ഈശ്വരാ ഇതൊരു പാഠമായെങ്കില്‍... ഡി 4 ഡാന്‍സിലെ പ്ലസ് ടുക്കാരി പീഡനത്തിനിരയായപ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ചില റിയാലിറ്റികള്‍

കേരളത്തില്‍ ഇത് റിയാലിറ്റി ഷോകളുടെ കാലമാണ്. പല പേരിലും പല വിധത്തിലുമുള്ള റിയാലി ഷോകള്‍ കേരളത്തില്‍ അരങ്ങ് തകര്‍ക്കുകയാണ്. സാധാരണ പാട്ട് മത്സരം തുടങ്ങി യുവ മിഥുനങ്ങളെ ഒന്നിച്ചങ്ങ് സിങ്കപ്പൂരില്‍ താമസിപ്പിച്ചുള്ള റിയാലിറ്റി ഷോകകള്‍ വരെയുണ്ട്. പലതരം പ്രേക്ഷകരുടെ രുചികള്‍ മനസിലാക്കിയാണ് റിയാലിറ്റിയില്ലാത്ത റിയാലിറ്റി ഷോകള്‍ സംഘടിപ്പിക്കുന്നത്.
ഗാനങ്ങള്‍ കേള്‍ക്കാന്‍ മനസ് വിതുമ്പുന്നവര്‍ക്കായി സ്റ്റാര്‍ സിംഗര്‍, തമാശകള്‍ ഇഷ്ടമുള്ളവര്‍ക്കായി കോമഡി സ്റ്റാര്‍, നല്ല നടനാകാന്‍ ബസ്റ്റ് ആക്ടര്‍, അല്‍പം മസാല ചേര്‍ന്നുള്ള ഇളകിയുള്ള ഡാന്‍സ് കാണാന്‍ പല തരം 4 ഡാന്‍സുകള്‍, അല്‍പം ഹോട്ടായി കാണാനായി കേരള ഹൗസ്, കല്യാണം കഴിഞ്ഞ് ഇനി ഒന്നിനും കൊള്ളില്ലെന്ന് വിചാരിച്ചവര്‍ക്കായി വെറുതേ അല്ല ഭാര്യ.... അങ്ങനെ പോകുന്നു. ഇപ്പോള്‍ അവസാനമായി എട്ടും പൊട്ടും തിരിയാത്ത യുവ മിഥുനങ്ങളെ അങ്ങ് സിങ്കപ്പൂരില്‍ കൊണ്ടു പോയി വെള്ളത്തില്‍ കുളിപ്പിച്ച് കിടത്തുന്ന മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ വരെ നീളുന്നു.
കേരളത്തിന്റെ സായം സന്ധ്യകളെ ഒരുകാലത്ത് കീഴ്‌പ്പെടുത്തിയിരുന്നത് സീരിയലുകളായിരുന്നു. ഉച്ചയ്ക്ക് തൊട്ട് കരയാന്‍ തുടങ്ങിയാല്‍ ഉറങ്ങുന്നതു വരെ കരച്ചിലായിരിക്കും. കഥ ഏതായാലും കരച്ചിലാണ് മുഖ്യം. അങ്ങനെ മലയാളിയെ പല രൂപത്തില്‍ കരയിച്ച് ഉറക്കിയിരുന്ന അവസരത്തിലാണ് അമൃതാ ചാനല്‍ രൂപം കൊണ്ടത്. പുതുമയുമായി വന്ന അമൃതാ ചാനല്‍ ആദ്യ റിയാലിറ്റി ഷോയ്ക്ക് രൂപം നല്‍കി. അമൃതയുടെ പാട്ടിന്റേയും ഡാന്‍സിന്റേയും റിയാലിറ്റി ഷോകള്‍ ക്ലിക്കായതോടെ, അത് വളരെ വേഗത്തില്‍ ഏഷ്യാനെറ്റ് ഏറ്റെടുത്തു. അവരുടെ സ്റ്റാര്‍ സിംഗറും കുട്ടികളുടെ സ്റ്റാര്‍ സിംഗറും ഡാന്‍സ് ഷോയും ബസ്റ്റ് ആക്ടറുമെല്ലാം ഹിറ്റായി. തുടര്‍ന്നാണ് മലയാള മനോരമയുടെ മഴവില്‍ മനോരമ വരുന്നത്.
പണത്തിനു പണവും പരസ്യത്തിന് പരസ്യവുമായി ആധുനിക ടെക്‌നോളജിയുമായി മഴവില്‍ മനോരമ വന്നപ്പോള്‍ മറ്റെല്ലാ ചാനലുകള്‍ക്കും ഇടിവായി. പുതിയ രീതിയില്‍ വന്ന മനോരമയുടെ എല്ലാ റിയാലിറ്റി ഷോകളും വമ്പന്‍ ഹിറ്റായി. വെറുതേ അല്ല ഭാര്യ, ഡി 4 ഡാന്‍സ്, ഇപ്പോള്‍ നടക്കുന്ന മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ അങ്ങനെ എല്ലാം എല്ലാം ജനങ്ങള്‍ ഏറ്റു വാങ്ങി.
ഒരു കാലത്ത് അവസരമില്ലാതിരുന്ന കലാകാരന്മാര്‍ ജഡ്ജസുമാരായി തിളങ്ങി. മത്സരാര്‍ത്ഥികളെപ്പോലെ ജഡ്ജസുമാരും താരങ്ങളായി. സുരാജ് വെഞ്ഞാറമൂടിന്റെ അഭിപ്രായം പോലെ ഒരു കുറ്റവും പറയാനില്ലാത്ത കുട്ടികളെപ്പോലും കുറ്റം പറഞ്ഞ് പ്രേക്ഷകരെപ്പോലും ഞെട്ടിച്ച് അവരും തിളങ്ങി ജീവിച്ചു.
ഇനി മത്സരാര്‍ത്ഥികളുടെ കഥ. ഈ റിയാലിറ്റി ഷോകള്‍ മലയാളത്തിന് മികച്ച കലാകാരന്മാരെ സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും മുമ്പില്‍ നമ്മുടെ നസ്രിയ തന്നെ. രഞ്ജിനി ഹരിദാസ്, ഷംനാ കാസിം, ജുവല്‍ തുടങ്ങി സ്റ്റാറായവര്‍ അനേകം പേര്‍. നജിം അര്‍ഷാദ് തുടങ്ങിയ ഗായകര്‍ക്ക് വമ്പന്‍ അവസരവും കിട്ടി.
ചരിത്രം ഇങ്ങനെ നില്‍ക്കുമ്പോഴാണ് റിയാലിറ്റി ഷോയിലെ ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്ത വന്നത്. മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സിലെ ഫൈനലിസ്റ്റായ മത്സരാര്‍ത്ഥിയെ കോറിയോഗ്രാഫര്‍ പീഡിപ്പിച്ചെന്ന്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടിയെ ഷാനുമാസ്റ്റര്‍ എന്നറിയപ്പെടുന്ന സെയ്‌നുലാബിദ് (27) ശരിക്കും ചതിക്കുകയായിരുന്നു. സിനിമാ മോഹങ്ങള്‍ നല്‍കിയാണ് ഈ കുട്ടിയെ പീഡിപ്പിച്ചത്. മാസ്റ്ററുടെ വലയില്‍ മറ്റ് പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
ഈ റിയാലിറ്റി ഷോകളുടെ ഒരു സൈക്കോളജിയാണ് സിനിമ. വമ്പന്‍ സമ്മാനങ്ങളും ഫ്‌ളാറ്റുകളേക്കാളുമുപരി എല്ലാ മത്സരാര്‍ത്ഥികളുടേയും ഉള്ളില്‍ ഒരു സിനിമാ മോഹമുണ്ട്. പലരും ഷോകളുടെ ഇടയ്ക്ക് വച്ച് കൊഴിഞ്ഞ് വീഴാറുണ്ട്. അതൊന്നും ഒരു പരാജയമല്ലെന്ന് കണക്കാക്കി ഇത്തരം പെണ്‍കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂടെ പലരും ചുറ്റിപ്പറ്റാറുണ്ട്. ഇത്തരം റിയാലിറ്റി ഷോകളില്‍ ചാനലിന്റെ പുറത്തുള്ള പല സാങ്കേതിക വിദഗ്ദ്ധരും വരാറുണ്ട്. ഇത്തരക്കാര്‍ പലരും സിനിമയുമായി ചെറിയ ബന്ധമുള്ളവരുമായിരിക്കും. എന്തിന് ജഡ്ജസ് മുതല്‍ ഈ പുറത്തു നിന്നും വരുന്ന മേക്കപ്പ്മാന്‍, കോസ്റ്റ്യൂമര്‍, കോറിയോഗ്രാഫര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്, ഓര്‍ക്കസ്ട്രാ തുടങ്ങിയ എല്ലാ വിഭാഗക്കാരും ഈ കുട്ടികളുമായും അവരുടെ രക്ഷകര്‍ത്താക്കളുമായും ചങ്ങാത്തം കൂടുന്നു.
ആദ്യമായി ഒരു സിനിമാക്കാരനെ കണ്ട കുട്ടികളും രക്ഷകര്‍ത്താക്കളും അവരെ കണ്‍കണ്ട ദൈവമായി കണക്കാക്കുന്നു. അവര്‍ സിനിമ സ്വപ്നം കാണുന്നു. ഇതില്‍ അധികവും കള്ള നാണയങ്ങളായിരിക്കും. അങ്ങനെ സിനിമയുടെ മായിക വലയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ചിലരാണ് വഞ്ചിതരാകുന്നത്. അവസാനം നാണക്കേടും കുട്ടിയുടെ ഭാവിയും ഓര്‍ത്ത് പരാതി പറയുന്നില്ലന്നേ ഉള്ളൂ.
ഈ പ്ലസ് ടു കാരിയുടെ അനുഭവം നമ്മുടെ നാട്ടിലെ എല്ലാ കലാകാരികളായ പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള താക്കീതാണ്. സിനിമയെ മോഹിച്ച് പോകുന്നവര്‍ക്കുള്ള ഒരു പാഠം കൂടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha