സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഒരുങ്ങി പ്രവാസികൾ; ഒമാനില്‍ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ചതായി തൊഴില്‍ മന്ത്രാലയം, നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി, ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം, ഞെട്ടലോടെ പ്രവാസികൾ

കൊറോണ വ്യാപനത്തിന് പിന്നാലെ ഒമാനില്‍ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്‌മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നു കൊമേഴ്ഷ്യല്‍ മാള്‍ ഉടമകളോടു തൊഴില്‍ മന്ത്രാലയം അറിയിക്കുകയുണ്ടായി. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഒമാനില്‍ 65,173 പ്രവാസികള്‍ തങ്ങളുടെ താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 46,355 പേര്‍ക്ക് നടപടികള്‍ ഒഴിവാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചു. രേഖകള്‍ ശരിയാക്കി താമസം നിയമ വിധേയമാക്കാന്‍ ഒമാന്‍ ഭരണകൂടം പ്രവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് മാര്‍ച്ച് 31ന് അവസാനിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് പ്രവാസികളെ ആശങ്കയിലാഴ്ത്തി ഈ തീരുമാനം പുറത്ത് വരുന്നത്. അന്തിമ തീയ്യതിക്ക് ശേഷം ഇത് സംബന്ധിച്ചുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ ഇളവ് പ്രയോജനപ്പെടുത്തുന്ന പ്രവാസികള്‍ക്ക് 2021 ജൂണ്‍ 30 വരെ രാജ്യം വിടാന്‍ സാവകാശം അനുവദിച്ചിട്ടുണ്ട്.
ഇതുകൂടാതെ നിരവധി പ്രവാസികള്‍ക്ക് ഇപ്പോഴത്തെ ഇളവിന്റെ പ്രയോജനം ലഭിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലിം സൈദ് അല്‍ ബാദി പറഞ്ഞു. www.mol.gov.om എന്ന വെബ്‍സൈറ്റിലൂടെയാണ് ഇതിനായി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. മാര്‍ച്ച് 31ന് ശേഷം ഇതുമായി ബന്ധപ്പെട്ട അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha