പ്രവാസികൾക്കായി സൗദിയുടെ ആനുകൂല്യങ്ങൾ; പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് പ്രവാസി തൊഴിലാളികൾക്ക് ലഭിക്കുന്നത്, കരാർ അവസാനിക്കുമ്പോൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ട് പോകാനും തെഴിലാളിക്ക് കഴിയുന്നതാണ്

നീണ്ട 70 വർഷങ്ങൾക്ക് ശേഷം സൗദിയിൽ ഇന്നലെ മുതൽ പുതിയ തൊഴിൽ പരിഷ്‌കാരം പ്രാബല്യത്തിൽ വന്നു. ഇതുമൂലം പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. തൊഴിൽ കരാർ അവസാനിക്കുന്ന മുറയ്ക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ് മാറാമെന്നതാണ് ഇതിൽ പ്രധാനപെട്ടത്. രാജ്യത്തിന് പുറത്ത് പോയി വരുന്നതിന് റീ എൻട്രി വീസ സ്വയം ഇഷ്യൂ ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊന്ന്.
കരാർ അവസാനിക്കുമ്പോൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ട് പോകാനും തെഴിലാളിക്ക് കഴിയുന്നതാണ്. സ്‌പോൺസർഷിപ് മാറ്റം സർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഖിവ' വഴിയും രാജ്യത്ത് നിന്നുള്ള പോക്കുവരവും രാജ്യം വിടലും 'അബ്ഷിർ' വഴിയുമാണ് സാധ്യമാകുന്നത്.
അതേസമയം, കരാർ തീരുന്നതിന് മുമ്പ് സ്പോൺസറുടെ സമ്മതമില്ലാതെ റീ എൻട്രി വീസയിൽ രാജ്യം വിട്ട് തിരിച്ചെത്താതിരിക്കുകയും മറ്റൊരു തൊഴിൽ വീസക്ക് രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്താൽ തൊഴിൽ ലംഘന നടപടികൾക്ക് വിധേയമാകേണ്ടി വരുന്നതാണ്.
ഇതുകൂടാതെ കരാർ അവസാനിക്കുന്നതിന് മുമ്പ് ഒരു സ്പോൺസറിൽ നിന്ന് മറ്റൊരിടത്തേക്ക് തൊഴിൽ മാറാൻ ശ്രമിച്ചാലും വ്യവസ്ഥ പ്രകാരമുള്ള നഷ്‌ടപരിഹാരം നൽകാൻ തൊഴിലാളി ബാധ്യസ്ഥനാകുന്നതാണ്. റീ എൻട്രീ വീസ ഇഷ്യൂ ചെയ്യൽ ഇനിമുതൽ തൊഴിലാളിയുടെ ഉത്തരവാദിത്തമായിരിക്കും. തൊഴിൽ മാറ്റം ഉദ്ദേശിക്കുന്നവർ മൂന്നു മാസം മുമ്പ് തൊഴിലുടമയെ രേഖാമൂലം അറിച്ചിരിക്കണം എന്നും നിയമം വ്യക്തമാക്കുന്നുണ്ട്.
ലേബർ റിഫോം ഇനിഷ്യേറ്റീവ് അഥവാ എൽആർഐ എന്നറിയപ്പെടുന്ന പുതിയ പരിഷ്‌കാരം സൗദി അറേബ്യയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. കരാർ -ബന്ധുത്വ നില മെച്ചപ്പെടുത്തൽ ലക്ഷ്യം വെച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ഉപയോക്തൃ മാർഗരേഖ പ്രകാരം ഇരു കക്ഷികൾക്കും നിരവധി പ്രയോജനങ്ങൾ വാഗ്‌ദത്തം ചെയ്യുന്നു എന്ന സവിശേഷതയുണ്ട്.
അതോടൊപ്പം തന്നെ പുതിയ രീതി അനുസരിച്ച് എക്സിറ്റ് റീ എൻട്രിക്കോ ഫൈനൽ എക്സിറ്റിനോ വേണ്ടി തൊഴിലാളി ഡിജിറ്റൽ മാർഗത്തിൽ അപേക്ഷ സമർപ്പിച്ചാൽ 10 ദിവസം കാത്തിരിക്കണം. ഇത് തൊഴിലുടമക്ക് ജീവനക്കാരന്റെ അപേക്ഷ സംബന്ധിച്ച് അന്വേഷിക്കാനുള്ള കാലയളവാണ്. സമയപരിധിക്കുള്ളിൽ തൊഴിലുടമ പ്രതികരിക്കുന്നില്ലെങ്കിൽ കാലാവധി അവസാനിച്ചതായും അഞ്ച് ദിവസത്തിന് ശേഷം 30 ദിവസം കാലാവധിയുള്ള വീസ ലഭിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha