കസ്‌തൂരിരംഗനെ പിടിച്ച് ഘടകകക്ഷി നേതാവ് യു.ഡി.എഫ് വിടും ?

ഒരു പ്രമുഖ ഘടകകക്ഷി നേതാവ് യുഡിഎഫില്‍ നിന്നും രാജിക്കൊരുങ്ങുന്നു. നേരത്തെ ഇടതുപാളയത്തിലായിരുന്ന നേതാവ് അവിടേക്ക് തന്നെയാണ് മടങ്ങി പോകുന്നത്. വിവാദനായകനായ നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി രണ്ടു വട്ടം ചര്‍ച്ച നടത്തിയതായും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നേതാവ് യുഡിഎഫ് വിടുന്നത്. കസ്‌തൂരി രംഗന്‍ ഒരു കാരണമായെന്ന് മാത്രം.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം മാറിയ പശ്ചാത്തലത്തില്‍ തന്റെ മുന്നോട്ടുള്ള യാത്ര സുഗമമാവില്ലെന്ന് നേതാവ് കരുതുന്നു. ഇതിനിടയില്‍ വി.എം. സുധീരനെതിരെയും നേതാവ് രംഗത്തു വന്നിരുന്നു.
അതേസമയം സ്വന്തം പാര്‍ട്ടിയിലെ പടലപിണക്കങ്ങളാണ് രാജിക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. നേതാവിന്റെ പാര്‍ട്ടി കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുകയാണ്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നേതാക്കള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിട്ടുണ്ട് . ഇതിനിടയില്‍ രാജിക്കൊരുങ്ങുന്ന നേതാവിന്റെ സഹപ്രവര്‍ത്തകന്‍ യുഡിഎഫ് വിട്ട് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു മലയോര മണ്‌ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. കസ്‌തൂരിരംഗന്റെ പേരിലാണ് ഇതേ നേതാവും കൂറുമാറുന്നത് .
കസ്‌തൂരിരംഗന്റെ പേരു പറഞ്ഞ് മലയോരകക്ഷികളെയെല്ലാം കൂടെ നിര്‍ത്താനാണ് സിപിഎം തന്ത്രങ്ങള്‍ മെനയുന്നത് . യുഡിഎഫ് വിട്ടു വരുന്നവരെയെല്ലാം സിപിഎം സ്വാഗതം ചെയ്യും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് മണ്‌ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ശക്തരായ നേതാക്കളില്ല. കേരള കോണ്‍ഗ്രസ് എമ്മിനെ അനുനയിപ്പിച്ച് ഇടതു പാളയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്ത സാഹചര്യത്തില്‍ മാണി ഗ്രൂപ്പിലുള്ള ചിലരെ പിടിക്കാന്‍ സിപിഎം ചാക്കുമായി ഇറങ്ങിയിരിക്കുന്നു.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. കെ.പി.സി.സി അധ്യക്ഷനായ വി.എം. സുധീരനും വൈസ് പ്രസിഡന്റ് വി.ഡി. സതീശനും പരിസ്ഥിതി വാദികളാണ്. ഇവരില്‍ നിന്നും മറിച്ചൊരു തീരുമാനത്തിന് സാധ്യതയില്ല.
സ്വന്തം പാര്‍ട്ടിയിലെ എതിരാളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നതിനു മുമ്പ് തന്നെ മുന്നണി വിടാനാണ് യുഡിഎഫ് നേതാവ് ആലോചിക്കുന്നത്. എം.എല്‍.എ സ്ഥാനവും രാജി വയ്‌ക്കും. യു.ഡി.എഫില്‍ നിന്നാല്‍ കോണ്‍ഗ്രസുകാരാരും തനിക്ക് വോട്ടു ചെയ്യില്ലെന്ന് നേതാവിനറിയാം. ഇടതു പാളയത്തില്‍ ചേരുന്നതാണ് ഉചിതമെന്നും നേതാവ് കരുതുന്നു. വി.എസ് അച്യുതാനന്ദനുമായി നേതാവിന് അടുത്ത ബന്ധമുണ്ട് . അതേസമയം പാര്‍ട്ടി വിട്ടവരൊക്കെ തിരികെ വരണമെന്ന നിലപാടാണ് പിണറായിയും സ്വീകരിക്കുന്നത് . നേതാവ് പോകുന്നെങ്കില്‍ പോകട്ടെ എന്നാണ് സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവരുടെയും മനസ്സിലിരിപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha