നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പനജി പൊലീസ്. വ്യാഴാഴ്ച പുലര്‍ച്ചെ ഗോവയിലെ വസതിയില്‍ വച്ചാണ് നാനാ പടേക്കര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്. മരണകാരണവും സാഹചര്യങ്ങളും കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 194 ആം വകുപ്പ് പ്രകാരമാണ് പനജി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ നായിക്കിനാണ് അന്വേഷണ ചുമതല. ഡോണ പോളയിലെ ഓഷ്യന്‍ പാര്‍ക്ക് വസതിയില്‍നിന്ന് മണിപാല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചപ്പോഴേക്കും നടന്‍ മരിച്ചിരുന്നുവെന്ന് പൊലീസ് റെക്കോര്‍ഡുകളില്‍ പറയുന്നു. ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുമായി പൊലീസ് സംഘം കൂടിക്കാഴ്ച നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
മണിപാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഏകദേശം 45 മിനിറ്റോളം സിപിആര്‍ നല്‍കി അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലര്‍ച്ചെ 5.20 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതികശരീരം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. തുടര്‍ന്ന് രാത്രി വൈകി പുണെ ജില്ലയിലെ ഡോണ്‍ജെയിലുള്ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍.
പ്രാഥമിക അന്വേഷണത്തില്‍ സ്വാഭാവിക മരണമാണെന്നു വ്യക്തമായാല്‍ കേസ് ഫയല്‍ ക്ലോസ് ചെയ്യും. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള സംശയകരമായ സാഹചര്യങ്ങളോ അപാകതകളോ കണ്ടെത്തിയാല്‍ കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.''ആശുപത്രിയില്‍ എത്തിക്കും മുന്‍പ് അദ്ദേഹം മരിച്ചിരുന്നു. തുടര്‍ന്നു നിയമപരമായ നടപടികളുടെ ഭാഗമായി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതൊരു ഹൃദയാഘാതമാണെങ്കിലും അതിലേക്കു നയിച്ച കൃത്യമായ കാരണം വ്യക്തമല്ല. അദ്ദേഹം ഹൃദ്രോഗബാധിതനായിരുന്നുവെന്നും അതിനായുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്'' – മണിപാല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖര്‍ സാല്‍ക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























