വിമാനങ്ങള്‍ പറക്കാൻ ഒരുങ്ങിക്കഴിഞ്ഞു; ഇന്ന് മുതൽ കുവൈറ്റിലേക്ക് പറക്കാൻ അവസരം ഒരുങ്ങുന്നു, കുവൈറ്റില്‍ നിന്ന് കുവൈറ്റ് എയര്‍വെയ്‌സും ജസീറ എയര്‍വെയ്‌സുമാണ് സര്‍വീസുകള്‍ നടത്തുക

ഇന്നാണ് ആ ദിനം. പ്രവാസികളുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന്, സപ്തംബര്‍ രണ്ടിന് തുടക്കം കുറിക്കും. പ്രവാസികളുടെ പ്രാർത്ഥന ഫലിച്ചു. നാളുകളായുള്ള ചർച്ചകളും അവസാനിച്ചിരിക്കുകയാണ്. അധികൃതർ നൽകുന്ന നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ട് തന്നെ ഏവർക്കും യാത്ര ചെയ്യാം...
ഇന്ന് മുതൽ കുവൈറ്റിലേക്ക് പറക്കാൻ അവസരം ഒരുങ്ങുകയാണ്. ആഴ്ചയില്‍ 5600 യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇന്ന് മുതൽ ഇന്ത്യ ഉൾപ്പടെ വിലക്കേർപ്പെടുത്തിയ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയത്. ഇന്ത്യയിലെയും കുവൈറ്റിലെയും വിമാന കമ്പനികള്‍ ഈ സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കുന്നതാണ്. കുവൈറ്റില്‍ നിന്ന് കുവൈറ്റ് എയര്‍വെയ്‌സും ജസീറ എയര്‍വെയ്‌സുമാണ് സര്‍വീസുകള്‍ നടത്തുക. 2800 സീറ്റുകള്‍ ഈ രണ്ട് എയര്‍ലൈനുകളും പങ്കിട്ടെടുക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കിടയിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാനിരിക്കുന്നതേയുള്ളൂ.
എന്നാൽ വിമാന സര്‍വീസ് പുനരാരംഭിച്ചാലുടന്‍ കുവൈറ്റിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് വിമാന ടിക്കറ്റ് നിരക്ക്. കൊച്ചി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് ചരിത്രത്തിലെ തന്നെ റെക്കോഡ് ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കിവരുന്നത്. 700 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെയാണ്. അതായത് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ. കുവൈറ്റില്‍ നിന്നുള്ള എയര്‍ലൈനുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് ഏവരെയും അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഇത്രത്തോളം വരില്ലെന്നാണ് ട്രാവല്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്. കുവൈറ്റ് എയര്‍ലൈനുകളുടെ പകുതി നിരക്ക് മാത്രമേ ഇന്ത്യന്‍ കമ്പനികള്‍ ഈടാക്കൂ എന്നാണ് ട്രാവല്‍ ഏജന്‍സികളുടെ പക്ഷം.
അതോടപ്പം തന്നെ ടിക്കറ്റിനുള്ള വന്‍ ഡിമാന്റ് മുതലാക്കാനുള്ള ശ്രമമാണ് എയര്‍ലൈന്‍സുകള്‍ ഇപ്പോൾ നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിലുണ്ടായ വലിയ നഷ്ടം നികത്താനുള്ള വിമാന കമ്പനികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ ടിക്കറ്റിന് തീവില ഈടാക്കാനുള്ള നീക്കം വ്യോമയാന മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഏജന്‍സികള്‍ അഭിപ്രായപ്പെടുകയാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ യാത്ര ചെയ്യാതെ ഏതാനും ദിവസം കാത്തിരിക്കുന്നതാണ് ഉത്തമമെന്ന് അവര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. 18 മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്. ആയതിനാൽ തന്നെ കുറച്ചുനാൾ കാത്തിരിക്കണം എന്നതാണ് ഏവരും അഭിപ്രായപ്പെടുന്നത്.
അതേസമയം ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ലഭിച്ച സീറ്റ് വിഹിതം വീതിച്ചുനല്‍കാന്‍ കുവൈറ്റ് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിനോട് കഴിഞ്ഞ ദിവസം നിര്‍ദേശിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇതുപ്രകാരം കുവൈറ്റിലേക്കുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് വ്യാഴാഴ്ച സര്‍വീസ് നടത്തും. ഒരു ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ഇപ്പോൾ ഈടാക്കിവരുന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രത്യേക എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് പുനഃരാരംഭിക്കുക.
https://www.facebook.com/Malayalivartha



























