റാന്‍ബാക്സി മരുന്നിന് അമേരിക്കയില്‍ വീണ്ടും വിലക്ക്

ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ റാന്‍ബാക്സി ലബോറട്ടറീസിന്റെ നാലാമത്തെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്കും അമേരിക്കയില്‍ വിലക്ക്. റാന്‍ബാക്സി പഞ്ചാബിലെ ടൊയാന്‍സ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരം കുറവാണെന്നാരോപിച്ചാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എഫ് ഡി എ അധികൃതര്‍ ടൊയാന്‍സ പ്ലാന്റില്‍ ജനുവരി 11ന് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.
ഇതേ കാരണം ആരോപിച്ച് 2012ലും റാന്‍ബാക്സിയുടെ മരുന്നുകള്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പയോന്റാ സാഹിബ്, ദേവാസ്, മൊഹാലി എന്നീ പ്ലാന്റുകളിലെ മരുന്നുകളായിരുന്നു അന്ന് നിരോധിച്ചത്. മായം ചേര്‍ത്ത മരുന്ന് വിറ്റതായി ആരോപിച്ച് 2013 ല്‍ കമ്പനിക്ക് 50 കോടി ഡോളര്‍ പിഴയും അമേരിക്ക ചുമത്തിയിരുന്നു.
ആഗോള മരുന്നു വിപണിയില്‍ ജനറിക് മരുന്നുകള്‍ ഏറ്റവും ചെലവ് കുറച്ച് ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. അമേരിക്കയാണ് ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 40 ശതമാനവും അമേരിക്കയിലേക്കാണ് കയറ്റി അയക്കപ്പെടുന്നത്. പുതിയ തീരുമാനം റാന്‍ബാക്സിയുടെ മരുന്ന് വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. വിറ്റുവരവില്‍ കുറവ് രേഖപ്പെടുത്തിയത് കമ്പനിയുടെ ഷെയറുകളെയും നഷ്ടത്തിലാക്കി. 19.8 ശതമാനം ഇടിവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha