എന്‍.സി.പി.പിളരും ; ചാണ്ടി കോണ്‍ഗ്രസിലെത്തും ശശീന്ദ്രന്‍ ഇടതുമുന്നണിയിലും

എന്‍.സി.പി ദേശീയതലത്തില്‍ ബി.ജെ.പിയോട് അടുക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രണ്ട് എന്‍.സി.പി. എം.എല്‍.എമാരില്‍ ഒരാള്‍ കോണ്‍ഗ്രസിലേയ്ക്ക് ചേക്കാറാനും മറ്റൊരാള്‍ ഇടതുമുന്നണിയിലും തുടരാന്‍ തീരുമാനിക്കും. എന്‍.സി.പി ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്ന കേരളഘടകം എന്‍.സി.പി പിളര്‍പ്പിന്റെ വക്കിലാണ്. കേരളത്തില്‍ എന്‍.സി.പിക്ക് രണ്ടു എം.എല്‍.എമാരാണുളളത്. എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും. ഇതില്‍ തോമസ് ചാണ്ടി നേരത്തെതന്നെ കോണ്‍ഗ്രസിനോട് അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്. ഇടതുമുന്നണിയിലല്ലെങ്കിലും തോമസ് ചാണ്ടി കുട്ടനാട് നിന്നും ജയിക്കും. അതിനുളള വഴി അദ്ദേഹത്തിനറിയാം.
ഉമ്മന്‍ചാണ്ടിയും തോമസ് ചാണ്ടിയും തമ്മില്‍ അടുത്ത ബന്ധമാണുളളത്. എന്നാല്‍ എ.കെ.ശശീന്ദ്രന്‍ ഇടതുപക്ഷ മുന്നണിയില്‍ ഉറച്ചു നില്‍ക്കുകയാണ്. നേരത്തെ തോമസ് ചാണ്ടി കോണ്‍ഗ്രസിലേയ്ക്ക് പോകാന്‍ ആലോചിച്ചെങ്കിലും ശശീന്ദ്രന്റെ എതിര്‍പ്പ് കാരണം നടന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി.യെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് തോമസ് ചാണ്ടി ഇടതുമുന്നണി വിടാന്‍ ആലോചിച്ചെങ്കിലും ശശീന്ദ്രന്റെ എതിര്‍പ്പ് കാരണം നടക്കാതെ പോയി. പിന്നീട് എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇടതുമുന്നണിയില്‍ തുടരാന്‍ തീരുമാനിച്ചത്.
ഇതിനകം പലവട്ടം തോമസ് ചാണ്ടി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ യു.ഡി.എഫിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതിനുളള അവസരം വരട്ടെ എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രസിദ്ധിയും തോമസ് ചാണ്ടിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരുവര്‍ഷവും ഏതാനും മാസങ്ങളും മാത്രമുളളപ്പോള്‍ മുന്നണിയിലേക്ക് പുതിയ ഘടകകക്ഷികളെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ഇപ്പോഴുളള ഘടകകക്ഷികള്‍ ചോദിക്കുന്നു.
ബി.ജെ.പി അനുകൂല നിലപാട് എന്‍.സി.പി ദേശീയ നേതൃത്വം സ്വീകരിക്കുന്നതില്‍ തോമസ് ചാണ്ടിക്ക് വൈഷമ്യമില്ല. കാരണം അതില്‍ തെറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്. ദേശീയ നേതൃത്വത്തിന് എന്തുതീരുമാനം വേണമെങ്കിലും എടുക്കാമെന്നും തോമസ് ചാണ്ടി പറയുന്നു.
അതേ സമയം ആര്‍.എം.പി ഇടതുമുന്നണി വിട്ടുപോയതോടെ കൂടുതല്‍ ഘടകകക്ഷികള്‍ മുന്നണി വിടുന്നതിനോട് ഇടതുമുന്നണി നേതൃത്വത്തിന് താല്‍പര്യമില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എന്തുവിലകൊടുത്തും എന്‍.സി.പി യെ ഇടതുമുന്നണിയില്‍ നിര്‍ത്താനായിരിക്കും പാര്‍ട്ടി ശ്രമിക്കുക. കൂടുതല്‍ ക്ഷീണം മുന്നണിക്കുണ്ടാക്കാന്‍ ഒരിക്കലും സി.പി.എം ശ്രമിക്കില്ല. അതേസമയം ദേശീയതലത്തില്‍ ബി.ജെ.പിയുമായി സഹകരിക്കുന്ന ഒരു പാര്‍ട്ടിയെ എങ്ങനെയാണ് കേരളത്തില്‍ ഘടകകക്ഷിയാക്കും എന്ന ചോദ്യം സി.പി.എമ്മില്‍ ഉയരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha