പ്രവാസികൾക്കായി ഇന്ത്യയുടെ സമ്മര്‍ദനീക്കം; ഗൾഫ് രാജ്യങ്ങളിലേക്ക് മാസങ്ങളായി തുടരുന്ന യാത്രാവിലക്ക് നീക്കിക്കിട്ടാന്‍ ഇന്ത്യ നയതന്ത്ര സമ്മർദം ശക്തമാക്കി, ഉടൻ തന്നെ യാത്രാവിലക്ക് നീക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

യാത്രാവിലക്കിൽ ഇനിയും ഗുൽ രാഷ്ട്രങ്ങൾ മൗനം പാലിച്ചാൽ പ്രവാസികളുടെ പ്രതിസന്ധി പറഞ്ഞറിയിക്കാൻ പറ്റാത്തതാകും. ഒരു വർഷത്തോളമായി കുവൈറ്റ്, സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വിലക്ക് കല്പിച്ചിട്ട്. യുഎഇ കൃത്യമായ ഒരു ഉത്തരം നൽകാതെ മൗനം പാലിക്കുകയാണ്. ആശങ്കയോടൊപ്പം തന്നെ തികച്ചും ആശയക്കുഴപ്പത്തിലാണ് പ്രവാസികൾ. ഇനിയും കാത്തിരിക്കാനാകാതെ പ്രവാസികൾക്കായി കളത്തിലിറങ്ങി ഇന്ത്യ....
ഗൾഫ് രാജ്യങ്ങളിലേക്ക് മാസങ്ങളായി തുടരുന്ന യാത്രാവിലക്ക് നീക്കിക്കിട്ടാന്‍ ഇന്ത്യ നയതന്ത്ര സമ്മർദം ശക്തമാക്കിയതായി റിപ്പോർട്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം ഗൾഫ് രാജ്യങ്ങളെ അറിയിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംബാസഡർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ച പ്രവാസികളെ ഉടൻ ഗൾഫില്‍ വരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായിരിക്കും.
ഗൾഫിന്‍റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ അംബാസഡർമാരുടെ യോഗം ഓണ്‍ലൈനിൽ വിളിച്ചുചേർത്തത്. മാസങ്ങളായി തുടരുന്ന യാത്രാവിലക്കിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സമ്മർദ നടപടികൾ ഉണ്ടായില്ലെന്ന കടുത്ത ആക്ഷേപം യോഗത്തിൽ ഉയർന്നിരുന്നു.
ആയതിനാൽ തന്നെ അതത് ഗൾഫ് രാജ്യങ്ങളുമായി എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ചർച്ച നടത്താനാണ് കേന്ദ്രസർക്കാർ അംബാസഡർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രാവിലക്ക് പിൻവലിക്കാൻ ഗൾഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിൽ വിജയിക്കും എന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബഗ്ഷി വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധനന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളുമായി ഇതുസംബന്ധിച്ച ആശയവിനിമയം തുടരുന്നതായും മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ വിലക്കുണ്ട്.
അതോടൊപ്പം തന്നെ ഖത്തർ ഒഴികെ മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും മാസങ്ങളായി ഇന്ത്യൻ യാത്രാവിമാനങ്ങൾക്ക് വിലക്കുണ്ട്. ഏതായാലും അധികം വൈകാതെ പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതു രണ്ടാം തവണയാണ് ഗൾഫിലെ ഇന്ത്യൻ അംബാസഡർമാർ യാത്രാവിലക്ക് പ്രതിസന്ധി ചർച്ച ചെയ്യുന്നത്. കഴിഞ്ഞ മാസം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ കുവൈത്ത് പര്യടനവേളയിൽ ഗൾഫ് അംബാസഡർമാർ യോഗം ചേർന്ന് യാത്രാവിലക്ക് പ്രശ്നം ചർച്ച ചെയ്തിരുന്നു. ഈ അവസാനഘട്ടത്തിലും പ്രതീക്ഷ കൈവിടാതെ പ്രവാസികൾ കാത്തിരിക്കുകയാണ്. ഇനി കേന്ദ്രം കനിഞ്ഞാൽ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളു. ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രം.
https://www.facebook.com/Malayalivartha


























