്ദേഹം എന്ന് അദ്ദേഹം തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന എനർജി വളരെ വലുതായിരിക്കും. അതാണ് ഞങ്ങൾ അമ്മയുടെ മീറ്റിങ്ങിൽ അദ്ദേഹത്തെ കൊണ്ടുവരാൻ തീരുമാനിച്ചത്. എനിക്കാണ് ശ്രീനിയേട്ടനെയും ലാലിനെയും സ്റ്റേജിലേക്ക് വിളിക്കാനുള്ള അവസരം ഉണ്ടായത്. പക്ഷെ അവിടെ ഞെട്ടിച്ചുകളഞ്ഞത് മോഹൻലാലാണ്. അദ്ദേഹം അതുപോലെയാണ് അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുവരുകയും ചെയ്തത്. അതുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ നാദിർഷ എന്റെയടുത്തേക്ക് വന്ന് പൊട്ടിക്കരഞ്ഞു. കാരണം ശ്രീനിയേട്ടന്റെയൊക്കെ ഏറ്റവും നല്ല സമയം കണ്ടിട്ടുള്ള നാദിർഷായ്ക്ക് ഇപ്പോൾ അങ്ങനത്തെ ഒരു അവസ്ഥയിൽ... ശ്രീനിയേട്ടനെ ഈ ഒരു അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ല. നാദിർഷ കെട്ടിപിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ഒരുപാട്പേരുടെ കണ്ണുനിറഞ്ഞു അന്ന്. നമ്മളെ എത്രയോ കാലം ചിരിപ്പിച്ച് ചിന്തിപ്പിച്ച ഒരു വ്യക്തിയാണ്. സന്ദേശം പോലത്തെ ഒരു സ്ക്രിപ്റ്റ് നമുക്ക് തന്ന ഒരാളാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യമെല്ലാം കണ്ട് അന്നേ എഴുതിയതാണ്. അപ്പോൾ അത്രയും വലിയ ജീനിയസ് ആയ വ്യക്തി, അദ്ദേഹത്തെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവ് കൂടെ ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും അദ്ദേഹം മാറും. അദ്ദേഹം പൂർണ ആരോഗ്യവാനായി വരുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും പറയുകയാണ് സിദ്ദിഖ്.
https://www.facebook.com/Malayalivartha

























