വഴി മുടക്കികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കരുത്; ദേശീയ പാത 45 മീറ്റര്‍ തന്നെ വേണം

നല്ല റോഡുകള്‍ ടാക്‌സ് അടച്ച് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അവകാശമാണ്. വഴി നടക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. ചങ്കൂറ്റമില്ലാതെ മാറിമാറി വരുന്ന ഭരണ കര്‍ത്താക്കള്‍ ബന്ധവും സ്വന്തവും പറഞ്ഞ് വിശ്വാസവും പള്ളിയും അമ്പലവുമെന്നൊക്കെ പറഞ്ഞ് കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാക്കുന്നു. പാവം മലയാളികള്‍ ശ്വാസമടക്കി ഭീതിയില്‍ ഈ നിരത്തുകളിലൂടെ യാത്ര ചെയ്യുന്നു. ഒരു തരത്തില്‍ ദേശീയ പാതയ്ക്ക് 30 മീറ്റര്‍ എന്ന കേരള നിര്‍ദ്ദേശം തള്ളിയ കേന്ദ്ര സര്‍ക്കാരിനെ സ്തുതിക്കണം. 4 വരി റോഡും സര്‍വീസ് റോഡും മീഡിയനും ബസ് വേയും ഒക്കെയുള്ള സഞ്ചാര യോഗ്യമുള്ള അന്തസുള്ള റോഡുകള്‍ മലയാളികള്‍ക്കും വേണ്ടെ?
ധന കമ്മിയില്‍ കിടക്കുന്ന കേരള സര്‍ക്കാരിന് ഇത് സ്വപ്നം കാണാനേ കഴിയൂ. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍പ്പെടുത്തി ബുദ്ധിപൂര്‍വം എത്രയും വേഗം ദേശീയ പാതാ വികസനം നടപ്പിലാക്കുകയാണ് വേണ്ടത്.
നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ദേശീയ പാതാ വികസനത്തില്‍ ഏറെ മുന്നിലാണ്. സഞ്ചാര യോഗ്യമായ നല്ല പാതകള്‍ ഒരു നാടിന്റെ ആത്യാവശ്യമാണ്. കേരള വികസനം പ്രസംഗിക്കുന്നവര്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍ വികസന വഴിമുടക്കികളെ നോക്കാതെ, രാഷ്ട്രീയം നോക്കാതെ വര്‍ഗീയം കലര്‍ത്താതെ സ്വപ്ന വികസനത്തിന് ഒന്നിക്കണം.
സംസ്ഥാന വികസനവും ജനക്ഷേമവും ഭരണക്കാരുടെ മുദ്രാവാക്യമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുപ്പ് ശ്രമങ്ങളുമായി മുന്നോട്ട് നീങ്ങുക. ആവശ്യത്തിന് വീതിയില്ലാത്ത റോഡുകളില്‍ പൊലിയുന്ന ജീവനേക്കാള്‍ നഷ്ടം എന്താണ്?
കുറച്ച് കച്ചവട, വഴിയോര, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ നഷ്ടക്കണക്കുകള്‍ പെരുപ്പിച്ചു കാട്ടി ഒരു കൂട്ടര്‍ പല്ലിയെപ്പോലെ ചിലച്ചുകൊണ്ടിരിക്കും. ഇത് കാണാതെ വഴിയില്‍ വീഴുന്ന ചോരയുടെ നിറവും കണക്കും ഓര്‍ക്കുക.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെ കാറില്‍ യാത്രചെയ്യാന്‍ 6 മണിക്കൂര്‍ വേണം. തമിഴ്‌നാട്ടില്‍ 220 കിലോമീറ്റര്‍ യാത്രചെയ്യാന്‍ 2 മണിക്കൂര്‍ മതി. വാചകക്കസര്‍ത്ത് നിര്‍ത്തി ഭരണ വര്‍ഗം തന്റേടം കാട്ടേണ്ട അവസ്ഥയാണ്. ഇവിടെ ഉയരുന്ന എതിര്‍പ്പുകള്‍ അലിഞ്ഞില്ലാതാകും. പ്രവര്‍ത്തിച്ച് കാട്ടേണ്ട സമയമാണ്.
തലസ്ഥാന വികസനത്തിനായി പാറ്റൂരിലെ സെമിത്തേരി പൊളിച്ചുമാറ്റിയ ലാറ്റിന്‍ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ മാതൃകയാക്കണം. അപകട മരണമൊരുക്കുന്ന വഴിക്കെണികള്‍ ഒരു ദൈവവും ആഗ്രഹിക്കുന്നില്ല. ഏത് പള്ളിയും അമ്പലവും പ്രതിഷ്ഠയും മാറ്റി സ്ഥാപിക്കാം. മതേതരത്വം പറയുന്ന ഒരു വലിയ ജനതയല്ലേ നമുക്കുള്ളത്.
മലയാളികള്‍ സ്വപ്നം കാണട്ടേ നല്ല റോഡുകള്‍. അവ സമ്മാനിക്കുന്ന നല്ല യാത്രകള്‍ വരും തലമുറയ്ക്ക് ഒരു പുതിയ വികസന സന്ദേശം നല്‍കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha