പ്രിയനെ കാണുമ്പോള്‍ പിയയുടെ കണ്ണുനിറയുന്നതെന്തിന്?

സംവിധായകന്‍ പ്രിയദര്‍ശനെ കാണുമ്പോള്‍ നടി പിയാ ബാജ്‌പേയുടെ കണ്ണു നിറയാറുണ്ട്. ഒന്നുമൊന്നും അല്ലാതിരുന്ന തന്നെ ഇന്ന് ലോകമറിയുന്ന നടിയാക്കി മാറ്റിയതിനു പിന്നില്‍ പ്രിയന്റെ സഹായം ഒന്നുകൊണ്ടുമാത്രമാണെന്ന് പിയ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും ബോളിവുഡില്‍ നായികയായി മാറിയ പിയ ബാജ്‌പേയിക്ക് പ്രിയദര്‍ശന്‍ ഗുരുവും വഴി കാട്ടിയുമാണ്.
പൃഥ്വിരാജിനൊപ്പം മലയാളത്തിലെത്തിയ പിയയുടെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും . ജയസൂര്യയാണ് പ്രിയന്‍ ചിത്രത്തില്‍ പിയയുടെ നായകനായി അഭിനയിക്കുന്നത്.
ആമയും മുയലും എന്ന ചിത്രത്തിന്റെ കാരക്കുടിയിലുള്ള ലൊക്കേഷനിലെത്തിയ ബോളിവുഡ് നായിക പിയാ ബാജ്‌പേയിക്ക് ലൊക്കേഷനുമായി ഇഴുകി ചേരാന്‍ രണ്ടു ദിവസമെടുത്തു. കോളിവുഡിലെ പ്രമുഖ സംവിധായകന്‍ വിജയിക്ക് പിയയെ പരിചയപ്പെടുത്തി കൊടുത്തത് പ്രിയദര്‍ശനാണ്. തന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായിരിക്കണം ആമയും മുയലിലേതുമെന്നും പിയ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കാനും പിയ തയ്യാറായിരുന്നു. ചിത്രത്തിന്റെ 40 ദിവസത്തെ ചിത്രീകരണവും രസകരമായിരുന്നുവെന്ന് പിയ പറയുന്നു. ജയസൂര്യയ്‌ക്കൊപ്പം ചുറ്റിക്കറക്കമായിരുന്നു പ്രധാന ഹോബി. തെന്നിന്ത്യന്‍ ഭക്ഷണത്തിനുവേണ്ടിയുള്ള യാത്രകളായിരുന്നു ഓരോന്നും. എന്നാല്‍ താനൊരു വെജിറ്റേറിയനായതിനാല്‍ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാന്‍ പരിമിതി ഉണ്ടായിരുന്നതായി പിയ പറയുന്നു. ഒരു ഗ്രാമീണ പെണ്‍കൊടിയായിട്ടാണ് പിയ അഭിനയിക്കുന്നത്.
മലയാളം പഠിച്ചത് തന്റെ ഭാഗ്യമാണെന്ന് പിയ പറയുന്നു. ലോകത്ത് പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷയാണ് മലയാളം. ഭാഷ നന്നായി സംസാരിക്കാനറിയില്ലെങ്കിലും തന്നാല്‍ കഴിയുംവിധം ഒപ്പിക്കുന്നു. ചിത്രത്തിന്റെ തെരഞ്ഞെടുപ്പിലും പിയക്ക് അവരുടേതായ രീതികളുണ്ട്. ഒരു ചിത്രം ഹിറ്റായാല്‍ എല്ലാവരും തങ്ങളെ വിളിക്കും. എന്നാല്‍ ഒരു ചിത്രം പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ അതോടെ കുഴഞ്ഞു. പണത്തിനുവേണ്ടി താന്‍ ഒരിക്കലും അഭിനയിക്കില്ലെന്ന് പിയ പറയുന്നു. പണം ഒരാവശ്യഘടകമാണെങ്കിലും അതിനുവേണ്ടി ജീവിതം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല. കരിയറാണ് താന്‍ ഏറ്റവും പ്രധാനമായി കരുതുന്നത്. ഒരു കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ടാല്‍ അത് പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്നാണ് പിയയുടെ വിശ്വാസം. റിസപ്ഷനിസ്റ്റായും ട്യൂഷന്‍ ടീച്ചറായും ജോലി നോക്കിയതു കാരണം ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തനിക്കറിയാമെന്ന് പിയ വാദിക്കും.
സമീപ ഭാവിയില്‍ വിവാഹം കഴിക്കാന്‍ താന്‍ ആലോചിക്കുന്നില്ലെന്നും പിയ പറയുന്നു. വിവാഹം കഴിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ഒരു നല്ല ചെറുക്കനെ കണ്ടെത്തും. തന്റെ അഭിരുചികള്‍ ആരെക്കാളധികം തനിക്കറിയാവുന്നതു കാരണം സെലക്ഷന്‍ ഒരിക്കലും പാളില്ലെന്നും പിയാബാജ്‌പേയി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha