പ്രവാസികൾക്ക് യു.എ.ഇ. പൗരത്വം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; വ്യാജവാഗ്ദാനം നൽകിയ ഓഫീസിനെ അടച്ച് പൂട്ടിപ്പിച്ചു

വമ്പൻ വാഗ്ദാനം നൽകി ഒരൊന്നൊന്നര തട്ടിപ്പ്. ഒടുവിൽ സ്ഥാപനത്തെ അടച്ചുപൂട്ടിപ്പിച്ചു. അമ്പരന്ന് പ്രവാസലോകം. യു.എ.ഇ. പൗരത്വം വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സ്ഥാപനത്തെ അടപ്പിക്കുകയായിരുന്നു ചെയ്തത്.
ഇമിഗ്രേഷന്‍ ഓഫീസ് സാമ്പത്തിക വകുപ്പ് അടപ്പിച്ച് സീല്‍വെയ്ക്കുകയും ചെയ്തു. പ്രവാസികൾക്ക് യു.എ.ഇ. പൗരത്വം നൽകാമെന്ന് പറഞ്ഞ് ആയിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.
ഇമിഗ്രേഷൻ സർവീസ് ഓഫീസിന്റെ ഈ കള്ളത്തരം പൊളിച്ചടുക്കുകയായിരുന്നു. പൗരത്വം ലഭിക്കാൻ സഹായിക്കാമെന്ന് വ്യാജവാഗ്ദാനം നൽകുകയായിരുന്നു ഈ ഓഫീസ്. അധികൃതരുടെ അനുമതിയില്ലാതെ ഈ ഓഫീസിൽനിന്ന് പൗരത്വ അപേക്ഷകൾ സ്വീകരിച്ചിരുന്നതായി ദുബായ് സാമ്പത്തിക വകുപ്പ് വ്യക്തമാക്കി.
10 കോടി ദിർഹം സമ്പാദ്യമുള്ള അപേക്ഷകരിൽനിന്ന് 10,000 ഡോളർ ആണ് പ്രോസസിങ് ഫീസ് എന്ന പേരിൽ വാങ്ങിയിരുന്നത്. അപേക്ഷകർ നൽകുന്ന വിശദാംശങ്ങൾ പരിശോധിക്കുകയും യോഗ്യരായവരുടെ അപേക്ഷ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചായിരുന്നു സ്ഥാപനം തട്ടിപ്പ് നടത്തിയിരുന്നത്.
യു.എ.ഇ. പൗരത്വനിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതിക്ക് വിരുദ്ധമാണ് ഇത്തരം വാഗ്ദാനം. നിയമപ്രകാരം പൗരത്വ അപേക്ഷയ്ക്ക് പ്രത്യേക ഫീസ് നൽകേണ്ടതില്ല.
2021-ൽ പ്രഖ്യാപിച്ച ഭേദഗതിപ്രകാരം നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, സൃഷ്ടിപരമായി കഴിവുള്ളവർ, പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നവർ, അവരുടെ കുടുംബങ്ങൾക്ക് പൗരത്വം നൽകുമെന്ന് യു.എ.ഇ. മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.
ഇത്തരം തട്ടിപ്പുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സാമ്പത്തിക വകുപ്പ് അധികൃതർ അറിയിച്ചു. ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പറിലോ consumerrights.ae വെബ്‌സൈറ്റ് വഴിയോ പൊതുജനങ്ങൾക്ക് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha