ഇന്ത്യക്കാരുടെ വിസ കാലാവധി ആറു മാസത്തേക്ക് നീട്ടി ദുബായ്; ഉടൻ തന്നെ നേരിട്ട് പ്രവേശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ പ്രവാസികൾ
വിസിറ്റ് വിസ ഉൾപ്പെടെയുള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി നൽകി യുഎഇ പ്രവാസികളുടെ കയ്യടി നേടിയിരിക്കുകയാണ്. നേരിട്ട് ഇന്ത്യക്കാർക്ക് പ്രവേശനം ഇല്ലെങ്കിലും ട്രാൻസിറ്റ് യാത്രയിലൂടെ എത്തിച്ചേരാം എന്നത് ഏറെ ആശ്വാസം തന്നെയാകുന്നു. കൂടാതെ ഉടൻ തന്നെ നേരിട്ട് പ്രവേശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ പ്രവാസികൾ കാത്തിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ പ്രവാസികൾക്ക് ഏറെ നിർണായകമായ വാർത്തയാണ് പുറത്ത് വരുന്നത്....
യാത്രാ വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസാ കാലാവധി ആറു മാസത്തേക്ക് നീട്ടി നല്‍കാന്‍ ദുബായ് അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യക്കാരുടെ റസിഡന്‍സ് വിസാ കാലാവധി നീട്ടാനാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് തീരുമാനിച്ചിരിക്കുന്നത്. ഫ്ളൈ ദുബായ് തങ്ങളുടെ വെബ്സൈറ്റിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതുപ്രകാരം 2021 നവംബര്‍ 10 വരെ ദുബായ് വിസയ്ക്ക് കാലാവധി ഉണ്ടായിരിക്കുന്നതാണ്. 2021 ഏപ്രില്‍ 10നു ശേഷം കാലാവധി കഴിഞ്ഞ ദുബായില്‍ ഇഷ്യൂ ചെയ്ത വിസകളുടെ കാലാവധിയാണ് ഇത്തരത്തിൽ നീട്ടിനല്‍കുക. വിസ കാലാവധി കഴിഞ്ഞുവെങ്കിലും ഇവര്‍ക്ക് നവംബര്‍ 10നു മുമ്പായി ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കില്ല. ഇങ്ങിനെ കാലാവധി തീര്‍ന്ന വിസയുമായി ദുബായിലെത്തുന്നവര്‍ക്ക് വിസ പുതുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായി 30 ദിവസത്തെ ഗ്രേസ് കാലാവധി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
കൂടാതെ വിമാന വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാവുന്ന തീരുമാനമാണ് ഇതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേസമയം, 2020 ഒക്ടോബര്‍ 20ന് മുമ്പ് യുഎഇ വിടുകയും ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങുകയും ചെയ്തവരുടെ വിസാ കാലാവധി നീട്ടിനല്‍കില്ലെന്നും ഫ്ളൈ ദുബായ് അറിയിക്കുകയുണ്ടായി.
ദുബായ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നാട്ടിലായിരിക്കെ സ്‌പോണ്‍സറുടെ നിര്‍ദ്ദേശ പ്രകാരം വിസ കാന്‍സല്‍ ചെയ്യപ്പെട്ടവര്‍ക്ക് കാലാവധി നീട്ടി നല്‍കുന്ന ഈ ആനുകൂല്യം ബാധകമാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























