കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമെടുക്കണം;കേന്ദ്ര സർക്കാറിന് നിർദേശം നൽകി ഹൈകോടതി; പ്രതീക്ഷയോടെ പ്രവാസലോകം

കോവിഡ് പ്രതിസന്ധി സാധാരണക്കാർക്ക് നിരവധി കഷ്ടപ്പാടുകളും നഷ്ടങ്ങളും നൽകുകയുണ്ടായി. പ്രവാസികളെ സംബന്ധിച്ചും കോവിഡ് വളരെ പ്രതിസന്ധിയുണ്ടാക്കി. ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഹൈക്കോടതി.
കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈകോടതി നിർദേശം നൽകിയിരിക്കുകയാണ്.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹര്‍ജിയിലാണ് കോടതി ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്.
കൊവിഡ് ബാധിച്ച് മരണപ്പെട്ട വിദേശത്ത് മരിച്ച ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി പുറത്തുവിടണം, പ്രവാസികളുടെ കുടുംബത്തിന് സഹായം നൽകണം, വിദേശത്ത് നിന്നും കൊവിഡ് ബാധിച്ച് മരിച്ച രക്ഷിതാക്കളുടെ കുട്ടികൾക്ക് പി.എം കെയർ ഫണ്ടിൽനിന്ന് സാമ്പത്തിക സഹായം നൽകണം എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉയർത്തിയിരിക്കുന്നത്.
സുപ്രീംകോടതി ആദ്യം ഈ തീരുമാനങ്ങൾ നടപ്പിലാക്കാൻ സമയപരിധി കൊടുത്തിരുന്നു. എന്നാൽ ആ സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് വൈകിയ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയിലേക്ക് നീങ്ങിയത്.
ഇന്ത്യക്ക് പുറത്ത് കഴിയുന്ന പൗരന്‍മാര്‍ക്കും സര്‍ക്കാറിന്‍റെ ക്ഷേമ പദ്ധതികളില്‍ അവകാശമുണ്ടെന്ന വാദം ഇവർ ഉയർത്തുന്നുണ്ട്. ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കി നിർത്തുന്നത് ഭരണഘടനയുടെ 14ാം വകുപ്പിന്‍റെ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നു.
കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത് വിഷയത്തിന്‍റെ പ്രാധാന്യം പരിഗണിച്ചാണ്. കേന്ദ്രസർക്കാർ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവാസി ലീഗൽ സെൽ നേതാക്കള്‍ ആവശ്യമുയർത്തുന്നു. ഏതായാലും കേന്ദ്ര സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha



























