പറക്കാൻ തയ്യാറാകൂ....പുതിയ വീസകൾ റെഡി! പുതിയ വീസകള്‍ സെപ്റ്റംബർ 1 മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്, 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടി

ഗൾഫ് രാഷ്ട്രങ്ങൾ ഭാഗികമായി വിലക്കുകൾ നീക്കി പ്രവാസികൾക്ക് എത്തിച്ചേരാൻ വഴിയൊരുക്കുകയാണ്. മാസങ്ങളോളം നീണ്ടുനിന്ന വിലക്കുകൾ മൂലം പലരുടെയും വിസകൾ അവസാനിക്കുകയും യാത്ര വഴിമുട്ടുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. കൂടാതെ പുതുതായി തൊഴിൽ അന്വേഷിച്ച് ഒമാനിലേക്ക് എത്താനിരിക്കുന്നവർക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്....
പ്രവാസികൾക്ക് സന്തോഷം പകർന്ന് പുതിയ വീസകള്‍ സെപ്റ്റംബർ 1 മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. കൊറോണ വ്യാപനം മൂലം ഒമാൻ പ്രഖ്യാപിച്ചിരുന്ന വിലക്കുകൾ നീക്കുന്ന സാഹചര്യത്തിലാണ് ഏറെ ആശ്വാസം നൽകുന്ന വാർത്ത എത്തുന്നത്. 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടിയതായും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹര്‍തി അറിയിക്കുകയുണ്ടായി. ആയതിനാൽ തന്നെ യാത്ര ചെയ്യാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഇനി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
അതോടൊപ്പം തന്നെ ഒമാന്‍ - യുഎഇ കരാതിര്‍ത്തികള്‍ സെപ്റ്റംബർ ഒന്നു മുതല്‍ തുറക്കമെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രി അറിയിക്കുകയുണ്ടായി. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും പിസിആര്‍ പരിശോധനാ ഫലം ഉള്ളവര്‍ക്കും യാത്ര അനുവദിക്കുന്നതാണ്. ജിസിസി പൗരന്‍മാർക്ക് പിസിആര്‍ പരിശോധനയില്‍ ഇളവ് അനുവദിക്കുന്നത് ചര്‍ച്ച ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒമാനില്‍ വീസ പുതുക്കുന്നതിന് വാക്സീനേഷന്‍ നിര്‍ബന്ധമാണെന്ന് ഡോ. സൈഫ് അല്‍ അബ്രി പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ എങ്കിലും ഇവർ സ്വീകരിച്ചിരിക്കണം. പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി പഠിച്ചുവരികയാണ്. അടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി.
അതേസമയം, അടുത്ത മാസം ഒന്നുമുതൽ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന അനുമതി ലഭിച്ചെങ്കിലും കേരളത്തിൽനിന്ന് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഇതിനോടകം തന്നെ പുറത്ത് വരുകയാണ്.
താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന് പോലും അടുത്ത മാസം ഒരുഭാഗത്തേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക് ഉള്ളത്. അതോടൊപ്പം സെപ്റ്റംബർ 13 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ സീറ്റ് കിട്ടാക്കനിയാണ്. കൊച്ചിയിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തുന്ന ഒമാൻ എയറും കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും സർവീസ് നടത്തുന്ന സലാം എയറും ഉയർന്ന നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. കൂടാതെ ഇവയിലൊന്നും ആദ്യ ആഴ്ചകളിൽ സീറ്റുമില്ല.
ഇന്ത്യയിൽനിന്നുള്ള എല്ലാ സെക്ടറുകളിലെയും നിരക്കുകൾ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. നീണ്ട കാലം ജോലിയും വരുമാനവുമില്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഈ ഉയർന്ന നിരക്ക് വലിയ വലിയ തിരിച്ചടിയാവുകയാണ്. ഇതിനെതിരെ അധികൃതർ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha



























