ആറ് വരെ ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ സൗദിവൽക്കരണം; സൗദിയിലെ അധ്യാപന മേഖലയില്‍ നിന്ന് പ്രവാസികള്‍ പുറത്താക്കപ്പെടുന്നു;ചങ്കിടിച്ച് പ്രവാസ ലോകം

കോവിഡ് തീർത്ത പ്രതിസന്ധികൾ പ്രവാസലോകം ഇപ്പോഴും നേരിടുന്നു. രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക്, ഗൾഫ് രാഷ്ട്രങ്ങളിലേക്ക് തിരിച്ചു പോകാൻ പറ്റാത്തതും,രോഗത്തിന്റെ മറ്റു അവസ്ഥകളുമൊക്കെ പ്രവാസികൾക്ക് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു. ഇപ്പോൾ ഇതാ മറ്റൊരു പ്രതിസന്ധി അവർ നേരിടുകയാണ്.
സൗദിയിലെ അധ്യാപന മേഖലയില്‍ നിന്ന് പ്രവാസികള്‍ പുറത്താക്കപ്പെടുന്നു എന്നതാണ് ആ വിവരം .സൗദിവല്‍ക്കരണത്തിന്റെ പ്രത്യാഘാതം പ്രവാസികളെ ബാധിക്കുന്നു. ഒന്നു മുതല്‍ ആറ് വരെ ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ സൗദിവൽക്കരണം നടപ്പിലാക്കുകയാണ് സൗദി.
മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വ്യവസ്ഥ പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രൈമറി സ്‌കൂളുകളിലെ അധ്യാപകരില്‍ 90 ശതമാനവും സൗദികള്‍ ആയിരിക്കണം.
ആഗസ്ത് 29ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ സൗദിവൽക്കരണം നടപ്പിലാക്കാനാണ് തീരുമാനം.
മാത്രമല്ല ആണ്‍കുട്ടികള്‍ക്കുള്ള പ്രാഥമിക വിദ്യാലയങ്ങളില്‍ 60 ശതമാനം പേരും സ്വദേശികളായിരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള ഇന്റര്‍നാഷനല്‍ പ്രൈമറി സ്‌കൂളുകളില്‍ സൗദി അധ്യാപകരുടെ നിരക്ക് 80 ശതമാനമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആദ്യഘട്ടത്തില്‍ 8000 സൗദികള്‍ക്ക് പുതുതായി ജോലി നല്‍കാനാണ് സൗദി മന്ത്രാലയത്തിന്റെ നീക്കം. പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരായി അവസരം ലഭിക്കുന്നത് യൂനിവേഴ്‌സിറ്റി, കോളേജ് ബിരുദധാരികളായ സൗദികള്‍ക്കാണ് .
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ 28,000 സൗദി അധ്യാപകര്‍ക്ക് ജോലി കിട്ടുമെന്ന് ശുഭ പ്രതീക്ഷയും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ ഇത്രയും പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
പ്രൈമറി സ്‌കൂള്‍ അധ്യാപകരായി നിയമിക്കപ്പെടുന്ന സൗദി പൗരന്‍മാര്‍ക്ക് 5000 റിയാല്‍ ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥയിൽ പറയുന്നത് . ഒരു ലക്ഷത്തോളം രൂപയുണ്ട് ഇതിൽ. കുറഞ്ഞ ശമ്പളമാണ് നല്‍കുന്നതെങ്കില്‍ സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിന് നിശ്ചയിച്ചു നല്‍കിയ ക്വാട്ടയില്‍ ഇവരുടെ എണ്ണം ഉള്‍പ്പെടുത്തില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
സൗദി വല്‍ക്കരണ നിരക്ക് പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തെ കസ്റ്റമര്‍ കെയര്‍ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ തീരുമാനം നടപ്പില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ഇതിനകം 8000 സൗദികള്‍ക്ക് ഈ മേഖലയില്‍ ജോലി കിട്ടിയതായും മന്ത്രാലയം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha



























