നാളെ അമ്മയുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല...കാരണം?

നാളെ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ലെന്ന് ഭാരവാഹികളെ അറിയിച്ചു. വ്യക്തിപരമായ അസൗകര്യം മൂലമാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്ന് മഞ്ജു പറഞ്ഞു.
അതേസമയം വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പുകയുന്നതിനിടെയാണ് താര സംഘടനയായ അമ്മയുടെ 23ാമത് വാര്‍ഷിക പൊതുയോഗം നടക്കുന്നത്.
നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും കൂടിയായ രമ്യ നമ്പീശന്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവിനും നാളത്തെ ജനറല്‍ ബോഡി യോഗത്തിനും ശേഷം ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സമയം നടിയാക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്തു വരികയാണ്. ദിലീപിനെ ചോദ്യം ചെയ്യുന്നത് ഒമ്പതാം മണിക്കൂറിലേയ്ക്ക് കടന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























