ഋഷിരാജിന്റേത് പ്രോട്ടോക്കോള്‍ ലംഘനം; ശാസനയ്ക്ക് സാധ്യത

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ മനപൂര്‍വ്വം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഡിജിപി ഋഷിരാജ് സിംഗിനെതിരെ നടപടിയെടുക്കാന്‍ സാധ്യത. ഡിജിപി സെന്‍കുമാര്‍ ചട്ടലംഘനം ആരോപിച്ച് ഋഷിരാജിന് ഇന്ന് കത്ത് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി ഉറപ്പാണ്. അതിനിടെ ഋഷിരാജ് സിംഗ് കാണിച്ചത് ചട്ടലംഘനം തന്നെയാണെന്ന് നിയമവൃത്തങ്ങളും പറയുന്നു.
പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണുമ്പോള്‍ എഴുന്നേറ്റ് സല്യൂട്ടടിക്കണമെന്നാണ് പ്രോട്ടോക്കോള്‍. ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്ന വ്യാമ, കര, തീര സേനാ മേധാവികള്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരെയും കാണുമ്പോള്‍ ഉപചാര പൂര്‍വ്വം സല്യൂട്ടടിക്കാറുണ്ട്. ഇത് കസേരയോടുള്ള ബഹുമാനമാണ്. ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ ആര് ഇരുന്നാലും അദ്ദേഹത്തെ സല്യൂട്ട് ചെയ്യണം. തൃശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങിലെത്തിയ ഋഷിരാജ് മന്ത്രിയെ കണ്ടപ്പോള്‍ ഞെളിഞ്ഞിരിക്കുകയും മന്ത്രി വരുന്നത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്തു. എന്നാല്‍ ഋഷിരാജിനെക്കാളും സീനിയര്‍മാരായ ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് സല്യൂട്ടടിച്ചു. ഇത് ചീഫ് പബ്‌ളിസിറ്റിക്ക് വേണ്ടിയാണെന്ന ചിന്തയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്.
റ്റി.പി. സെന്‍കുമാറിന് പണ്ടേ ഋഷിരാജിനോട് താല്പര്യവുമില്ല. ഋഷിരാജ് ഗതാഗത കമ്മീഷണറായിരിക്കെ വാഹനാപകടങ്ങള്‍ കുറഞ്ഞെന്ന കണക്കിനെതിരെ അക്കാലത്ത് ഇന്റലിജന്‍സ് മേധാവിയായിരുന്ന സെന്‍കുമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അക്ഷീണം പ്രയത്‌നിച്ച് കരസ്ഥമാക്കുന്ന നേട്ടങ്ങള്‍ തന്റേതാക്കി മാറ്റാന്‍ ഋഷിരാജ് ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. ഗതാഗത കമ്മീഷണറായിരിക്കെ കീഴ് ജീവനക്കാര്‍ക്ക് അനര്‍ഹമായി പ്രൊമോഷന്‍ നല്‍കിയതിലൂടെ ഋഷിരാജ് സിംഗ് വിവാദത്തിലായിരുന്നു.
അതിനിടെ ദേശീയഗാനം കേട്ടാല്‍ മാത്രം എഴുന്നേറ്റാല്‍ മതിയെന്ന ഋഷിരാജിന്റെ പ്രസ്താവനയും വിവാദമായി. താന്‍ മനപൂര്‍വ്വം എഴുന്നേറ്റില്ലെന്ന ധ്വനിയാണ് ഋഷിരാജ് സിംഗിന്റെ വാക്കുകളിലുള്ളത്.
അതിനിടെ ആഭ്യന്തരമന്ത്രിയെ കാണാന്‍ സെന്‍കുമാര്‍ ഋഷിരാജിന് നിര്‍ദ്ദേശം നല്‍കി. ഉത്തരമേഖലാ ഡിജിപി സ്ഥാനം നല്‍കാത്തതാണ് മന്ത്രിയുമായുള്ള ഋഷിരാജിന്റെ പരിഭവത്തിന്റെ കാരണമെന്ന് അറിയുന്നു. ബറ്റാലിയന്‍ മേധാവിയായ ഋഷിരാജ്‌സിംഗ് ആഭ്യന്തരമന്ത്രിയെ അപമാനിച്ചതിലൂടെ പോലീസ് സേനയ്ക്ക് നല്‍കിയിരിക്കുന്ന സൂചന അപകടകരമാണെന്നും സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha