പ്രവാസികൾക്ക് മൂന്ന് അവസരം ഒരുക്കി സൗദി അറേബ്യ; തൊഴിൽ യോഗ്യതയ്ക്ക് പുതുതായി ഏർപ്പെടുത്തിയ പരീക്ഷയിലൂടെ ഓരോരുത്തർക്കും മൂന്ന് അവസരങ്ങൾ നൽകുമെന്ന് സൗദി മന്ത്രാലയം, മൂന്ന് അവസരവും പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതല്ല

പ്രവാസികൾക്ക് കടിഞ്ഞാണിട്ട് സൗദി. ഇനിമുതൽ അത്ര എളുപ്പത്തിൽ ജോലി ലഭിക്കുമെന്ന് ചിന്ധിക്കുകയെ വേണ്ട. രാജ്യത്തെ തൊഴിൽ യോഗ്യതയ്ക്ക് പുതുതായി ഏർപ്പെടുത്തിയ പരീക്ഷയിലൂടെ ഓരോരുത്തർക്കും മൂന്ന് അവസരങ്ങൾ നൽകുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ നൽകുന്ന മൂന്ന് അവസരവും പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതല്ല. പുതുതായി നിയമിക്കുന്ന തൊഴിലാളികൾക്ക് അവരവരുടെ രാജ്യങ്ങളിൽ വച്ച് തന്നെയാണ് പരീക്ഷ നടത്തുന്നത്.
എന്നാൽ സൗദിയിൽ നിലവിലുള്ള തൊഴിലാളികൾക്ക് അടുത്ത ജൂലൈ മാസം മുതലാണ് തൊഴിൽ നൈപുണ്യ പരീക്ഷ ആരംഭിക്കുന്നതെങ്കിലും, പദ്ധതിയുടെ ആദ്യ ഘട്ടമായി പ്ലംബിംഗ് ഇലക്ട്രിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇതിനോടകം തന്നെ പരീക്ഷ ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം. ഇവർക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന പതിനാലോളം സൈറ്റുകൾ വഴി സ്വമേധയാ യോഗ്യത പരീക്ഷക്ക് ഹാജരാകാവുന്നതാണ്.
അതേസമയം ജൂലൈ മാസം മുതൽ വൻകിട കമ്പനികളിലെ തൊഴിലാളികൾക്കും യോഗ്യത പരീക്ഷ നിർബന്ധമാകും. വലിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഗസ്റ്റ് മുതലും, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ മുതലുമാണ് പരീക്ഷ നടത്തുക. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെ, തൊഴിലാളികളുടെ എണ്ണമനുസരിച്ച് രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് പരീക്ഷ നടത്തുക.
എ വിഭാഗത്തിന് ഒക്ടോബറിലും, ബി വിഭാഗത്തിന് ഡിസംബറിലും പരീക്ഷ നടത്തുവാനാണ് നീക്കം എന്നത്. വെൽഡിംഗ്, വാഹനങ്ങളുടേയും എഞ്ചിനുകളുടേയും റിപ്പയർ ജോലികൾ, ടെലികോം, ഇലക്ട്രോണിക്സ്, ആശാരിപണി, ഡ്രില്ലിംഗ്, ഓയിൽ എക്സ് പോളോറേഷൻ, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ ജോലികൾ, എയർകണ്ടീഷനിംഗ്, കൂളിംഗ്, കൊല്ലപ്പണി, എന്നിവക്കും പരീക്ഷ നിർബന്ധമാകുന്നതാണ്.
അതോടൊപ്പം തന്നെ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്ക് തൊഴിലാളികളെ ഹാജരാക്കുവാനുള്ള ബാധ്യത തൊഴിലുടമകൾക്കാണ്. ഓരോ തൊഴിലാളിക്കും മൂന്ന് അവസരങ്ങൾ ലഭിക്കും. ഇതിനിടെ പരീക്ഷ പാസാകാൻ കഴിയാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ഇത്തരക്കാർക്ക് ഇഖാമ പുതുക്കാനാകാതെ രാജ്യം വിടേണ്ടിവരും. തൊഴിലാളികളുടെ തൊഴിൽ മികവ് ഉറപ്പ് വരുത്തുകയും, തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha