ദുബായിലെ അതിവേഗ പാതയിലൂടെ പതുക്കെ പോകല്ലേ ; പിഴ ചുമത്തുവാൻ ഒരുങ്ങി ദുബായ് പോലീസ്

ദുബായിലെ അതിവേഗ പാതയിലൂടെ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. എപ്പോൾ വേണമെങ്കിലും പിടിവീഴും. ജാഗ്രതയോടെ യാത്ര ചെയ്യുക. ദുബായിൽ അതിവേഗ പാതയിലൂടെ പതുക്കെ സഞ്ചരിച്ചാൽ പിടിവീഴുമെന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . ഇക്കാര്യത്തെ കുറിച്ച് ബോധവത്കരിക്കാൻ ദുബായ് പൊലീസ്, ആർടിഎ, ദുബായ് മീഡിയാ ഇൻകോർപറേറ്റഡ് എന്നിവ ചേർന്ന് ‘ഗിവ് വേ ഇൻ ദ് ഫാസ്റ്റ് ലൈൻ’ എന്ന ദ്വിമാസ ക്യാംപെയിന് തുടക്കമിടുകയും ചെയ്തു.
റോഡുകളിൽ ഏറ്റവും ഇടതു വശത്തുള്ളതാണ് അതിവേഗ ലൈൻ എന്നതാണ് ശ്രദ്ധേയമായ കാര്യം. വളരെ അത്യാവശ്യത്തിന് മറ്റു വാഹനങ്ങളെ മറികടക്കാനും പൊലീസ് പട്രോൾ, ആംബുലൻസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്കു സഞ്ചരിക്കാനുമാണ് ഈ ലൈൻ സജ്ജമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം . ഇതിലൂടെ സഞ്ചരിച്ച് അടിയന്തര വാഹനങ്ങൾക്ക് മാർഗ തടസ്സമുണ്ടാക്കിയാൽ പിഴ ചുമത്തുവാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ് ഇപ്പോൾ .
ഈ കാര്യത്തെ കുറിച്ച് വ്യക്തമായ അവബോധം ഡ്രൈവർമാരിൽ ഉണ്ടാക്കുവാനും സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും വേണ്ടത് ചെയ്യുമെന്ന് ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വ്യക്തമാക്കി. വളരെ മികച്ച പാതകളാണ് ദുബായിലേതെന്നും സുരക്ഷിതമായി വാഹനമോടിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
അതിവേഗ ലൈനിലൂടെ അടിയന്തരമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കിക്കൊടുത്തില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമായിരിക്കും ചുമത്തുന്നത് . മറ്റു വാഹനവുമായി മതിയായ അകലം പാലിക്കാതെ സഞ്ചരിച്ചാലും 400 ദിർഹം പിഴ ലഭിക്കും.
അപ്പോൾ ഇനി മുതൽ അതിവേഗ പാതയിലൂടെ ഇഴഞ്ഞു പോകാതെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ യാത്രചെയ്യാൻ ശ്രദ്ധിക്കുമല്ലോ. മാത്രമല്ല അങ്ങനെ ചെയ്താൽ പിഴയിൽ നിന്നും ഒഴിവാകുകയും ചെയ്യാം.
https://www.facebook.com/Malayalivartha