സൗദിയിൽ പ്രവാസികളെ കാത്തിരിക്കുന്നത്; നട്ടം തിരിയുന്ന സൗദി പ്രവാസികളുടെ യാത്രാദുരിതങ്ങൾ നാൾക്കുനാൾ വർധിക്കുന്നു, അവധിക്ക് നാട്ടിലെത്തിയവർക്കും സന്ദർശക വീസയിലെ പുതിയ വീസയിലോ സൗദിയിലേക്ക് വരുന്നവർക്കും നേരിട്ട് ഇവിടെ ഇറങ്ങാൻ ഇതുവരെയും വഴി ഉരുവായിട്ടില്ല

മാസങ്ങളോളമായി പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിൽ എത്തിച്ചേരാൻ കാത്തിരിക്കുകയാണ്. പ്രത്യേകിച്ച് സൗദിയിലേക്ക്. മാസങ്ങളോളമായുള്ള കാത്തിരിപ്പ് പ്രവാസികൾക്ക് നൽകുന്നത് കടുത്ത മാനസിക പ്രതിസന്ധിയാണ്. ജോലിനഷ്ടപ്പെടുമെന്ന ഭീതിയും ചെറുതൊന്നുമല്ല.എന്നാൽ പ്രതിസന്ധികളെല്ലാം മറികടന്ന് എത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നാണ്...
കോവിഡ് വ്യാപനത്തെ തുടർന്ന് ആദ്യ ഘട്ടത്തിൽ റദ്ദ് ചെയ്ത ഇന്ത്യ-സൗദി വിമാനങ്ങൾ ഇതുവരെയും പുനഃസ്ഥാപിക്കാത്തത് മൂലം തിരിച്ച് എത്തിച്ചേരാനാകാതെ നട്ടം തിരിയുന്ന സൗദി പ്രവാസികളുടെ യാത്രാദുരിതങ്ങൾ നാൾക്കുനാൾ വർധിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയവർക്കും സന്ദർശക വീസയിലെ പുതിയ വീസയിലോ സൗദിയിലേക്ക് വരുന്നവർക്കും നേരിട്ട് ഇവിടെ ഇറങ്ങാൻ ഇതുവരെയും വഴി ഉരുവായിട്ടില്ല. കോവിഡ് കണക്കുകളുടെ വർധനവും വ്യാപനവും ശക്തമായതായിനെ തുടർന്ന് അതാത് രാജ്യങ്ങൾ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന നിയന്ത്രണങ്ങളെ ആർക്കും തന്നെ ചോദ്യം ചെയ്യാൻ കഴിയില്ല.
എന്നാൽ അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനേഷൻ രണ്ടും ഡോസും സ്വീകരിക്കുകയും 72 മണിക്കൂറിനകം എടുത്ത നെഗറ്റിവ് പരിശോധനാഫലം കൈവശം കരുതുകയും ചെയ്താൽ പോലും ഇന്ത്യക്കാരെ നേരിട്ട് ഇറങ്ങാൻ സൗദി അനുവദിക്കുന്നില്ല എന്നത് അത്യന്തം ദുരിതം തന്നെയാണ്. ഇത് പ്രവാസികൾക്ക് നേരെ ഇന്ത്യ പുലർത്തുന്ന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായും തികഞ്ഞ നയതന്ത്ര പരാജയവും ആയാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. റിയാദിലെ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി നിരന്തരം നടത്തുന്ന ചർച്ചകളുടെ വാർത്തകൾ പുറത്ത് വരുന്നുവെങ്കിലും ഇതുവരെയും പ്രവാസിയുടെ യാത്രദുരിതങ്ങൾക്ക് അറുതി ആയിട്ടില്ല.
ഇനി സ്വന്തം റിസ്കിൽ തന്നെ അധിക പണം മുടക്കി ഇന്ത്യയിൽ നിന്ന് പുറത്ത് കടന്നതിന് ശേഷം മറ്റേതെങ്കിലും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങി സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് മുമ്പിലും കടമ്പകൾ ഏറെ ഉണ്ട്. വാക്‌സിനേഷൻ സ്വീകരിക്കാതെയാണ് വരുന്നതെങ്കിലും നേരത്തേ ചിലവിട്ട 14 ദിവസത്തിന് പുറമെ സൗദിക്കകത്ത് വേറെ ഒരു ഏഴു ദിവസത്തെ ഹോട്ടൽ ക്വറന്റീനിൽ കൂടി കഴിയണം എന്നതാണ് മറ്റൊരു വ്യവസ്ഥ. ഇത് യാത്രികർക്ക് സ്വയം തിരഞ്ഞെടുക്കാൻ സാധിക്കുന്നതല്ല. സർക്കാർ അംഗീകൃത കേന്ദ്രങ്ങൾ അവർ മുന്നോട്ട് വെക്കുന്ന നിലവാരത്തിനനുസരിച്ചുള്ള നിരക്ക് നൽകിവേണം ഇങ്ങനെ ക്വാറന്റീനിൽ കഴിയേണ്ടത്. സൗദിയിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസവും അടച്ചിരിപ്പ് അവസാനിക്കുന്ന ദിവസവും പിസിആർ ടെസ്റ്റ് നിർബന്ധവുമാണ്. ഈ പരിശോധനയുടെ ഫലം പോസിറ്റീവ് അയാൾ ഹോട്ടൽ വാസം വീണ്ടും 10 ദിവസം കൂടുകയും ചെയ്യും.
സൗദിയിൽ അംഗീകരിച്ച നാല് വാക്സീനുകളിൽ കോവിഷീൽഡ് എന്ന പേരിലുള്ള ഓക്സ്ഫോഡ് അസ്‌ട്രാസെനിക്ക മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്നത്. കോവിഷീൽഡ് രണ്ട് ഡോസും സ്വീകരിച്ചാൽ ഇന്ത്യ വിട്ട് 14 ദിവസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കാം എന്ന ആശ്വാസം ഉപയോഗപ്പെടുത്താൻ തുനിയുന്നവരെ കാത്തിരിക്കുന്നത് മറ്റൊന്നാണ്. വാക്സിനേഷൻ സ്വീകരിച്ചാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിനെ ചൊല്ലിയാണത്. ഒന്ന് ഇന്ത്യ വ്യക്തിഗത തിരിച്ചറിയൽ രേഖയായി അംഗീകരിച്ച ആധാർ കാർഡ് മാത്രം രേഖപ്പെടുത്തിയാൽ രാജ്യാന്തര യാത്രക്ക് ആ കടലാസ് കൊണ്ട് ഒരു ഗുണവും ഇല്ല എന്നത് തന്നെയാണ്. ഇങ്ങനെ ആധാർ രേഖപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റുകളിൽ പാസ്പോർട്ട് നമ്പർ ചേർത്ത് കിട്ടാനുള്ള ഓട്ടം ഒരു ഭാഗത്ത് നടക്കുമ്പോൾ വാക്സിനേഷന്റെ പേരിനെ ചൊല്ലിയും ബാച്ച് നമ്പറിനെ ചൊല്ലിയും ഉള്ള പൊല്ലാപ്പുകൾ മറുഭാഗത്തും നടന്നുവരുകയാണ്.
https://www.facebook.com/Malayalivartha


























