സമൂസ മാവിലും കൈകളിലും രക്തക്കറ; സൗദിയില്‍ നിരവധി പ്രവാസികൾ പിടിയില്‍, കൂടുതൽ കടകൾ പൂട്ടിക്കാൻ അധികാരികൾ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സൗദി അറേബ്യയില്‍ അനധികൃത സമൂസ നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് നിരവധി വിദേശികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അതേസമയം ഖമീസ് മുശൈത്തില്‍ സമൂസ റോള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ നടത്തിയ പ്രവാസികളെയാണ് നഗരസഭാ അധികൃതരും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് പിടികൂടിയത്.
റമദാൻ മാസം ആരംഭിച്ചതിനെ തുടർന്ന് സമോസ വില്പന കൂടിയിരുന്നു. ഇതേതുടർന്ന് രണ്ട് സ്ഥലങ്ങളിലാണ് വിദേശികള്‍ തങ്ങളുടെ വ്യാപാര ആവശ്യത്തിനായി വന്‍തോതില്‍ സമൂസ റോളുകള്‍ നിര്‍മ്മിച്ചതെന്ന് ഖമീസ് മുശൈത്ത് ബലദിയ മേധാവി സുലൈമാന്‍ അല്‍ശഹ്‌റാനി പറയുകയുണ്ടായി. ആദ്യത്തെ സമൂസ റോള്‍ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് 20ലേറെ തൊഴിലാളികളാണ് പിടിയിലായത് എന്നാണ് ലഭ്യമാകുന്ന വിവരം. ഒരു ടണ്ണിലേറെ സമൂസ റോളുകളും സമൂസ റോള്‍ പാക്ക് ചെയ്യുന്നതിനുള്ള രജിസ്റ്റര്‍ ചെയ്യാത്ത പേരും ട്രേഡ് മാര്‍ക്കും പതിച്ച മൂന്നു ലക്ഷം നൈലോണ്‍ കീസുകളും സമൂസ റോള്‍ ശേഖരിക്കുന്നിതിനുള്ള 1,070 കാര്‍ട്ടണുകളും പിടിച്ചെടുത്ത് നശിപ്പിക്കുകയുണ്ടായി.
എന്നാൽ നിരീക്ഷണം തുടർന്ന് മറ്റൊരിടത്ത് നിന്ന് അര ടണ്ണിലേറെ സമൂസ റോളുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയുണ്ടായി. ഇവിടെ നിന്ന് രജിസ്റ്റര്‍ ചെയ്യാത്ത പേരും ട്രേഡ് മാര്‍ക്കും പതിപ്പിച്ച ഒന്നര ലക്ഷം കീസുകളും 1,784 കാര്‍ട്ടണുകളും കണ്ടെത്തി നശിപ്പിക്കുകയുണ്ടായി.
വ്യാപാര ആവശ്യത്തിനായി സമൂസ റോള്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ കയ്യിലും സമൂസ മാവിലും രക്തക്കറ കണ്ടെത്തിയത് വലിയ കോളിളക്കത്തിനിടയായി. തുടര്‍ നിയമനടപടികള്‍ക്കായി തൊഴിലാളികളെ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 940 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സുലൈമാന്‍ അല്‍ശഹ്‌റാനി ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























