വിലക്കുകൾ നീങ്ങിയതോടെ യു.എ.ഇയിലേക്ക് സന്ദർശകരുടെ പ്രവാഹം; എല്ലാ വിസകളും അനുവദിച്ചു, വ്യത്യസ്തത നിർദ്ദേശങ്ങളുമായി എമിറേറ്റുകൾ, ദുബൈ വിമാനത്താവളത്തിലേക്ക് എല്ലാ വിസക്കാരെയും അനുവദിക്കുന്നു, സംശയം ഒഴിയാതെ യാത്രക്കാർ, വിശദവിവരങ്ങൾ ഇങ്ങനെ

വിലക്കുകൾ നീങ്ങിയതോടെ യു.എ.ഇയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ് കാണുവാൻ സാധിക്കുന്നത്. കൂടാതെ യുഎഇ എല്ലാ വിസകളും അനുവദിച്ചുകഴിഞ്ഞു. കടുത്ത നിബന്ധനകൾ ഒഴിവാക്കി കൂടുതൽ ഇളവുകൾ നൽകുകയാണ് അധികൃതർ. മാസങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ഏവരും യാത്രയ്ക്കായി ഒരുങ്ങുകയാണ്. ഇതിനോടകം നിരവധിപേരും എത്തിക്കഴിഞ്ഞു. എന്നാൽ പലരിലും ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ് ഇവർ അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം...
യാത്രക്കാർ കൂടിയതിന് പിന്നാലെ ഇന്ത്യയിലെ പല വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വർധിച്ചിരിക്കുകയാണ്. നിലവിൽ ദുബൈയിലേക്കാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. ദുബൈ വിമാനത്താവളത്തിലേക്ക് എല്ലാ വിസക്കാരെയും അനുവദിക്കുന്നുമുണ്ട്. ഏത് എമിറേറ്റിലേക്കുള്ള യാത്രക്കാർക്കും ദുബൈയിൽ ഇറങ്ങാൻ സാധിക്കുന്നതാണ്. എന്നാൽ വാക്സിനേഷൻ നിർബന്ധമില്ല. ദുബൈയിൽ റസിഡൻറ് വിസയുള്ളവർ ജനറൽ ഡയറക്ടറേറ്റിൻെറയും (ജി.ഡി.ആർ.എഫ്.എ) മറ്റ് എമിറേറ്റുകളിൽ റസിഡൻറ് വിസയുള്ളവർ ഫെഡറൽ അതോറിറ്റിയുടെയും (ഐ.സി.എ) അനുമതി നേടിയിരിക്കണം. സന്ദർശക വിസക്കാർക്ക് അനുമതി നിർബന്ധമില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
കൂടാതെ എല്ലാത്തരം വിസക്കാർക്കും ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീൽഡ് എടുത്തവർക്കും വരാൻ സാധിക്കുന്നതാണ്. സന്ദർശക വിസക്കാരും ഇ - വിസക്കാരും ഐ.സി.എയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. ദുബൈ റസിഡൻറ് വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റിലെ റസിഡൻറ് വിസക്കാർ ഐ.സി.എയുടെയും അനുമതിയും നേടണം എന്നും നിബന്ധനയുണ്ട്.
അബൂദബിയിലേക്കും സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങി. അബൂദബി വിസ എടുത്തവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുക. അബൂദബിയിലെ സന്ദർശക വിസ ഉപയോഗിച്ച് ദുബൈയിലേക്കോ ഷാർജയിലേക്കോ യാത്ര ചെയ്യാൻ സാധിക്കും. ഇവിടെ പത്ത് ദിവസം ക്വാറൻറീനിൽ കഴിഞ്ഞ് അബൂദബിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണ്. റസിഡൻറ് വിസക്കാർക്ക് അബൂദബിയിലേക്ക് നേരിട്ടെത്താം. വാക്സിനേഷൻ നിർബന്ധമില്ല. ഐ.സി.എയുടെ അനുമതി നിർബന്ധമാണ്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് കൊവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം സെപ്റ്റംബർ അഞ്ചു മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഗ്രീൻ ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് 10 ദിവസം ക്വാറന്റീൻ തുടരുകയും ചെയ്യും. ഇവർ ഒമ്പതാമത്തെ ദിവസം പിസിആർ പരിശോധന നടത്തണം.
അതോടൊപ്പം, വാക്‌സിൻ സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്‌സിൻ എടുത്തവരുൾപ്പെടെ എല്ലാവരും അബുദാബിയിൽ എത്തിയ ശേഷം പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. വാക്‌സിൻ എടുത്തവർക്ക് ക്വാറന്റീൻ ഒഴിവാക്കിയെങ്കിലും ഇവർ അബുദാബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും ചെയ്യണം. റസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും പുതിയ നിയമം ബാധകമാണ്.
https://www.facebook.com/Malayalivartha



























