നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം; കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ത്യ-കുവൈത്ത് വിമാനസർവീസ് ആരംഭിക്കുന്നു; യാത്രയുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം...കാത്തിരിപ്പുകൾക്ക് വിരാമമിട്ട്ഇന്ത്യ-കുവൈത്ത് വിമാനസർവീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കുകയാണ്...ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആണ് പുനരാരംഭിക്കുന്നത് . ഇന്ത്യയിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്നത് രണ്ട് വിമാനങ്ങളാണ്.
കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കുകയാണ്. വിമാനസർവീസുകൾ തുടങ്ങുവാനുള്ള അനുവാദം ചൊവ്വാഴ്ചയായിരുന്നു ലഭ്യമായി തുടങ്ങിയത്.കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രയുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദേശങ്ങളും അറിയിച്ചിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കുവൈത്തിന് അകത്തുനിന്നും പുറത്തുനിന്നും വാക്സിൻ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം സജ്ജമാക്കിയിരിക്കുന്നത്.
72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കരുതേണ്ടത് ആരൊക്കെയെന്ന് നോക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ സ്വദേശികൾ, സാധുവായ താമസരേഖയുള്ള വിദേശികൾ, വാക്സിനെടുത്ത പുതിയ വിസയിലുള്ളവരുമാണ് അത് കരുതേണ്ടത് .
ശ്ലോനിക് ആപ്പിൽ രജിസ്‌ട്രേഷൻ കഴിഞ്ഞവർക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റീനുണ്ട് . മൂന്നുദിവസത്തിനുശേഷം കോവിഡ് പരിശോധന നടത്തുമ്പോൾ നെഗറ്റീവായാൽ ക്വാറന്റീൻ മതിയാ ക്കാവുന്നതാണ്.
വാക്സിനേഷൻ സ്വീകരിക്കാത്ത പ്രത്യേക ഇളവ് ലഭിച്ചവർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കൈയ്യിൽ കരുതുന്നതിനോടൊപ്പം ശ്ലോനിക് ആപ്പിൽ രജിസ്റ്റർചെയ്യുകയും വേണം. മാത്രമല്ല ഇങ്ങനെയുള്ളവർ ഏഴുദിവസത്തെ ഹോട്ടൽ ക്വാറന്റീൻ, അതിനുശേഷം ഏഴുദിവസത്തെ ഹോം ക്വാറന്റീൻ എന്നിവ കൃത്യമായി പാലിക്കണം.
കുവൈത്തിലെത്തി 24 മണിക്കൂറിനകം ആദ്യ പി.സി.ആർ പരിശോധന, ആറാംദിവസം രണ്ടാമത്തെ പി.സി.ആർ പരിശോധന എന്നിവ നടത്തണം. കുവൈത്ത് മുസാഫിർ ആപ്പിലൂടെ ഇവയുടെ ചെലവ് കുവൈത്തിൽ എത്തുന്നതിന് മുമ്പായി അടയ്ക്കണം.
എന്നാൽ ഗാർഹികവിസയിൽ എത്തുന്നവർ ബിൽസലാമ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും മറ്റു യാത്രാനിബന്ധനകൾ പൂർത്തിയാക്കുകയും ചെയ്യണം.
കുവൈത്തിൽനിന്ന് വാക്സിൻ സ്വീകരിച്ച് നാട്ടിലേക്ക് പോയവർ കുവൈത്ത് ഇമ്യൂൺ ആപ്പിലും മൊബൈൽ ഐ.ഡി. ആപ്പിലും സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം.
വിദേശത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് പേപ്പർ രൂപത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവയിൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ പേര്, സ്വീകരിച്ച വാക്‌സിന്റെ പേര്, തീയതികൾ, വാക്സിൻ സ്വീകരിച്ച സ്ഥലം, മുതലായ വിവരങ്ങൾ അടങ്ങിയിരിക്കണം.
ഇവ സ്കാൻ ചെയ്താൽ ഇതേ വിവരങ്ങൾ ലഭിക്കുന്ന ക്യൂ.ആർ. കോഡും സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം. ക്യൂ.ആർ. കോഡ് റീഡ് ചെയ്യപ്പെടാത്ത സാഹചര്യം നേരിടുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ഇവയ്ക്ക് അംഗീകാരം നേടിയെടുക്കുകയും വേണം.
ഇന്ത്യയിൽനിന്ന് കുവൈത്തിലെത്തുന്നവർ അംഗീകൃത വാക്സിനുകളായ ഫൈസർ, ആസ്ട്രസെനക (കോവിഷീൽഡ്), മോഡേണ എന്നിവ രണ്ടുഡോസും ജോൺസൻ ആൻഡ് ജോൺസൺ ഒരു ഡോസും പൂർത്തിയാക്കിയിരിക്കണം.
കുവൈത്ത് അംഗീകൃതമല്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് എന്നിവ സ്വീകരിച്ചവർ ഇതിനുപുറമേ കുവൈത്ത് അംഗീകൃത വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണം.
https://www.facebook.com/Malayalivartha



























