ശമ്പള പരിഷ്‌ക്കരണ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയത് സര്‍ക്കാര്‍; മനപ്പായസം കുടിക്കേണ്ട

സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്ന വന്‍ സാമ്പത്തിക ലാഭം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ലഭിക്കില്ലെന്ന് സൂചന. മുഴുവന്‍ നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഞ്ചു ലക്ഷം ജീവനക്കാര്‍ക്ക് വേണ്ടി സമൂഹത്തെ ഒന്നാകെ ശത്രുതയിലാക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തയ്യാറല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തോന്നും പടി ശമ്പളം പരിഷ്‌ക്കരിച്ചാലും ഒരു വോട്ടും തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ നിരീക്ഷണം. കാരണം സര്‍വീസ് സംഘടനകള്‍ ഇടതു പാളയത്തിലാണ്.
ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് അതേ പടി അംഗീകരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പല കാര്യങ്ങളിലും ചെയര്‍മാനും അംഗങ്ങളും തമ്മില്‍ വിയോജിപ്പുണ്ടായിട്ടുണ്ട്. എന്നാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പിണക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേരള മുന്നോക്കക്ഷേമ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം തനിക്ക് കിട്ടിയാല്‍ കൊള്ളാമെന്ന് രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹത്തിന് കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കിയേക്കും. അതോടെ രാമചന്ദ്രന്‍ നായര്‍ക്കുള്ള പരിഭവം തീരും.
പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കാനിടയില്ല. 2016 ഏപ്രില്‍ വരെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി. ഇപ്പോള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ അത് അടുത്ത സര്‍ക്കാരിന് മാത്രമാണ് ഗുണം ചെയ്യുക. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കും. തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഒരു സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ചിന്താഗതി.
അതിനിടെ ശമ്പള പരിഷ്‌ക്കാരത്തിന്റെ ബാധ്യതകള്‍ അടുത്ത സര്‍ക്കാര്‍ അനുഭവിക്കും എന്നും ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 9500 കോടി ശമ്പള പരിഷ്‌ക്കരണത്തിനായി വിനിയോഗിക്കാന്‍ ധനമന്ത്രി കെ എം മാണി തയ്യാറല്ല. അതേസമയം ധനകാര്യ വകുപ്പിന് ശമ്പള പരിഷ്‌ക്കരണത്തോട് പൂര്‍ണ താത്പര്യമാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനര്‍ഹമായ സ്ഥാനം നല്‍കുന്നതിനോട് പൊതു ജനത്തിനുളള അതൃപ്തി ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ശമ്പള പരിഷ്‌ക്കരണ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതും ജനത്തിന്റെ പള്‍സ് അറിയലാണ്. സോഷ്യല്‍ മീഡിയ ഒന്നടങ്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതികരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha