അല്‍പം മദ്യപിക്കുന്നത് നല്ല 'റിസള്‍ട്ട്' തരുമെന്ന് ഗവേഷകര്‍

മദ്യപാനം അല്‍പമായാലും അമിതമായാലും ശരീരത്തിന് ഹാനികരം ആണെന്നാണ് നാമെല്ലാം മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ മദ്യപിക്കുന്നതുകൊണ്ട് ജീവിതത്തിന് ഗുണമുള്ള കാര്യമെന്തെങ്കിലും ഉണ്ടെങ്കിലോ? വ്യക്തമായിപ്പറയാം.
അമിതമായി മദ്യപിക്കുമ്പോള്‍ ലഹരി തലയ്ക്ക് പിടിക്കുകയും ബോധം മറഞ്ഞുപോകുകയും ചെയ്യുകയാണല്ലോ പതിവ്. എന്നാല്‍ ബോധം നഷ്ടപ്പെടുന്ന സ്ഥിതി എത്തുന്നതുവരെയല്ലാതെ, അല്‍പസ്വല്‍പം മാത്രം കുടിക്കുമ്പോള്‍ നമ്മുടെ പരിഭ്രമങ്ങള്‍ക്കുമേല്‍ നമുക്ക് മേല്‍ക്കെ നേടാനാവുന്നുണ്ടെന്നാണ് പറഞ്ഞുവരുന്നത്.
നമുക്ക് വലിയ ഗ്രാഹ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ടാല്‍പോലും ആ അവസ്ഥയില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കാനാകുമത്രേ. നെതര്‍ലാന്‍ഡിലെ മാസ്ട്രിക്ട് യൂണിവേഴ്‌സിറ്റിയാണ് ഇത്തരത്തില്‍ രസകരമായൊരു പഠനം നടത്തിയത്. മദ്യപിച്ചവര്‍ വിദേശഭാഷ സംസാരിക്കുന്നത് നിരീക്ഷിച്ചുകൊണ്ടായിരുന്നു പഠനം.
50 ജര്‍മ്മന്‍കാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഗവേഷകരുടെ പഠനം. എല്ലാവരും 'ഡച്ച്' പഠിക്കാനായി പരിശീലന ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തവര്‍. ഇവരില്‍ പകുതി പേര്‍ക്ക് മദ്യവും പകുതി പേര്‍ക്ക് വെള്ളവും നല്‍കി. തുടര്‍ന്ന് ഡച്ച് ഭാഷയറിയുന്ന ഒരാളുമായി ഇവരെ ഏതാനും നിമിഷങ്ങള്‍ സംസാരിപ്പിച്ചു. മദ്യപിച്ചവരായിരുന്നുവത്രേ ഏറ്റവും ഒഴുക്കോടെ ഡച്ച് സംസാരിച്ചത്.
അതായത്, എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആത്മവിശ്വാസക്കുറവോ വിമുഖതയോ തോന്നുന്നതാണ് പ്രധാന പ്രശ്‌നമെന്നും 'അല്‍പം' മദ്യപിക്കുമ്പോള്‍ ഇത്തരം ഭയങ്ങള്‍ ഇല്ലാതാകുകയാണെന്നും ഗവേഷകര്‍ പറയുന്നു. സമൂഹികമായ ഇത്തരം പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ വേണ്ടിയാണ് പഠനം നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha