ഇന്ത്യക്ക് ഇത് അഭിമാന നിമിഷം.... രാജ്യത്തിന്റെ കരുത്താണ് വിക്രാന്ത്... കടൽ തൊടാനൊരുങ്ങി ഇന്ത്യയുടെ അഭിമാനം....

ഏറെ അഭിമാനത്തോടെയാണ് ഇന്നത്തെ വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുന്നത്. കാരണം അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഇന്ത്യയുടെ പേര് വാനോളം ഉയർത്താൻ കഴിവുള്ള ഒരു പടുകൂറ്റൻ കപ്പൽ തന്നെയാണെന്ന് ഉറപ്പിച്ച് പറയാം.
രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പൽ എന്ന ബഹുമതിയോടെ ഇന്ത്യ തദ്ദേശമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍ IAC 1 അഥവാ ഐഎൻഎസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി. കപ്പൽ കടൽപരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്.
വിമാനവാഹിനിക്കപ്പലുകളുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍സ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്കു നേരത്തെ ഉണ്ടായിരുന്നത്. നിലവില്‍ ഐഎന്‍എസ് വിക്രമാദിത്യ മാത്രമാണ് സേവനത്തിലുള്ളത്.
ഐഎന്‍എസ് വിക്രാന്ത്ര് 2017ല്‍ ഡീകമ്മിഷന്‍ ചെയ്തു. ഇതിനുപകരമായാണ് ഐഎസി 1 വരുന്നത്. മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ സേവനമാണ് നാവികസേനയ്ക്ക് ഉടന്‍ ആവശ്യമുള്ളത്. മൂന്നാമതൊരു കപ്പലെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ.
1971 ൽ ബംഗാൾ ഉൾക്കടലിൽ പാക്ക് മുന്നേറ്റം ചെറുത്ത് ഇന്ത്യൻ നാവികസേനയുടെ അഭിമാനമായി മാറിയ വിമാനവാഹിനി പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ പുനർജന്മമാണ് ഐഎസി 1 എന്ന ഐഎൻഎസ് വിക്രാന്ത്.
ആദ്യ വിക്രാന്തിനെ കമ്മിഷൻ ചെയ്യുമ്പോൾ തന്നെ തദ്ദേശീയമായി നിർമിച്ചൊരു വിമാനവാഹിനിക്കപ്പൽ എന്ന സ്വപ്നം രാജ്യം മുൻകൂട്ടി കണ്ടിരുന്നു. നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായിരുന്നു പഴയ വിക്രാന്ത് എങ്കിൽ ഇന്ത്യൻ മണ്ണിൽതന്നെ നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ എന്ന പ്രത്യേകതയാണ് പുതിയ വിക്രാന്തിന്.
ഇന്ത്യയുടെ അഭിമാനവും ആത്മനിർഭർ ഭാരതിന്റെ ഭാഗമായ പദ്ധതി എന്ന നിലയിൽ രൂപകൽപന മുതൽ നിർമാണത്തിന്റെ 75 ശതമാനവും ഇന്ത്യൻ നിര്‍മിതമാണെന്നതിൽ ഏവർക്കും അഭിമാനിക്കാം. കോവിഡ് സാഹചര്യത്തിലും കപ്പലിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കപ്പൽ നിർമാണത്തിനുള്ള ഉരുക്ക് ഉൽപാദിപ്പിച്ചതും ഇന്ത്യയിൽതന്നെ. കോവിഡ് കാലം കാര്യമായി ബാധിക്കാതെ നിർമാണം പൂർത്തിയാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും കൊച്ചി കപ്പൽ നിർമാണ ശാലയ്ക്കാണ്.
അടുത്ത വര്‍ഷം ഐഎസി കമ്മിഷന്‍ ചെയ്യുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന് അര്‍ഹമായ ആദരവായിട്ടായിരിക്കും എന്നത് തീർച്ചയാണ്. വിമാനവാഹിനിക്കപ്പലിന്റെ പോരാട്ട ശേഷി, പ്രാപ്തി, വൈദഗ്ധ്യം എന്നിവ നമ്മുടെ രാജ്യത്തിന്റെ പ്രതിരോധത്തില്‍ ശക്തമായ കഴിവുകള്‍ ചേര്‍ക്കുകയും സമുദ്രമേഖലയില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുകയും ചെയ്യും.
കൊച്ചിൻ ഷിപ്‌യാഡിൽ അവസാനഘട്ട നിർമാണത്തിലുള്ള വിമാനവാഹിനിയുടെ ബേസിൻ ട്രയൽസ് വിജയകരമായതോടെയാണു സീ ട്രയൽസിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ ഊർജിതമാക്കിയത്. ഷിപ്‌യാഡിനു സമീപം തന്നെ വെള്ളത്തിൽ ഇറക്കിയിട്ട ശേഷം കപ്പലിന്റെ യന്ത്രസംവിധാനങ്ങളും ഉള്ളിലെ ഉപകരണങ്ങളും പ്രവർത്തന സജ്ജമാണോ എന്നു പരിശോധിക്കുന്നതാണു ബേസിൻ ട്രയൽസ്.
ഇതു കഴിഞ്ഞ നവംബറിൽത്തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. കടലിലേക്കു കൊണ്ടുപോയി യന്ത്രസംവിധാനങ്ങൾ എല്ലാം പ്രവർത്തിപ്പിച്ചു പരിശോധനകൾ നടത്തുകയും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാനാണു സീ ട്രയൽസ് നടത്തുന്നത്.
ഇതിനു ശേഷമാകും ആയുധങ്ങളുൾപ്പെടെയുള്ളവ ഘടിപ്പിക്കുക. കമ്മിഷൻ പൂർത്തിയാകുന്നതോടെ നാവിക സേനയുടെ പ്രധാന നാവിക, വ്യോമ പോരാട്ടങ്ങളുടെ പോർമുനയാകും വിക്രാന്ത്.
എന്താണ് ഐഎസി 1ന്റെ പ്രത്യേകതകൾ?
രാജ്യത്ത് ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎസി 1. അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യുന്ന കപ്പല്‍ അതിനുശേഷം ഐഎന്‍എസ് വിക്രാന്ത് എന്നാണ് അറിയപ്പെടുക. ഡീകമ്മിഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്.
നിര്‍മാണം ആരംഭിച്ച് 12 വര്‍ഷത്തിനു ശേഷമാണ് ഐഎസി 1 കടല്‍ പരീക്ഷണത്തിന് തയാറായിരിക്കുന്നത്. 2009 നവംബറിലാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ച കപ്പല്‍ 2018ല്‍ പൂര്‍ത്തിയാവേണ്ടതായിരുന്നു. പല കാരണങ്ങളാല്‍ നിര്‍മാണം നീളുകയായിരുന്നു.
2013ലായിരുന്നു ഔദ്യോഗിക ലോഞ്ചിങ്. കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനം കപ്പലിന്റെ ബേസിന്‍ ട്രയല്‍ നടത്തിയിരുന്നു. കടല്‍ പരീക്ഷണത്തിനു മുന്നോടിയായി കപ്പല്‍ ഓടിച്ചു കൊണ്ട്, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പരീക്ഷണമാണ് അന്ന് കപ്പല്‍ നിര്‍മാണശാലയോട് ചേര്‍ന്ന് നടത്തിയത്.
262 മീറ്റര്‍ നീളമുള്ള ഐഎസി 1ന് 1,500ലേറെ നാവികരെ ഉള്‍ക്കൊളളാനാവും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെനിര്‍മിക്കുന്ന കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാനാവും.
ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് ആണ് കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം ഒരുക്കുന്നത്. 2300 കമ്പാര്‍ട്ട്മെന്റുകളാണ് കപ്പലിലുള്ളത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നിവർത്തിയിട്ടാൽ 2100 കിലോ മീറ്റര്‍ ദൂരം വരും.
ഇന്ത്യയിൽ ഇതുവരെ 7,500 ടൺ മുതൽ 8,000 ടൺ വരെ ഭാരമുള്ള യുദ്ധക്കപ്പലുകളാണ് നിർമിച്ചിട്ടുള്ളത്. ഐഎൻഎസ് വിക്രാന്തിന്റെ ഭാരം പക്ഷേ 40,000 ടൺ വരും. മൂന്നു ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമാണ് കപ്പലിനുണ്ടാകുകയെന്നാണു വിലയിരുത്തൽ. 263 മീറ്റർ നീളവും 63 മീറ്റർ വീതിയും. കീലിൽ നിന്നുള്ള ഉയരം 37.5 മീറ്റർ.
വാർത്താവിനിമയത്തിനും വൈദ്യുതിക്കും ദിശാ നിർണയത്തിനും നിയന്ത്രണത്തിനുമായി വേണ്ടിവരുന്ന കേബിളുകളുടെ നീളം 1,500 കിലോമീറ്റർ. കൊച്ചിയിൽനിന്നു മുംബൈയിലേക്കുള്ള റോഡ് ദൂരം 1426 കിലോമീറ്റർ ആണെന്ന് ഓർക്കണം.നിലവിലുള്ള ഇന്ത്യൻ യുദ്ധക്കപ്പലുകളിലുള്ളത് 80 കിലോമീറ്റർ കേബിളുകൾ മാത്രമാണ്.
ഏകദേശം 3,500 കോടിയാണ് ഈ പടുകൂറ്റൻ കപ്പലിന്റെ നിര്‍മാണച്ചെലവ്. ഐഎസി 1 പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 30 വിമാനങ്ങള്‍ വഹിക്കാനാവും എന്നാണ് കരുതുന്നത്. 20 ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെയാണ് ഇത്. മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവ വഹിക്കാനുള്ള സൗകര്യമുണ്ടാകും.
രണ്ട് റണ്‍വേകളുള്ള കപ്പലിനു ഷോര്‍ട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് ഡെലിവറി സംവിധാനവും ഉണ്ടാകും. പറന്നിറങ്ങാൻ 190 മീറ്ററിന്റെ മൂന്നാമത്തെ റൺവേ ഉപയോഗിക്കും. ഇതിൽ മൂന്ന് അറസ്റ്റിങ് ഉപകരണങ്ങളുണ്ട്. ചെറിയ റൺവേയിൽ ഇറങ്ങുന്ന വിമാനത്തിന്റെ വേഗം കുറച്ച്,
വിമാനത്തെ റൺവേയിൽ തന്നെ പിടിച്ചു നിർത്താനാണിത്. പറന്നുയരാനുള്ള റൺവേകളിൽ ഓരോ റിസ്ട്രെയിനിങ് ഉപകരണങ്ങളുണ്ട്. ചെറിയ ദൂരത്തിൽ പറന്നുയരേണ്ടതിനാൽ പരമാവധി ആവേഗം ലഭിക്കുന്നതിനാണു റിസ്ട്രെയ്നിങ് ഉപകരണം. ഇത്രയൊക്കെയാണ് ഇതിന്റെ സവിശേഷതകൾ.
പതിറ്റാണ്ടുകൾ നീണ്ട ആലോചനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണു തദ്ദേശീയമായ വിമാനവാഹിനി കപ്പൽ നിർമിക്കുക എന്ന ആശയം പ്രായോഗികതയിലേയ്ക്കെത്തുന്നത്. സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമിക്കാൻ ഇന്ത്യ ആലോചന തുടങ്ങുന്നത് 1960 ൽ. 2002 ലാണു പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകുന്നത്.
പഴയ വിക്രാന്തിനെ ഡീകമ്മിഷൻ ചെയ്യുമ്പോൾ പുതിയ കപ്പൽ ഇന്ത്യയിൽ തന്നെ നിർമിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. 1990 കളിൽ രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നത് പിന്നോട്ടു വലിച്ചു.
എന്നാൽ 1999 ൽ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു. എന്നിട്ടും വർഷങ്ങൾക്കു ശേഷം 2007 ലാണ് കപ്പൽ നിർമാണക്കരാറിന്റെ ആദ്യഘട്ടത്തിന് ഒപ്പിടുന്നത്. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണു കപ്പലിന്റെ രൂപകൽപന നിർവഹിച്ചത്.
2009 ഫെബ്രുവരിയിൽ കപ്പലിനു കീലിട്ടു. ഡ്രൈ ഡോക്കിൽനിന്നു കപ്പൽ നീറ്റിലിറക്കിയത് 2013ൽ. 2020 നവംബറിൽ ബേസിൻ ട്രയലുകളും പൂർത്തിയാക്കി.
ഏറെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണു നാവികസേനയുടെ അഭിമാനമായിരുന്ന ഐഎൻഎസ് വിക്രാന്ത് ഓർമകളിലേയ്ക്കു മാഞ്ഞുപോയത്. ഇന്ത്യൻ യുദ്ധവീര്യത്തിന്റെ ഏഴു പതിറ്റാണ്ടുനീണ്ട കടൽപ്പെരുമയ്ക്കായിരുന്നു അന്ത്യം. മുംബൈയിലെ ദാറുഖാനയിലാണ് കപ്പൽ പൊളിച്ചത്.
മണിക്കൂറിൽ 43 കിലോമീറ്ററായിരുന്നു പഴയ വിക്രാന്തിന്റെ വേഗം. 12 വീർ ചക്ര, രണ്ട് മഹാവീർ ചക്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് 1957ൽ ബ്രിട്ടനിൽ നിന്നു സ്വന്തമാക്കിയ ഈ കപ്പൽ. 1961ലായിരുന്നു നേവി കമ്മിഷൻ ചെയ്‌തത്. 1997ൽ ഡീകമ്മിഷൻ ചെയ്യേണ്ടി വന്നു.
തുടർന്ന് 2004 വരെ നാവിക മ്യൂസിയമായി സൂക്ഷിച്ചെങ്കിലും സംരക്ഷിക്കാൻ സാമ്പത്തികചെലവേറേയാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. വിക്രാന്തിലെ കരകൗശല നിർമിതികളിൽ 60 ശതമാനത്തിലേറെയും മുംബൈയിലെ മാരിടൈം ഹിസ്‌റ്ററി സൊസൈറ്റിയിലേക്കു മാറ്റിയിരുന്നു. ബാക്കിയുള്ളവ ഗോവയിലെ നേവൽ ഏവിയേഷൻ മ്യൂസിയത്തിനും കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha